

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ആംആദ്മി- കോണ്‍ഗ്രസ് കൂട്ടുകെട്ട് ഫലം ചെയ്യില്ലെന്നും മുഴുവന്‍ സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി ബാംസുരി സ്വരാജ്. ഡല്‍ഹിയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി കൂടിയാണ് അന്തരിച്ച ബിജെപി നേതാവ് സുഷമാ സ്വരാജിന്റെ മകള്‍ ബാംസുരി.
കോണ്‍ഗ്രസ് -എഎപി കൂട്ടുകെട്ട് സ്വര്‍ത്ഥ താത്പര്യത്തില്‍ അധിഷ്ഠിതമാണെന്നും അത് ബിജെപിയുടെ സാധ്യതകളെ ബാധിക്കില്ലെന്നും ബാംസുരി പറഞ്ഞു. ഇത്തവണ ബിജെപി നാന്നൂറ് സീറ്റുകള്‍ നേടുമെന്നത് യാഥാര്‍ഥ്യമാകുമെന്നും ബാംസുരി പറഞ്ഞു.
കഴിഞ്ഞ പത്തുവര്‍ഷത്തെ വികസനനേട്ടങ്ങളുമായാണ് തങ്ങള്‍ ജനങ്ങളെ സമീപിക്കുന്നത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം മോദി സര്‍ക്കാര്‍ പാലിച്ചു. രാമക്ഷേത്ര നിര്‍മാണം, ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുമെന്ന് പറഞ്ഞത്, നിയമസഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം തുടങ്ങി പ്രകടനപത്രികയിലെ എല്ലാ വാഗ്ദാനങ്ങളും പാലിച്ചതായി ബാംസുരി പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തനിക്ക് ജനങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് സ്വരാജ് പറഞ്ഞു. സുഷമസ്വരാജിനെ പോലെ ഒരമ്മയെ കിട്ടിയത് തന്റെ ഭാഗ്യമാണ്. അവരില്‍ നിന്ന് താന്‍ ഒരുപാട് പാഠങ്ങള്‍ ഉള്‍ക്കൊണ്ടു. തന്റെ ജീവിതത്തിലെ പുതിയ അധ്യായത്തില്‍ അമ്മയുടെ അനുഗ്രഹമുണ്ടെന്ന് താന്‍ വിശ്വസിക്കുന്നു. അവര്‍ക്ക് ജനം നല്‍കിയ വാത്സല്യം തനിക്കും അതേരീതിയില്‍ ലഭിക്കുന്നുവെന്ന് ബാംസുരി പറഞ്ഞു.
അരവിന്ദ് കെജരിവാളിന്റെ സ്വാര്‍ഥ രാഷ്ട്രീയതാത്പര്യം മൂലം കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണ്. അതിനായി നിയമപരമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തുമെന്നും ബാംസുരി പറഞ്ഞു. ഡല്‍ഹിയെ ഒരു സ്റ്റാര്‍ട്ട് അപ്പ് ഹബ്ബാക്കും. അവിടെ സ്ത്രീ ശാക്തീകരണത്തിന് സഹായമാകുന്ന നിലയില്‍ സ്വയം സഹായസംഘങ്ങള്‍ രൂപീകരിക്കും. ഡല്‍ഹിയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്നും ബാംസുരി പറഞ്ഞു.
ബിജെപിയുടെ യുവ സ്ഥാനാര്‍ഥിക്കെതിരെ മണ്ഡലം തിരിച്ചു പിടിക്കുന്നതിനായി മുതിര്‍ന്ന നേതാവും അഭിഭാഷകനുമായ സോംനാഥ് ഭാരതിയെയാണ് ആം ആദ്മി നിയോഗിച്ചിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക അംഗങ്ങളില്‍ പ്രധാനിയാണ് അഭിഭാഷകനായ സോംനാഥ് ഭാരതി. സുപ്രീംകോടതിയിലേയും ഡല്‍ഹി ഹൈക്കോടതിയിലേയും അഭിഭാഷകനായിരുന്നു. മാളവ്യനഗറില്‍ നിന്നു 3 തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. നിയമവകുപ്പ് ഉള്‍പ്പെടെ ഒട്ടേറെ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു.
ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ മീനാക്ഷി ലേഖിയാണ് നിലവിലെ എംപി. കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനെയാണ് 2019ലെ തെരഞ്ഞെടുപ്പില്‍ മീനാക്ഷി ലേഖി പരാജയപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലായിരുന്നു പോരാട്ടം. 55.17 ശതമാനം വോട്ടുകളാണു ബിജെപി നേടിയത്. കോണ്‍ഗ്രസിന് 27.1 ശതമാനം വോട്ടുകള്‍ ലഭിച്ചു. ആം ആദ്മി പാര്‍ട്ടിക്ക് 16.45 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് 27 സ്ഥാനാര്‍ഥികളാണു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ മത്സരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates