ഇപ്പോള്‍ വരുമെന്ന് കരുതി വീട്ടില്‍ കാത്തിരുന്ന് കെജരിവാള്‍; കാണാതെ 'മുങ്ങി'; ബിജെപയില്‍ ലയിച്ചതായി എംപിമാര്‍

ഇടഞ്ഞുനില്‍ക്കുന്നവരുടെ ഭാഗത്തുനിന്ന് ഇത്തരമൊരു തീരുമാനം ഉണ്ടാകുമെന്ന് കെജരിവാള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
Arvind Kejriwal
Arvind Kejriwal
Updated on
1 min read

ന്യൂഡല്‍ഹി; അതൃപ്തി ഉയര്‍ത്തി എഎപി വിടാന്‍ ഒരുങ്ങിയവരെ നേരിട്ട് കാണാമെന്നും അടുത്ത ടേമില്‍ അഞ്ചുപേര്‍ക്ക് വീണ്ടും മല്‍സരിക്കാന്‍ അവസരം നല്‍കാമെന്നും കെജരിവാള്‍ വാഗ്ദാനം ചെയ്തിട്ടും ഫലമുണ്ടായില്ല. നേരിട്ട് കാണാന്‍ കാത്തിരുന്ന കെജരിവാളിനെ കബളിപ്പിച്ച് എംപിമാര്‍ പാര്‍ട്ടി വിടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ ഇടഞ്ഞുനിന്ന അംഗങ്ങളോട് തന്റെ വസതിയിലേക്ക് വരാന്‍ കെജരിവാള്‍ അഭ്യര്‍ഥിച്ചിരുന്നു. പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കാമെന്ന് അറിയിച്ചെങ്കിലും വൈകീട്ടത്തെ ചര്‍ച്ചയ്ക്ക് നില്‍ക്കാതെ എംപിമാര്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ലയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

ഇടഞ്ഞുനില്‍ക്കുന്നവരുടെ ഭാഗത്തുനിന്ന് ഇത്തരമൊരു തീരുമാനം ഉണ്ടാകുമെന്ന് കെജരിവാള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. രാജ്യസഭയിലെ ഡപ്യൂട്ടി ലീഡര്‍ സ്ഥാനത്ത് നിന്നും മാറ്റി അശോക് മിത്തലിനെ പ്രതിഷ്ഠിച്ചതോടെയാണ് രാഘവ് ഛദ്ദ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലെ അസംതൃപ്തരെ കണ്ടെത്തി കൂട്ടത്തോടെ പോകാനുള്ള നീക്കങ്ങളും നടത്തി. എന്നാല്‍ വിശ്വസ്തനായ അശോക് മിത്തലും ബിജെപിയില്‍ പോയി എന്നതാണ് കെജരിവാളിന് കൂടുതല്‍ ക്ഷീണമായത്.

ഒരു വര്‍ഷത്തോളം മിത്തലിന്റെ വസതിയിലായിരുന്നു കെജരിവാള്‍ കുടുംബത്തിനൊപ്പം താമസിച്ചത്. ഇവിടെ നിന്നും ഇന്നലെയാണ് പുതിയ വീട്ടിലേക്ക് മാറിയതും. കെജരിവാള്‍ വീട്ടില്‍ നിന്നിറങ്ങി മണിക്കൂറുകള്‍ക്കകമാണ് അശോക് മിത്തലിന്റെ പാര്‍ട്ടി മാറ്റം.എഎപി വിട്ടെത്തിയ എംപിമാരെ മധുരം നല്‍കിയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ സ്വീകരിച്ചത്. ഛദ്ദയ്ക്ക് പുറമെ അശോക് മിത്തല്‍, സന്ദീപ് പഥക്,ഹര്‍ഭജന്‍ സിഭ്, രജീന്ദര്‍ ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാള്‍ എന്നിവരാണ് എഎപി വിട്ടത്. എഎപിക്ക് മൂല്യച്യുതി വന്നുവെന്നും അടിസ്ഥാന തത്വങ്ങളില്‍ നിന്ന് വ്യതിചലിച്ചുവെന്നും ബിജെപിയില്‍ ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഘവ് ഛദ്ദ ആരോപിച്ചു.

താനും മറ്റ് ആറ് എംപിമാരും പാര്‍ട്ടി വിട്ടത് പേടികൊണ്ടല്ലെന്നും കെജരിവാളിന്റെ നയങ്ങള്‍ കാരണം അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതരായതാണെന്നും അദ്ദേഹം പറഞ്ഞു. രക്തവും വിയര്‍പ്പും ഒഴുക്കി ആം ആദ്മി പാര്‍ട്ടിയെ വളര്‍ത്തിയെടുത്തവരും വലിയ പ്രതീക്ഷകളോടെ പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരുമായ ഓരോ വ്യക്തിയും പാര്‍ട്ടി വിടുകയോ, വിടാന്‍ ഒരുങ്ങിയിരിക്കുകയോ ആണെന്നും ഛദ്ദ പറഞ്ഞു. കെജരിവാളിന് കീഴിലുള്ള ആം ആദ്മി പാര്‍ട്ടി തെറ്റായ ദിശയിലേക്കാണ് പോകുന്നത്. ആര്‍ക്കും ഇനി പാര്‍ട്ടിയുമായി സഹകരിക്കാന്‍ താല്‍പര്യമില്ല.പാര്‍ട്ടി ഇപ്പോള്‍ അഴിമതിക്കാരുടെയും വിട്ടുവീഴ്ചകള്‍ ചെയ്യുന്നവരുടെയും കൈകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ ശീഷ് മഹല്‍ വിവാദം കെജരിവാളിന്റെ പതനത്തിനും നിയമസഭാ തിരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടിയുടെ പരാജയത്തിനും കാരണമായി. വരുംദിവസങ്ങളില്‍ ശീഷ് മഹലിനെക്കുറിച്ച് തെരുവുകളില്‍ ജനങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ പാര്‍ട്ടിയില്‍ ബാക്കിയുള്ള നല്ല പ്രവര്‍ത്തകര്‍ എങ്ങനെ മറുപടി നല്‍കുമെന്നതിനെക്കുറിച്ച് താന്‍ അത്ഭുതപ്പെടുന്നുവെന്നും ആം ആദ്മി പാര്‍ട്ടി ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

AAP faces biggest blow yet as 7 MPs switch to BJP; a look at key departures since 2015

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com