

ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലിനെച്ചൊല്ലി ഇന്ത്യാ സഖ്യത്തിൽ ഭിന്നതയേറുന്നു. ചെന്നൈയിൽ ഡിഎംകെയെ അനുനയിപ്പിക്കാനുള്ള സഖ്യനേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. പിന്നാലെ ബില്ലിനെ അനുകൂലിച്ചേക്കുമെന്ന സൂചന നൽകി ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം). മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള പാർട്ടി ഇക്കാര്യത്തിൽ ഇതുവരെ അന്തിമ നിലപാട് സ്വീകരിച്ചിട്ടില്ല. ലോക്സഭയിലും രാജ്യസഭയിലുമായി മൂന്ന് വീതം അംഗങ്ങളടക്കം ആറ് എംപിമാരാണ് ജെഎംഎമ്മിനുള്ളത്.
ബില്ലിലെ വ്യവസ്ഥകൾ പരിശോധിക്കാൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അധ്യക്ഷതയിൽ ചേർന്ന എംപിമാരുടെ യോഗം ചേർന്നിരുന്നു. എന്നാൽ വിഷയത്തിൽ അന്തിമ തീരുമാനം സ്വീകരിക്കാൻ യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. ലോക്സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കുമ്പോൾ ജാർഖണ്ഡിലെ സീറ്റുകൾ 14ൽ നിന്ന് 21 ആയി ഉയരുമെന്നാണ് കണക്കുകൂട്ടൽ.
ഇതോടൊപ്പം പട്ടികവർഗ സംവരണ സീറ്റുകളും ആനുപാതികമായി വർധിക്കണമെന്നാണ് ജെഎംഎമ്മിന്റെ ആവശ്യം. നിലവിൽ 14 സീറ്റുകളിൽ അഞ്ചെണ്ണമാണ് എസ്.ടി സംവരണ മണ്ഡലങ്ങൾ. സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പായാൽ ബില്ലിനെ പിന്തുണയ്ക്കാനാണ് പാർട്ടി ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates