

ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ ബില്‍ തമിഴ്‌നാടിന് ഗുണകരമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങളെ ബലി കഴിക്കില്ലെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു. ഇന്ത്യ മുന്നണി നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
'മണ്ഡല പുനര്‍നിര്‍ണയ ബില്‍ പരാജയപ്പെട്ടാല്‍ തമിഴ്‌നാടിന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ സംരക്ഷണം പോലും നഷ്ടപ്പെടും. അതിനാല്‍ ബില്ലിനെ പിന്തുണയ്ക്കുക എന്നതാണ് നിലപാട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം തമിഴ്‌നാടാണ് ഒന്നാമത്. മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പാര്‍ട്ടികള്‍ ബദലൊന്നും മുന്നോട്ടുവച്ചിട്ടില്ല'- എം കെ സ്റ്റാലിന്‍ പറഞ്ഞു.
ബില്ലിനെ പരാജയപ്പെടുത്താന്‍ പിന്തുണ തേടി ചെന്നൈയില്‍ എത്തി എംകെ സ്റ്റാലിനുമായി ഇന്ത്യ മുന്നണി നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് മാറ്റമില്ലെന്ന് സ്റ്റാലിന്‍ ഇന്ത്യ മുന്നണി നേതാക്കളെ അറിയിച്ചു. ഇതിന് പിന്നാലെ ഇന്ത്യ മുന്നണി നേതാക്കള്‍ സ്റ്റാലിന്റെ വീട്ടില്‍ നിന്ന് മടങ്ങി.
ബില്ലിനെ പരാജയപ്പെടുത്താന്‍ ഡിഎംകെയുടെ പിന്തുണ തേടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, മുന്‍ അധ്യക്ഷന്മാരായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് ചെന്നൈയിലെത്തിയത്. ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്ന് സ്റ്റാലിന്‍ നേതാക്കളെ അറിയിക്കുകയായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാര്‍, കേരള മുഖ്യമന്ത്രി വിഡി സതീശന്‍, തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി എന്നിവരും ഉന്നതതല സംഘത്തോടൊപ്പമുണ്ടായിരുന്നു.
ഡിഎംകെ ബില്ലിനെ പിന്തുണയ്ക്കാന്‍ കാരണം
ലോക്സഭയില്‍ 22-ഉം രാജ്യസഭയില്‍ എട്ടും എംപിമാരുള്ള ഡിഎംകെ, ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് ശനിയാഴ്ചയാണ് പിന്തുണ പ്രഖ്യാപിച്ചത്. തങ്ങളുടെ രണ്ട് പ്രധാന ആവശ്യങ്ങള്‍ പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത് പാര്‍ട്ടിയുടെ പോരാട്ടത്തിന്റെയും എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെയും വിജയമാണെന്നുമാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ സ്റ്റാലിന്‍ വ്യക്തമാക്കിയത്. ലോക്സഭയിലെ 7.18 ശതമാനം സീറ്റ് വിഹിതം കുറയ്ക്കരുതെന്നും, 1971-ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള സംസ്ഥാനങ്ങളുടെ നിലവിലെ പ്രാതിനിധ്യ അനുപാതം നിലനിര്‍ത്തണമെന്നുമായിരുന്നു ഡിഎംകെയുടെ രണ്ട് പ്രധാന ആവശ്യങ്ങള്‍. ഏപ്രിലില്‍ അവതരിപ്പിച്ച മുന്‍ ബില്ലിനെ ശക്തമായി എതിര്‍ത്തിരുന്ന സ്റ്റാലിന്‍, അന്ന് കറുത്ത വസ്ത്രം ധരിച്ച് ബില്ലിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചിരുന്നു.
തമിഴ്‌നാട്ടിലെ മാറിയ രാഷ്ട്രീയ സാഹചര്യം
2026 ഏപ്രിലില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തമിഴ്‌നാട്ടില്‍ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം വിട്ട കോണ്‍ഗ്രസ്, സി ജോസഫ് വിജയ്യുടെ ടിവികെ സര്‍ക്കാരിന് പിന്തുണ നല്‍കുകയും സഖ്യസര്‍ക്കാരില്‍ പങ്കാളിയാവുകയും ചെയ്തിരുന്നു. അന്നുമുതല്‍ ഇരുപാര്‍ട്ടികളും തമ്മില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മണ്ഡല പുനര്‍നിര്‍ണയ വിഷയത്തില്‍ കോണ്‍ഗ്രസ് മലക്കം മറിഞ്ഞുവെന്ന് ഡിഎംകെ ആരോപിക്കുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates