

ന്യൂഡല്‍ഹി: യൂസര്‍നെയിം സംവിധാനവുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പിന് നോട്ടീസ് നല്‍കിയതിന് പിന്നാലെ മെസേജിങ് പ്ലാറ്റ്‌ഫോമുകളായ ടെലഗ്രാമിനും സിഗ്‌നലിനും കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചതായി സൂചന. യൂസര്‍നെയിം ഫീച്ചറുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഉപയോക്തൃ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളും വിശദീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇരു കമ്പനികളോടും ആവശ്യപ്പെട്ടതായാണ് വിവരം.
ടെലഗ്രാമില്‍ നേരത്തെ തന്നെ യൂസര്‍നെയിം സംവിധാനം നിലവിലുണ്ട്. അതേസമയം, സിഗ്‌നലില്‍ ഈ സൗകര്യം ലഭ്യമാണെങ്കിലും അത് ഉപയോക്താക്കള്‍ക്ക് നിര്‍ബന്ധിതമല്ല. ഫോണ്‍ നമ്പര്‍ സ്വകാര്യമായി സൂക്ഷിക്കാന്‍ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന യൂസര്‍നെയിം സംവിധാനം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, ആള്‍മാറാട്ടം, ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ എന്നിവ വര്‍ധിപ്പിക്കുമെന്ന ആശങ്കയാണ് കേന്ദ്രം ഉയര്‍ത്തുന്നത്. പേരറിയാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം ദുരുപയോഗം ചെയ്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമെന്ന വിലയിരുത്തല്‍ നിലനില്‍ക്കുന്നു.
യൂസര്‍നെയിം ഫീച്ചറിനെക്കുറിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാട്‌സ്ആപ്പിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതുവരെ ഫീച്ചര്‍ അവതരിപ്പിക്കരുതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മെറ്റയുടെ മറുപടിയും സുരക്ഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകളും പരിശോധിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ അന്തിമ നിലപാട് സ്വീകരിക്കുക.
അതേസമയം, ആശങ്കകള്‍ പരിഹരിക്കുന്നതിനായി വിവിധ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് വാട്‌സ്ആപ്പ് അറിയിച്ചു. പൊതുപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവരുടെ പേരുകളും അതിനോട് സാമ്യമുള്ള പേരുകളും മറ്റാര്‍ക്കും ഉപയോഗിക്കാന്‍ കഴിയാത്ത വിധം സംരക്ഷിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്താനും ദുരുപയോഗം തിരിച്ചറിയാനും പ്രത്യേക സംവിധാനങ്ങളുണ്ടെന്നും, പുതിയ അക്കൗണ്ടുകള്‍ക്ക് ഒരേസമയം നിരവധി ആളുകളെ ബന്ധപ്പെടുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മറ്റൊരാളുടെ യൂസര്‍നെയിം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തടയുമെന്നും വാട്‌സ്ആപ്പ് അറിയിച്ചു.
ഇതിനിടെ, പുതിയ നിയന്ത്രണങ്ങളുമായി പൊരുത്തപ്പെടുന്നതിനായി 'അറട്ടൈ' പ്ലാറ്റ്‌ഫോമിലെ യൂസര്‍നെയിം അടിസ്ഥാനമാക്കിയുള്ള അക്കൗണ്ട് സംവിധാനം പിന്‍വലിക്കുമെന്ന് സോഹോ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ശ്രീധര്‍ വെമ്പു അറിയിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലെ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates