അലഹബാദ് : പൊതുസ്ഥലങ്ങള്‍ വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ മതപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രം ഉപയോഗിക്കാനായി അനുവദിക്കാനാകില്ലെന്ന് അലഹാബാദ് ഹൈക്കോടതി. നമസ്‌കാരം ഉള്‍പ്പെടെയുള്ള മതാചാരങ്ങള്‍ പൊതു ഇടങ്ങളില്‍ ഏകപക്ഷീയമായി നടത്തുന്നത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുമെന്നും മറ്റുള്ളവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
പൊതു ഇടത്തില്‍ നിസ്കാരത്തിന് അനുമതി തേടി സംബാല്‍ ജില്ലയിലെ ഇക്കൗണ സ്വദേശിയായ അസിന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ജസ്റ്റിസ് സരള്‍ ശ്രീവാസ്തവ, ജസ്റ്റിസ് ഗരിമ പ്രസാദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്
പൊതുസ്ഥലങ്ങളില്‍ എല്ലാവര്‍ക്കും തുല്യ അവകാശമാണുള്ളത്. അതിനാല്‍ ഒരു വിഭാഗം മാത്രമായി അത് ഉപയോഗിക്കുന്നത് നിയമപരമായി അനുവദനീയമല്ലെന്ന് കോടതി വ്യക്തമാക്കി. മുനസീര്‍ ഖാന്‍ വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് ഉത്തര്‍പ്രദേശ് ആന്‍ഡ് അദേഴ്‌സ് കേസ് ഉള്‍പ്പെടെയുള്ള മുന്‍ വിധികള്‍ പരാമര്‍ശിച്ചുകൊണ്ട്, സ്വകാര്യ സ്ഥലങ്ങളിലെ സത്യസന്ധമായ മതാചാരങ്ങള്‍ക്ക് സംരക്ഷണമുണ്ടെങ്കിലും ഏകപക്ഷീയമായ ഇടപെടലുകള്‍ക്ക് വിധേയമാക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. അത്തരം സംരക്ഷണം പതിവായ സംഘടിത മത പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനിയന്ത്രിത അവകാശമായി വ്യാഖ്യാനിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്വകാര്യ അതിരുകള്‍ക്കപ്പുറത്തേക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുകയും പൊതുക്രമത്തെ ബാധിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍, ഭരണകൂട ഇടപെടല്‍ അനുവദനീയമാകുമെന്നും കോടതി വ്യക്തമാക്കി. മതസ്വാതന്ത്ര്യം പരമമായ സ്വാതന്ത്ര്യമല്ലെന്നും, ക്രമസമാധാനത്തിനും മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കും വിധേയമാണെന്നും ബെഞ്ച് ആവര്‍ത്തിച്ചു.
ഈ കേസില്‍, ഹര്‍ജിക്കാരന്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പാരമ്പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുകയല്ല, മറിച്ച് ഗ്രാമത്തിനകത്തും പുറത്തുമുള്ള പങ്കാളികളെ ഉള്‍പ്പെടുത്തി പതിവായ ഒത്തുചേരലുകള്‍ ആരംഭിക്കാന്‍ ശ്രമിക്കുകയാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ചരിത്രപരമായി, ഈ സ്ഥലത്ത് ഈദ് പോലുള്ള പ്രത്യേക അവസരങ്ങളില്‍ മാത്രമേ നമസ്‌കാരം നടത്തിയിരുന്നുള്ളൂ എന്നും ഈ പരിമിതമായ ആചാരത്തിനപ്പുറമുള്ള ഏതൊരു വിപുലീകരണവും സംരക്ഷിത പ്രവര്‍ത്തനത്തിന്റെ പരിധിക്ക് പുറത്താണെന്നും അതിനാല്‍ നിയന്ത്രണത്തിന് വിധേയമാകുമെന്നും കോടതി നിരീക്ഷിച്ചു. പൊതുഭൂമി അനധികൃതമായി കൈമാറ്റം ചെയ്ത് മതപരമായ കൂട്ടായ്മകള്‍ നടത്താന്‍ ശ്രമിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates