

ലഖ്നൗ: പൊതുപദ്ധതികള്‍ക്കായി ആരാധനാലയങ്ങളുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനു ആരാധനാലയ നിമയം തടസമാകുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി. 1991 ലെ ആരാധനാലയ നിയമം അനുസരിച്ച് ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആരാധനാലയം മറ്റൊരു മതവിഭാഗത്തിലേക്ക് മാറ്റുന്നത് മാത്രമാണ് വിലക്കുന്നത്. പൊതുവായതും മതേതരവുമായ ആവശ്യങ്ങള്‍ക്കായി ഏതെങ്കിലും ആരാധനാലയം ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ പരമാധികാരത്തെ ഇത് തടസ്സപ്പെടുത്തുന്നില്ലെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. കാശി വിശ്വനാഥ് ധാം കോറിഡോര്‍ വികസനത്തിന്റെ ഭാഗമായി വാരാണസിയിലെ ദാല്‍മണ്ഡി പ്രദേശത്ത് നടക്കുന്ന റോഡ് വികസനവും സൗന്ദര്യവല്‍ക്കരണവും തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച റിട്ട് ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ജെ ജെ മുനീര്‍, അരുണ്‍ കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഈ വിധി.
തങ്ങളെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ദാല്‍മണ്ഡി പ്രദേശത്തെ വ്യാപാരികളായ ആറ് ഹര്‍ജിക്കാരാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. പദ്ധതിയുടെ ഭാഗമായി പൊളിച്ചുമാറ്റാന്‍ നിര്‍ദ്ദേശിച്ച പ്രദേശത്തെ ആറ് പുരാതന പള്ളികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. പദ്ധതിയുടെ വിപുലീകരണത്തിനായി നിര്‍ദ്ദേശിച്ചിട്ടുള്ള ഭൂമി ഏറ്റെടുക്കല്‍ ഏകപക്ഷീയവും നിയമവിരുദ്ധവും തങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനവുമാണ്. ഇത് ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടുള്ളതാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. പൊതുതാല്‍പ്പര്യങ്ങള്‍ക്കായി ആരാധനാലയങ്ങളുടെ ഭൂമി ഏറ്റെടുക്കുന്നതില്‍ നിന്ന് 1991-ലെ നിയമം സര്‍ക്കാരിനെ തടയുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഏത് സ്വത്തും ഏറ്റെടുക്കാനുള്ള പരമാധികാരം സര്‍ക്കാരിനുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. കൂടാതെ, 1955-ലെ വഖഫ് നിയമത്തിലെ 51, 91 വകുപ്പുകള്‍ കൃത്യമായ നടപടിക്രമങ്ങള്‍ക്ക് വിധേയമായി ഇത്തരത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.
ഹര്‍ജിക്കാര്‍ വെറും വാടകക്കാര്‍ മാത്രമാണെന്നും പ്രസ്തുത സ്വത്തുക്കളുടെ ഉടമകളല്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. ഭൂമി ഏറ്റെടുക്കല്‍ നടപടിയെ ചോദ്യം ചെയ്യാന്‍ അവര്‍ക്ക് പരിമിതമായ അവകാശം മാത്രമേയുള്ളൂവെന്നും ബെഞ്ച് വ്യക്തമാക്കി. 2013-ലെ നിയമപ്രകാരമുള്ള ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ ആക്ഷേപങ്ങള്‍ ഉന്നയിക്കാനോ വില്‍പ്പനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനോ, അല്ലെങ്കില്‍ ഭൂമി വിട്ടുകൊടുക്കാനോ പ്രാഥമികമായി അവകാശമുള്ളത് അതിന്റെ ഉടമസ്ഥന് മാത്രമാണെന്നും ഹൈക്കോടതി അടിവരയിട്ട് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates