

ന്യൂഡൽഹി: വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ട വിഷയത്തിൽ രാഹുൽ ഗാന്ധിക്ക് മറുപടിയുമായി അമിത് ഷാ. എസ്‌ഐആറിനെ വിമർശിക്കുന്നതിലൂടെ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജനപ്രീതിയെ അപമാനിക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ഗുജറാത്ത് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയത്തിന് പിന്നാലെയാണ് അമിത് ഷാ വിമർശനവുമായി രംഗത്ത് എത്തിയത്.
''അനധികൃത കുടിയേറ്റക്കാരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനാണോ കോൺഗ്രസ് ശ്രമിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കമാണ് എസ്‌ഐആറിനെതിരായ വിമർശനത്തിന് പിന്നിൽ. ഈ തന്ത്രം ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്'' അമിത് ഷാ പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങളെയും അദ്ദേഹം വിമർശിച്ചു. കെട്ടിച്ചമച്ച മാധ്യമ പരിപാടികളിലൂടെയും നുണകളിലൂടെയും ജനങ്ങളുടെ വിശ്വാസം നേടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
''ഗുജറാത്തിൽ 1985നുശേഷം ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് തീവ്ര വോട്ടർപട്ടിക പരിഷ്‌കരണമായ എസ്‌ഐആർ നടപ്പാക്കിയത്. അതിനാൽ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് എസ്‌ഐആറിനെ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല'' അദ്ദേഹം പറഞ്ഞു.
2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് കനത്ത തോൽവി നേരിടേണ്ടിവരുമെന്ന് അമിത് ഷാ വ്യക്തമാക്കി. ബിജെപിക്കും എൻഡിഎയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ജനപിന്തുണയുണ്ടെന്നും തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ രാഹുൽ ഗാന്ധി ആത്മപരിശോധന നടത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates