

ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ നയതന്ത്രതലത്തില്‍ നടപടികള്‍ ശക്തമാക്കിയതിന് പിന്നാലെ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ നേരില്‍ വിളിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യം വിടുന്നതിന് നിശ്ചയിച്ചിരിക്കുന്ന സമയപരിധി കഴിഞ്ഞിട്ടും ഒരു പാകിസ്ഥാനിയും ഇന്ത്യയില്‍ തങ്ങില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പഹല്‍ഗാമില്‍ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഏപ്രില്‍ 27 മുതല്‍ പാക് പൗരന്‍മാരുടെ വിസ റദ്ദാക്കുന്നതായും രാജ്യത്തുള്ള പാകിസ്ഥാന്‍കാര്‍ എത്രയും വേഗം മടങ്ങണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ നേരിട്ട് വിളിച്ച് സമയപരിധി കഴിഞ്ഞിട്ടും ഒരു പാകിസ്ഥാനിയും ഇന്ത്യയില്‍ തങ്ങുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ഓരോ സംസ്ഥാനങ്ങളിലും താമസിക്കുന്ന പാകിസ്ഥാന്‍ പൗരന്മാരെ കണ്ടെത്താനും അവരെ നാടുകടത്താനും മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ, ഇന്ത്യയിലുള്ള എല്ലാ പാക് പൗരന്മാരും നാടുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇന്ത്യയിലെത്താനായി പാക് പൗരന്മാര്‍ക്ക് നല്‍കിയിരുന്ന എല്ലാതരത്തിലുമുള്ള വിസകളും റദ്ദാക്കിയിരിക്കുകയാണ്. ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ പാകിസ്ഥനികള്‍ക്ക് നല്‍കിയ മെഡിക്കല്‍ വിസകളും റദ്ദാക്കി. മെഡിക്കല്‍ വിസയിലെത്തിയവര്‍ ഏപ്രില്‍ 29-നകം രാജ്യം വിടണം. അല്ലാത്തവര്‍ക്ക് 27 വരെ മാത്രമാണ് രാജ്യത്ത് തുടരാനാകുക.
മാത്രമല്ല, വിസയ്ക്കായുള്ള എല്ലാ അപക്ഷകളും നിരസിക്കും. പാകിസ്ഥാനികള്‍ക്കു നല്‍കിയിട്ടുള്ള സാധുതയുള്ള എല്ലാ വിസകളും റദ്ദാക്കിയിട്ടുണ്ട്. വിസ റദ്ദാകുന്ന തീയതിക്കുള്ളില്‍ എല്ലാ പാകിസ്ഥാന്‍ പൗരന്മാരും രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മാത്രമല്ല, പാകിസ്ഥാനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം തിരികെ എത്താനും വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
