

കൊല്‍ക്കത്ത: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പശ്ചിമ ബംഗാളിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചത് കര്‍ഷകന്റെ വീട്ടില്‍ നിന്ന്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിജയ് വാര്‍ഗിയ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷ് എന്നിവരും അദ്ദേഹത്തോടൊപ്പം കര്‍ഷകന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചു. നിലത്ത് ചമ്രം പടിഞ്ഞിരുന്നാണ് അമിത് ഷാ അടക്കമുള്ളവര്‍ ഭക്ഷണം കഴിച്ചത്.
കിഴക്കന്‍ മിഡ്‌നാപുരിലുള്ള ബലിജുരി ഗ്രാമത്തിലുള്ള സനാതന്‍ സിങ് എന്ന കര്‍ഷകന്റെ വീട്ടിലായിരുന്നു അമിത് ഷാ അടക്കമുള്ളവര്‍ക്ക് ഉച്ച ഭക്ഷണം തയ്യാറാക്കിയത്. മിഡ്‌നാപുരില്‍ ബിജെപി റാലിയില്‍ അമിത് ഷാ പങ്കെടുക്കുന്നുണ്ട്. ഇതിനായി എത്തിയപ്പോഴായിരുന്നു കര്‍ഷകന്റെ വീട്ടില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ചത്.
ക്ലബ് അംഗങ്ങളില്‍ ചിലരാണ് അമിത് ഷാ അടക്കമുള്ളവര്‍ ഉച്ച ഭക്ഷണത്തിനെത്തുന്ന കാര്യം വിളിച്ച് അറിയിച്ചതെന്ന് സനാതന്‍ സിങ് പറഞ്ഞു. 'അത് കേട്ടപ്പോള്‍ സന്തോഷമായി. ജീവിതത്തില്‍ ഇങ്ങനെയൊരു അവസരം ഉണ്ടാകുമെന്ന് കരുതിയിരുന്നതേയില്ല. ഞാന്‍ ഒരു പാവപ്പെട്ട കര്‍ഷകമാണ്. അതുകൊണ്ടു തന്നെ വിഭവ സമൃദ്ധമായി ഭക്ഷണം കൊടുക്കാനുള്ള സാമ്പത്തിക നിലയിലുള്ള ആളല്ല. എങ്കിലും ചോറും പരിപ്പുമാണ് അദ്ദേഹത്തിന് നല്‍കിയത്'- സനാതന്‍ പറഞ്ഞു.
രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്താനുള്ള ശ്രമങ്ങളുണ്ടാകണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. വിശിഷ്ടനായ ഒരു വ്യക്തിയെ വീട്ടിലെത്തിക്കാന്‍ സാധിച്ചതില്‍ സന്തുഷ്ടനാണ്. കഴിഞ്ഞ 50 വര്‍ഷമായി ബിജെപി പ്രസ്ഥാനവുമായി അടുത്ത് ബന്ധമുള്ള വ്യക്തിയാണ് താന്നെന്നും സനാതന്‍ വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ കര്‍ഷകര്‍ കഴിഞ്ഞ രണ്ട് ആഴ്ചയായി സമരം ചെയ്യുകയാണ്. അതിനിടെയാണ് അമിത് ഷാ ഒരു കര്‍ഷകന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചത്. സമരം ശക്തമായി തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ പുതിയ കാര്‍ഷിക നിയമം സംബന്ധിച്ച് രാജ്യ വ്യാപകമായി വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates