

ഗാന്ധിനഗർ: മനുഷ്യരെപ്പോലെ ശാരീരികവും മാനസികവുമായ വേദന ഗ്രഹിക്കാൻ മൃഗങ്ങൾക്കും ശേഷിയുണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി. തങ്ങൾക്കു നേരെയുണ്ടാകുന്ന ശാരീരിക പീഡനത്തിന്റെ തീവ്രത മനുഷ്യരെപ്പോലെ മൃഗങ്ങൾക്കും അനുഭവിക്കാൻ കഴിയുമെന്നും കോടതി ചൂണ്ടിക്കാട്ടി. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരം അറസ്റ്റിലായ പ്രതിയുടെ ജാമ്യാപേക്ഷ നിരസിച്ചു കൊണ്ട് ജസ്റ്റിസ് ബേല എം ത്രിവേദിയുടെ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമത്തിന്റെ വകുപ്പുകൾ, മൃഗ സംരക്ഷണ നിയമത്തിന്റെ വകുപ്പുകൾ എന്നിവ പ്രകാരം കുറ്റം ചുമത്തിയ കേസ് പരിഗണിക്കവേയാണ് ബെഞ്ചിന്റെ നിരീക്ഷണം. ക്രൂരമായി പെരുമാറുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനാണ് മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമം, മൃഗസംരക്ഷണ നിയമം എന്നിവ നിർമിച്ചിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
2020 മാർച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 15 പശുക്കളേയും ഏഴ് കന്നുക്കുട്ടികളേയും കാലുകളും കഴുത്തും ബന്ധിച്ച് നിഷ്ഠൂരമായ വിധത്തിൽ കടത്തിയ ട്രക്ക് കേസിലെ പരാതിക്കാരനും പൊലീസ് കോൺസ്റ്റബിളുമായ നിതേഷ്ഭായിയും സഹപ്രവർത്തകരും തടഞ്ഞു നിർത്തുകയായിരുന്നു. വാഹനത്തിൽ മൃഗങ്ങൾക്ക് വെള്ളത്തിനോ ഭക്ഷണത്തിനോ ഉള്ള സൗകര്യവും ഒരുക്കിയിരുന്നില്ല.
ട്രക്കിന്റെ ഉടമ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. കേസന്വേഷണത്തിനിടെ സമാനമായ മറ്റൊരു കേസിലും ഇയാൾ പ്രതി ചേർക്കപ്പെട്ടിരുന്നു. കാലികളെ വാങ്ങുകയും വിൽക്കുകയും പ്രവൃത്തിയിലാണ് താനേർപ്പെട്ടിരിക്കുന്നതെന്നും മൃഗങ്ങളുടെ കശാപ്പിൽ തനിക്ക് പങ്കില്ലെന്നും പ്രതി ജാമ്യാപേക്ഷയിൽ പറഞ്ഞു. തന്റെ മേൽ ചുമത്തിയ സമാന കേസ് വ്യാജമാണെന്നും പ്രതി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates