പാകിസ്ഥാന്‍ തെമ്മാടി രാഷ്ട്രം, ആണവായുധങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഏറ്റെടുക്കണം: രാജ്‌നാഥ് സിങ്

ഭീകരവാദത്തിനെതിരെ ഏതറ്റം വരെയും ഇന്ത്യ പോകും
Defence Minister Rajnath Singh
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പിടിഐ
Updated on
1 min read

ശ്രീനഗര്‍: ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരതയ്‌ക്കെതിരായ ശക്തമായ നടപടിയായിരുന്നെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഭീകരവാദത്തിനെതിരെ ഏതറ്റം വരെയും ഇന്ത്യ പോകും. ഭീകരര്‍ക്ക് അഭയം നല്‍കുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കണം. ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യത്തോടുള്ള പ്രതിബദ്ധതയായിരുന്നുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ജമ്മു കശ്മീരില്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര പ്രതിരോധമന്ത്രി ബദാഗിബാഗ് കന്റോണ്‍മെന്റില്‍ സംസാരിക്കുകയായിരുന്നു.

പാകിസ്ഥാന്റെ ആണവായുധങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ മേല്‍നോട്ടത്തിലേക്ക് മാറ്റണമെന്ന് രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. ഇത്രയും ഉത്തരവാദിത്തമില്ലാത്തതും തെമ്മാടിയുമായ ഒരു രാജ്യത്തിന്റെ കൈകളില്‍ ആണവായുധങ്ങള്‍ സുരക്ഷിതമാണോ എന്ന് ലോകരാജ്യങ്ങളോട് ചോദിക്കുകയാണ്. അതിനാല്‍ പാകിസ്ഥാനിലെ ആണവായുധങ്ങളുടെ സൂക്ഷിപ്പു ചുമതല അന്താരാഷ്ട്ര ആറ്റമിക് എനര്‍ജി ഏജന്‍സി ഏറ്റെടുക്കണമെന്ന് കേന്ദ്രപ്രതിരോധമന്ത്രി ആവശ്യപ്പെട്ടു.

പഹല്‍ഗാം ആക്രമണത്തിനുശേഷം, പാകിസ്ഥാനോടും തീവ്രവാദികളോടും ജമ്മു കശ്മീരിലെ ജനങ്ങള്‍ കടുത്ത രോഷമാണ് പ്രകടിപ്പിച്ചത്. കശ്മീരിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുകയാണ്. പാകിസ്ഥാന്‍ ഉയര്‍ത്തിയ ആണവ ഭീഷണി പോലും കണക്കിലെടുക്കാതെയാണ്, ഇന്ത്യ ഭീകരവാദികള്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തിയത്. അതിര്‍ത്തിക്കപ്പുറത്തുള്ള പാകിസ്ഥാനിലെ ഭീകര താവളങ്ങളും ബങ്കറുകളും സൈന്യം നശിപ്പിച്ച രീതി, ശത്രുവിന് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് കരുതുന്നുവെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.

ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ ഉണ്ടായശേഷം ആദ്യമായി കശ്മീരിലെത്തിയ രാജ്‌നാഥ് സിങ്, കരസേനയുടെ 15 കോര്‍പ്‌സ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് സന്ദര്‍ശിക്കുകയും സൈനികരുമായി സംസാരിക്കുകയും ചെയ്തു. പ്രതികൂല കാലാവസ്ഥയിലും രാജ്യത്തിന്റെ സുരക്ഷയ്ക്കായി സേവനം അനുഷ്ഠിക്കുന്ന എല്ലാ സൈനികരെയും അഭിനന്ദിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സൈനികസേവനത്തിനിടെ മരിച്ച സൈനികര്‍ക്ക് രാജ്‌നാഥ് സിങ് ആദരാഞ്ജലി അര്‍പ്പിച്ചു. കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി രാജ്‌നാഥ് സിങ്ങിനെ സ്വീകരിച്ചു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും രാജ്‌നാഥിനെ അനുഗമിച്ചിരുന്നു.

പഹല്‍ഗാം ഭീകരര്‍ക്ക് മുഖ്യസഹായം നല്‍കിയ ആളെ വധിച്ചു

അതിനിടെ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലില്‍ വധിച്ച ആസിഫ് ഷെയ്ഖ് പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരര്‍ക്ക് മുഖ്യ സഹായം നല്‍കിയ ആളാണെന്ന് സുരക്ഷാസേന അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം, ഭീകരര്‍ക്ക് പ്രാദേശികമായി സഹായം നല്‍കിയ 14 ഓളം പേരുടെ പേരുകള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സുരക്ഷാസേനയ്ക്ക് കൈമാറിയിരുന്നു. ഇതില്‍ പ്രധാനിയാണ് കശ്മീര്‍ സ്വദേശിയായ ആസിഫ് ഷെയ്ഖ്. വര്‍ഷങ്ങളായി ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇയാള്‍, പ്രദേശത്ത് നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നതായാണ് സൈന്യം വ്യക്തമാക്കുന്നത്. ത്രാലിലുണ്ടായ ഏറ്റുമുട്ടലില്‍ കശ്മീര്‍ സ്വദേശികളായ ആസിഫ് ഷെയ്ഖ്, അമീര്‍ നാസിര്‍ വാനി, യാവാര്‍ അഹമ്മദ് ഭട്ട് എന്നീ ഭീകരരാണ് കൊല്ലപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com