

ലഖ്‌നൗ: അയോധ്യയിലെ ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ സിഇഒ സ്ഥാനത്തേക്കുള്ള അഭിമുഖത്തിന് എത്തിയ ഉദ്യോഗാര്‍ഥികളോട് അവരുടെ മതപരമായ ആചാരങ്ങള്‍, ഭക്ഷണ പാനീയ ശീലങ്ങള്‍, രാമക്ഷേത്രത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തുടങ്ങിയ വിവരങ്ങള്‍ തേടിയതായി റിപ്പോര്‍ട്ടുകള്‍. 5,200 അപേക്ഷകളില്‍നിന്ന് യോഗ്യരായ 18 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു. ഇവരുമായി അഭിമുഖവും നടത്തിയിരുന്നു.
അഭിമുഖത്തിന് മുന്‍പായി ഗൂഗിള്‍ ഫോമില്‍ അവരുടെ മതപരമായ ആചാരങ്ങള്‍, ഭക്ഷണപാനീയ ശീലങ്ങള്‍, ഹിന്ദുമതത്തിലെ ആചാരങ്ങള്‍, രാമക്ഷേത്രത്തെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് എന്നിവ സംബന്ധിച്ച 34 വിവരങ്ങളാണ് ഗൂഗിള്‍ ഫോമില്‍ ചോദിച്ചിരുന്നത്. ചുരുക്കപ്പട്ടികയില്‍ ഉള്ളവരുമായി നേരത്തെ ഒരു ഓണ്‍ലൈന്‍ അഭിമുഖവും നടത്തിയിരുന്നു.
ചൊവ്വാഴ്ച നാല് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എട്ട് പേരാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. നിങ്ങള്‍ സസ്യാഹാരിയാണോ?, മദ്യം കഴിക്കാറുണ്ടോ?, ഹിന്ദു മതമനുസരിച്ച് വസ്ത്രം ധരിക്കുന്ന ആളാണോ? പൂണൂല്‍ ധരിക്കുന്ന ആളാണോ?, ഉറച്ച ഹിന്ദുമത വിശ്വാസിയാണോ, മദ്യം കഴിക്കുമോയെന്ന വിവരങ്ങളും ഗൂഗിള്‍ ഫോമില്‍ രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു.
ക്ഷേത്രത്തില്‍ സംഭാവന തട്ടിപ്പ് ആരോപണം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഭരണനിര്‍വഹണം കൂടുതല്‍ ശക്തമാക്കാന്‍ സിഇഒയെ നിയമിക്കുന്നത്. മുന്‍ ജസ്റ്റിസ് പ്രമോദ് കോഹ്ലി, റിട്ട. ലഫ്റ്റനന്റ് ജനറല്‍ വിഷ്ണുകാന്ത് ചതുര്‍വേദി, ഷിര്‍ദി സായിബാബ ട്രസ്റ്റ് മുന്‍ ചെയര്‍മാനും ശാസ്ത്രജ്ഞനുമായ സുരേഷ് ഹവാരെ എന്നിവരടങ്ങിയ പാനലാണ് ഉദ്യോഗാര്‍ഥികളെ അഭിമുഖം ചെയ്യുന്നത്. മികച്ച ഭരണപരിചയമുള്ള വ്യക്തികള്‍ക്കായിരിക്കും മുന്‍ഗണന.
ജൂണ്‍ ആദ്യവാരത്തിലാണ് ക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി പുറത്തുവരുന്നത്. തുടര്‍ന്ന്, ക്ഷേത്ര ഭരണത്തിലും സാമ്പത്തിക കാര്യങ്ങളിലും കര്‍ശന മേല്‍നോട്ടം ഉറപ്പാക്കാന്‍ സിഇഒയെ നിയമിക്കാന്‍ ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. വിഷയത്തില്‍ ജൂണ്‍ 13ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജൂണ്‍ 25ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അവിനാഷ് ശുക്ല ഉള്‍പ്പെടെ എട്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും വിദേശ കറന്‍സിയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates