

ബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി വിപ്രോ കമ്പനിയുടെ ക്യാംപസ് തുറന്നുനല്‍കണമെന്നുള്ള കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭ്യര്‍ഥന നിരസിച്ച് കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ അസിം പ്രേംജി. പുറമേനിന്നുള്ള ഗതാഗതത്തിനായി കമ്പനി ക്യാംപസ് തുറന്നുകൊടുക്കാനാകില്ലെന്ന് അസിം പ്രേംജി വ്യക്തമാക്കി. സ്വകാര്യ സ്വത്തിലൂടെയുള്ള പൊതുവാഹനങ്ങളുടെ സഞ്ചാരം ഫലപ്രദവും സുസ്ഥിരവും ദീര്‍ഘകാലത്തേക്കുള്ളതുമായ പരിഹാരമല്ലെന്ന് അസിം പ്രേംജി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
പ്രത്യേക അഭ്യര്‍ഥന നിരസിച്ചെങ്കിലും ഗതാഗത പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കാനുള്ള വിപ്രോയുടെ പ്രതിബദ്ധത അസിം പ്രേംജി അറിയിച്ചു. ബംഗളൂരു ഔട്ട് റിങ് റോഡിലെ ഗതാഗതകുരുക്ക് നേരിടാന്‍ ദീര്‍ഘകാല പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിന് ശാസ്ത്രീയ പഠനം ആവശ്യമാണ്. ഈ വിദഗ്ധപഠനത്തിന്റെ ഒരു വലിയ ഭാഗം ചെലവ് വിപ്രോ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് വേണ്ടിയാണ് വിപ്രോ കമ്പനിയുടെ ക്യാംപസ് തുറന്നുനല്‍കി വാഹന ഗതാഗതം അനുവദിക്കാന്‍ മുഖ്യമന്ത്രി അസിം പ്രേംജിയോട് അനുമതി തേടിയത്. ക്യാംപസ് തുറന്നുകൊടുത്താല്‍ തിരക്കുള്ള സമയങ്ങളില്‍ 30 ശതമാനം വരെ കുറവുണ്ടാകുമെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തല്‍.
ഔട്ടര്‍ റിങ് റോഡ് ഒരു പ്രധാന കയറ്റുമതി കേന്ദ്രീകൃത ഇടനാഴിയായതിനാല്‍ ഭാഗികമായ പരിഹാരത്തേക്കാള്‍ സമഗ്രമായ ഒരു സമീപനമാണ് വേണ്ടതെന്നും വിപ്രോ ചെയര്‍മാന്‍ പറഞ്ഞു. സര്‍ജാപ്പുരിലെ ക്യാംപസ് പ്രത്യേക സാമ്പത്തികമേഖല ആണെന്നും ആഗോള സേവന പ്രതിബദ്ധത കാരണം കര്‍ശനമായ പ്രവേശന നിയന്ത്രണ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
