

കൊല്‍ക്കത്ത:പ്രശസ്ത ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തും സംഗീതജ്ഞനുമായ ശേഖര്‍ ജ്യോതി ഗോസ്വാമിയെ പ്രത്യക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സിങ്കപ്പൂരില്‍ സുബീന്‍ കയറിയ യാത്രാബോട്ടില്‍ ഒപ്പമുണ്ടായിരുന്നയാളാണ് ജ്യോതി ഗോസ്വാമി. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണത്തിന് പൊലീസ് തയ്യാറായിട്ടില്ല.
സെപ്റ്റംബര്‍ 19 ന് സിങ്കപ്പൂരില്‍ വെച്ചുണ്ടായ ഒരു സ്‌കൂബ ഡൈവിങ് അപകടത്തിലാണ് സുബീന്‍ ഗാര്‍ഗ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗായകന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്ന് ഉറപ്പാക്കാന്‍ രണ്ടാമത്തെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമായിരുന്നു സംസ്‌കാരം. എന്നാല്‍ പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തുന്നത്.
നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ സംഘാടകന്‍ ശ്യാംകാനു മഹന്ത, സുബീന്റെ മാനേജര്‍ സിദ്ധാര്‍ത്ഥ് ശര്‍മ്മ എന്നിവരുടെ വീടുകളിലും അന്വേഷണസംഘം പരിശോധന നടത്തി. അന്വേഷണസംഘം മഹന്തയുടെ വീട്ടിലെത്തിയപ്പോള്‍ രണ്ട് സഹായികള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നതെന്ന് അന്വേഷണസംഘം പറഞ്ഞു. സിദ്ധാര്‍ഥ് ശര്‍മയുടെ അപ്പാര്‍ട്ടുമെന്റ് പൂട്ടിക്കിടക്കുകയായിരുന്നു. ഒടുവില്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത്. സുബീന്റെ മരണശേഷം ശര്‍മയുടെ വീട്ടുകാരെ ആരെയും കാണാനില്ലെന്ന് പ്രദേശവാസികളും പറയുന്നു.
സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് ഒന്നിലധികം സൂചനകളുമായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഗായകന്റെ മരണം അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ഡിജിപി എംപി ഗുപ്തയുടെ നേതൃത്വത്തില്‍ 10 അംഗ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
