'ആധാറും റേഷന്‍ കാര്‍ഡും രേഖകളും സദാ കൈയിലുണ്ട്, പക്ഷേ..'; നെഞ്ചില്‍ തീയൊഴിയാതെ ബംഗാളിലെ അതിർത്തി ഗ്രാമങ്ങള്‍

രണ്ട് മാസം മുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംസ്ഥാനത്ത് എസ്‌ഐആര്‍ നടപ്പാക്കിയത്. 91 ലക്ഷം പേര്‍, അതായത് 10.9 ശതമാനം വോട്ടര്‍മാരെയാണ് നടപടിയിലൂടെ പട്ടികയില്‍നിന്ന് പുറത്താക്കിയത്
bengal police checking
ബംഗാള്‍ പൊലീസ് പരിശോധന നടത്തുന്നു
Edited By:
Updated on
2 min read

കൊല്‍ക്കത്ത: കഴിഞ്ഞ മാസമാണ് പശ്ചിമ ബംഗാളില്‍ ചരിത്ര വിജയവുമായി ബിജെപി അധികാരത്തിലെത്തിയത്. കേന്ദ്രം മുന്നോട്ടുവെക്കുന്ന നയങ്ങളപ്പാടെ സംസ്ഥാനത്തും നടപ്പാക്കാനുള്ള തിരക്കിലാണ് മുഖ്യമന്ത്രി സുവേന്ദു അധികാരിയും സംഘവും. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ 'ഡിറ്റക്ട്, ഡിലീറ്റ് ആന്‍ഡ് ഡീപോര്‍ട്ട്' (കണ്ടെത്തുക, പേരുവെട്ടുക, നാടുകടത്തുക) നയം അതിര്‍ത്തി ജില്ലകളിലാകെ ഭയം വിതച്ചിട്ടുണ്ട്. വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിനു (എസ്‌ഐആര്‍) പിന്നാലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍, സ്വന്തം മണ്ണില്‍ വിദേശികളെന്ന് മുദ്രകുത്തപ്പെടുമോ എന്ന ആശങ്ക ശക്തമാണ്. രേഖകളില്ലാത്തവരെ നാടുകടത്താന്‍ സംസ്ഥാനത്ത് പ്രത്യേക കേന്ദ്രങ്ങളൊരുങ്ങിയിട്ടുണ്ട്.

'കുടുംബത്തിലെ എല്ലാവരുടെയും വോട്ടര്‍ ഐഡിയും ആധാറും റേഷന്‍ കാര്‍ഡുമായാണ് ഞാന്‍ എപ്പോഴും സഞ്ചരിക്കുന്നത്. മാര്‍ക്കറ്റില്‍ പോകുമ്പോള്‍ പോലും വോട്ടര്‍ ഐഡിയും ആധാറും കരുതും. കഴിഞ്ഞ രണ്ട് മാസത്തിനിടെ അത് ശീലമായിക്കഴിഞ്ഞു. എന്റെ ഉള്ളില്‍ ഭയമുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ല, അതിനു കാരണം എന്റെ മതമാണെന്ന വസ്തുതയും തള്ളിക്കളയുന്നില്ല' -മാള്‍ഡയിലെ മാതബാരി സ്വദേശിയായ തൈമൂര്‍ ഖാന്റെ വാക്കുകളാണിത്. രണ്ട് മാസം മുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംസ്ഥാനത്ത് എസ്‌ഐആര്‍ നടപ്പാക്കിയത്. 91 ലക്ഷം പേര്‍, അതായത് 10.9 ശതമാനം വോട്ടര്‍മാരെയാണ് നടപടിയിലൂടെ പട്ടികയില്‍നിന്ന് പുറത്താക്കിയത്. ഇതില്‍ ഏറിയ പങ്കും മുസ്ലിംകളായിരുന്നു.

bengal police checking
വിവാഹിതരായ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹത; സുപ്രധാന വിധിയുമായി സുപ്രീംകോടതി

ബംഗാളിലെ മുര്‍ഷിദാബാദ്, മാള്‍ഡ ജില്ലകളിലാണ് എസ്‌ഐആറിന്റെ തിക്തഫലം രൂക്ഷമായി അനുഭവിക്കേണ്ട സാഹചര്യമുണ്ടായത്. പല കുടുംബത്തിലും മൂന്നും നാലും പേര്‍ക്ക് വോട്ടവകാശം നഷ്ടമായി. ഏഴ് തലമുറകള്‍ താമസിച്ച മണ്ണില്‍ ആയിരക്കണക്കിനു പേര്‍ വിദേശികളായി മുദ്രകുത്തപ്പെട്ടു. ബംഗ്ലാദേശികളെന്ന പേരില്‍ പൊലീസ് അറസ്റ്റ് തുടരുകയാണ്. ആരോട് പരാതിപ്പെടണമെന്നോ തങ്ങള്‍ക്കായി വാദിക്കാന്‍ ആരു വരുമെന്നോ അറിയാതെ ലക്ഷക്കണക്കിനു പേരാണ് അരക്ഷിതാവസ്ഥയില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. മുര്‍ഷിദാബാദില്‍ 4.55 ലക്ഷം പേര്‍ക്കും മാള്‍ഡയില്‍ 2.93 ലക്ഷം പേര്‍ക്കുമാണ് വോട്ടവകാശം നിഷേധിക്കപ്പെട്ടത്.

പരാതിപ്പെട്ട പലരുടെയും കേസ് ട്രൈബ്യൂണല്‍ ഇനിയും പരിശോധിച്ചു വരുന്നതേയുള്ളൂ. ഇതിനിടെ രേഖകളില്ലാത്തവരെ പൂട്ടാന്‍ പൊലീസിന്റെ തിരക്കിട്ട നടപടികള്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. നദീതീരത്ത് താമസിക്കുന്ന പലര്‍ക്കും രേഖകളും ഭൂമിയും കിടപ്പാടവും നഷ്ടപ്പെട്ടത് അപ്രതീക്ഷിതമായെത്തിയ പേമാരിയിലും വെള്ളപ്പൊക്കത്തിലുമാണ്. പൊലീസ് നടപടികള്‍ ചോദ്യം ചെയ്താല്‍ ബംഗ്ലാദേശിയെന്ന് മുദ്രകുത്തി നാടുകടത്തുമെന്ന ഭയം എല്ലാവര്‍ക്കുമുണ്ടെന്ന് മാള്‍ഡയില്‍ അധ്യാപകനായ അലി ഹുസൈന്‍ പറയുന്നു. പൊലീസിന് എല്ലാ പിന്തുണയുമായി സുവേന്ദു സര്‍ക്കാരും രംഗത്തുണ്ടെന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു.

bengal police checking
ഹിന്ദുവായ ഭാര്യ താലിമാല അഴിച്ചുമാറ്റുന്നത് ഭർത്താവിനോടുള്ള ക്രൂരത: മദ്രാസ് ഹൈക്കോടതി

2025ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതുതായി നടപ്പാക്കിയ നാടുകടത്തല്‍ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബംഗാളിലും കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. വിദേശികളെ കണ്ടെത്താനും പ്രത്യേക ജയിലുകളിലാക്കാനും ജില്ലാ തലത്തില്‍ പ്രത്യേക സംവിധാനം വേണമെന്ന് കേന്ദ്ര നിര്‍ദേശത്തില്‍ പറയുന്നു. കേന്ദ്ര ഏജന്‍സികളുടെ നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് മാള്‍ഡയിലെ പൊലീസ് സൂപ്രണ്ടും പറയുന്നു.

ബംഗാളില്‍ നടക്കുന്നത് നഗ്നമായ അവകാശ ലംഘനങ്ങളാണെന്ന് പൗരാവകാശ പ്രവര്‍ത്തകനായ സികാന്ത ദാസ് ചൂണ്ടിക്കാണിക്കുന്നു. 'ഈ നടപടികളിലൂടെ ജനാധിപത്യത്തെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയാണ്. അടിത്തറ ഇല്ലാതാക്കാന്‍ ഒരുകൂട്ടം ജനങ്ങളുടെ സ്വത്വം ഇല്ലാതാക്കുന്നു. സ്വാതന്ത്ര്യ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ എപ്പോഴും അധികാര കേന്ദ്രങ്ങള്‍ ശ്രമിക്കുന്നു. ഒരു പൗരനെയും ശത്രുവിനെയും ഇനി വേര്‍തിരിക്കുന്നത് നിയമമല്ല. എല്ലാം ഭരണത്തിലിരിക്കുന്നവര്‍ തീരുമാനിക്കുന്നു. ഭയാനകമായ സാഹചര്യമാണിത്' -സികാന്ത ദാസിന്റെ ഈ വാക്കുകളിലുണ്ട് ബംഗാളിലെ ജനം അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെ നേര്‍ചിത്രം.

bengal police checking
'ഇന്ത്യയാണെന്ന് തോന്നുന്നില്ല, എല്ലാം പെര്‍ഫെക്ട്'; ബ്രിട്ടീഷ് സഞ്ചാരിയുടെ വിഡിയോ വൈറല്‍
Summary

'I Carry My Voter ID and Aadhaar Card': Inside Bengal's Border Districts Where Holding Centres Spark Fear

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com