

ചെന്നൈ: ഭാരതം എല്ലായ്‌പ്പോഴും മതേതരമായിരുന്നെന്നും ഭാരതത്തെ ഇന്ത്യക്കെതിരെ ആക്കേണ്ടകാര്യമില്ലെന്നും ബിജെപി നേതാവും എഴുത്തുകാരനുമായ രാം മാധവ്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച 'തിങ്ക് എഡു' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാജ്യം ഇന്ത്യയെന്നും ഭാരതമെന്നുമാണ് അറിയപ്പെടുന്നത്. രണ്ടു പേരിലും അടങ്ങിയിരിക്കുന്നത് തുല്യതമാത്രമാണ്. പേരില്‍ യാതൊരുതരത്തിലുമുള്ള വിവേചനം ഇല്ലെന്നും മതത്തെ അടിസ്ഥാനമാക്കിയുളള മുന്‍ഗണനയില്ലെന്നും രാം മാധവ് പറഞ്ഞു. 'ഭാരതവും ഹിന്ദുത്വവും എത്രമാത്രം മുന്നോട്ടുപോകുന്നു' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരത് എന്ന പദത്തിന് ജി20 ഉച്ചകോടിയില്‍ ഊന്നല്‍ നല്‍കിയത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടായിരുന്നോയെന്ന ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചവ്‌ലയുടെ ചോദ്യത്തിന് മറുപടി ഇങ്ങനെ; നമ്മുടെ രാഷ്ട്രത്തിന്റെ പ്രധാന സ്വത്വമായ ഭാരതമെന്ന പേര്‍ ജി20യില്‍ ഉയര്‍ത്തിക്കാട്ടാനുള്ള തീരുമാനം ഒരു തന്ത്രപരമായ നീക്കമായിരുന്നു.
ആഗോളദക്ഷിണ രാജ്യങ്ങളുടെയും, വികസ്വര രാജ്യങ്ങളുടെയും ശബ്ദത്തിന്റെ പ്രതിഫലനമാണ് അവിടെയുണ്ടായത്. ജി20 ഉച്ചകോടിയില്‍ ഭാരതമെന്നും ഇന്ത്യയെന്നും മാറി മാറി ഉപയോഗിച്ചു. നമ്മുടെ പൈതൃകത്തിലുള്ള അഭിമാനം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഭാരതമെന്ന് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പേര് ഇന്ത്യയെന്നും ഭാരതമെന്നും ഉപയോഗിക്കാം. ഭാരതം, ഹിന്ദു, ഇന്ത്യ എന്നിവയെല്ലാം നമ്മുടെ അസ്ഥിത്വത്തിന്റെ പര്യായമായതിനാല്‍ ഭാരതത്തെ ഇന്ത്യയ്‌ക്കെതിരെ ആക്കേണ്ടതില്ല. ഇന്ത്യയെന്നും ഭാരതമെന്നും നമ്മുടെ രാജ്യം അറിയിപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് വിവിധ തലത്തില്‍ സംവാദങ്ങള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates