നിതീഷ് കുമാര്‍ ചടങ്ങിനിടെ
നിതീഷ് കുമാര്‍ ചടങ്ങിനിടെ Social Media

ദേശീയ ഗാനത്തിനിടെ ചിരിച്ച് കളിച്ച് നിതീഷ് കുമാര്‍; മനോനില ശരിയല്ലെന്ന് പ്രതിപക്ഷം, വ്യാപക വിമര്‍ശനം

പറ്റ്‌നയില്‍ നടക്കുന്ന സെപക് താക്രോ (കിക്ക് വോളിബോള്‍) ലോകകപ്പ് മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ ആയിരുന്നു നിതീഷ് കുമാറിന്റെ പ്രവര്‍ത്തി.
Published on

പറ്റ്‌ന: ദേശീയ ഗാനം ആലപിക്കുന്നതിനിടെ പൊതുപരിപാടിയില്‍ ചിരിക്കുകയും സംസാരിക്കുകയും ചെയ്ത ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാറിനെതിരെ വ്യാപക വിമര്‍ശനം. പറ്റ്‌നയില്‍ നടക്കുന്ന സെപക് താക്രോ (കിക്ക് വോളിബോള്‍) ലോകകപ്പ് മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ ആയിരുന്നു നിതീഷ് കുമാറിന്റെ പ്രവൃത്തി.

ബിഹാര്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങില്‍ ദേശീയ ഗാനം ആലപിക്കുന്നതിനിടെ തന്റെ സമീപത്ത് ഉണ്ടായിരുന്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐഎഎസ് ഓഫീസറുമായ ദീപക് കുമാറിനോട് സംസാരിക്കുന്നതും ചിരിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. നിതീഷ് കുമാറിന്റെ പെരുമാറ്റത്തില്‍ പരിഭ്രമിച്ച് ദേശിയഗാനം ആലപിക്കുന്നു എന്ന് ഉദ്യോഗസ്ഥന്‍ സൂചിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് ശേഷം സദസിലെ ആരോടോ നമസ്‌കാരം പറയാനും മുഖ്യമന്ത്രി തയ്യാറായി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.

നിതീഷ് കുമാറിന്റെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് വിമര്‍ശിച്ചത്. ''ബഹുമാനപ്പെട്ട മുഖ്യമന്ത്രി ദേശീയ ഗാനത്തെ അപമാനിക്കരുത്. നിങ്ങള്‍ സംസ്ഥാനത്തെ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും സ്ത്രീകളെയും പ്രായമായവരെയും എല്ലാ ദിവസവും അപമാനിക്കുന്നു. ചിലപ്പോള്‍ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ കൈയടിക്കുകയും അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെ പരിഹസിക്കുകയും ചെയ്യുന്നു, ചിലപ്പോള്‍ ദേശീയഗാനത്തില്‍ കൈയടിക്കുന്നു! നിങ്ങള്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന് എന്ന് ഓര്‍മ്മിപ്പിക്കട്ടെ. അല്‍പ സമയം പോലും മാനസികമായും ശാരീരികമായും ശാന്തമായിരിക്കാന്‍ നിങ്ങള്‍ക്കാകുന്നില്ല. അത്തരമൊരു അബോധാവസ്ഥയില്‍ നിങ്ങള്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ആശങ്കാജനകമാണ്. ബിഹാറിനെ വീണ്ടും വീണ്ടും ഇങ്ങനെ അപമാനിക്കരുത്.'' തേജസ്വി ട്വിറ്ററില്‍ കുറിച്ചു.

ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു മുതിര്‍ന്ന ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവും നിതിഷ് കുമാറിനെ വിമര്‍ശിച്ച് രംഗത്തെത്തി. 'ദേശീയ ഗാനത്തെ അപമാനിക്കുന്നത് ഇന്ത്യ സഹിക്കില്ല. ബിഹാറിലെ ജനങ്ങളേ, ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?' എന്നായിരുന്നു കുറിപ്പ്.

വിമര്‍ശനങ്ങള്‍ ശക്തമാകുമ്പോഴും വിഷയത്തില്‍ പ്രതികരിക്കാന്‍ ജെഡിയു തയ്യാറായിട്ടില്ല. എന്നാല്‍ ദേശീയ ഗാനത്തെ അപമാനിച്ചെന്ന ആക്ഷേപം വലിയ ചര്‍ച്ചയാക്കുന്ന സാചര്യത്തില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ച് വിവാദം അവസാനിപ്പിച്ചേക്കും എന്ന സുചനയും പുറത്തുവരുന്നുണ്ട്. അതിനിടെ, നിതീഷ് കുമാറിന് പ്രതിരോധം തീര്‍ത്ത് എന്‍ഡിഎ സഖ്യകക്ഷി നേതാവും കേന്ദ്ര മന്ത്രിയുമായ ജിതിന്‍ റാം മാഞ്ചി രംഗത്തെത്തി. ബിഹാറിന്റെ പേര് അന്താരാഷ്ട തലത്തില്‍ പ്രതിഫലിപ്പിച്ച നേതാവിനെയാണ് സംസ്ഥാനത്തിന്റെ പേര് മോശമാക്കിയ ചിലര്‍ വിമര്‍ശിക്കുന്നത് എന്ന് ജിതിന്‍ റാം മാഞ്ചി ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com