
ബംഗളൂരു: സോഷ്യല്‍ മീഡിയയില്‍ നിയമ വിരുദ്ധമായ ഉള്ളടക്ക നിയന്ത്രണം നടത്തുന്നെന്ന് ആരോപിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ നിയമ പോരാട്ടത്തിന് യുഎസ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. കര്‍ണാടക ഹൈക്കോടതിയിലാണ് എക്‌സ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) നിയമവും ഇതിലെ 79(3)(ബി) വകുപ്പിന്റെ നിര്‍ദേശങ്ങളുമാണ് പ്രധാനമായും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നത്. വ്യവസ്ഥകള്‍ ഓണ്‍ലൈനില്‍ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തെ ദുര്‍ബലപ്പെടുത്തുന്നതും സുപ്രീം കോടതി വിധികള്‍ക്ക് വിരുദ്ധവുമാണെന്നാണ് എക്‌സിന്റെ വാദം. സോഷ്യല്‍ മീഡിയയിലെ ഉള്ളടക്കങ്ങള്‍ തടയാന്‍ സമാന്തര സംവിധാനം എന്ന നിലയില്‍ വ്യവസ്ഥകളെ ഉപയോഗിക്കുന്നു. ഇത് ഐടി ആക്റ്റിലെ 69 എ വ്യവസ്ഥകളെ മറികടക്കുന്നതാണ് എന്നും എക്‌സ് ആരോപിക്കുന്നു. നിയമ പരമായ നടപടികളിലൂടെ മാത്രമേ സാമൂഹ്യ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയൂ എന്ന് 2015 ലെ ശ്രേയ സിംഗാള്‍ കേസില്‍ സുപ്രീം കോടതി നിര്‍ദേശമുണ്ട്. ഐടി നിയമത്തിലെ 69 എ വകുപ്പും ഇതിനുള്ള മാര്‍ഗങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു എന്നും ഹര്‍ജി പറയുന്നു.
നിയമത്തിലെ 79(3)(ബി) വകുപ്പ് പ്രകാരം കോടതി ഉത്തരവോ സര്‍ക്കാര്‍ വിജ്ഞാപനമോ പ്രകാരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിക്കാം. ഈ നിര്‍ദേശങ്ങള്‍ 36 മണിക്കൂറിനുള്ളില്‍ പാലിക്കുന്നതില്‍ പ്ലാറ്റ്‌ഫോമുകള്‍ പരാജയപ്പെട്ടാല്‍ സെക്ഷന്‍ 79(1) പ്രകാരം നടപടി സ്വീകരിക്കാനാകും. ഇതിലൂടെ പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തനം തടയാനും ഐപിസി വകുപ്പുകള്‍ പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കാനും കഴിയും.
എന്നാല്‍, ഈ വ്യവസ്ഥകള്‍ നിലനില്‍ക്കെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതില്‍ നിയമം സര്‍ക്കാരിന് സ്വതന്ത്ര അധികാരം നല്‍കുന്നില്ലെന്ന് എക്‌സ് വാദിക്കുന്നു. നടപടി ക്രമങ്ങള്‍ പാലിക്കാതെ ഏകപക്ഷീയമായ സെന്‍സര്‍ഷിപ്പാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിന് കുറുക്കുവഴിയായി 79(3)(ബി) വകുപ്പ് ഉപയോഗിക്കുന്നു. ആവശ്യമായ പരിശോധനകള്‍ പോലും നടത്താതെയാണ് ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുന്നത്.
ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ പോര്‍ട്ടലായ സഹ്യോഗിനെ കുറിച്ചും എക്‌സ് ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്. 'സെന്‍സര്‍ഷിപ്പ് പോര്‍ട്ടല്‍' ആണ് സഹ്യോഗ് എന്നാണ് എക്‌സിന്റെ ആരോപണം. വിവാദ പോസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന സഹ്യോഗിന്റെ ഭാഗമാകണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന് നിയമപരമായ അടിസ്ഥാനമില്ലെന്നും എക്‌സ് വാദിക്കുന്നു.
എക്സിന്റെ ചാറ്റ് ബോട്ടായ ഗ്രോക് എ ഐയ്ക്ക് രാജ്യത്ത് ഏര്‍പ്പെടുത്തിയ സെന്‍സറിങ്ങിന്റെ പശ്ചാത്തലത്തിലാണ് മസ്‌കിന്റെ നിയമ നടപടി എന്നാണ് വിലയിരുത്തല്‍. ഗ്രോക് എ ഐ ഉപയോക്താക്കള്‍ക്ക് മറുപടി നല്‍കുമ്പോള്‍ ഹിന്ദി ഭാഷയും അധിക്ഷേപകരവും അശ്ളീലവുമായ ഭാഷ ഉപയോഗിക്കുന്നു എന്ന് പരാതി ഉയര്‍ന്നിരുന്നു. പിന്നാലെ ആയിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം നല്‍കിയത്. ഫില്‍റ്ററിംഗ് സംവിധാനങ്ങളില്ലാത്ത എഐ ചാറ്റ് ബോട്ട് എന്ന പേരിലാണ് എക്‌സ് ഗ്രോക്ക് അവതരിപ്പിച്ചത്.
അതേസമയം, ഡോണള്‍ഡ് ട്രംപിന്റെ രണ്ടാം യുഎസ് സര്‍ക്കാരില്‍ നിര്‍ണായ സ്വാധീനമുള്ള മസ്‌കിന്റെ കമ്പനികളായ ടെസ്ലയും സ്‌പേസ് എക്‌സും ഇന്ത്യയില്‍ ബിസിനസ് ഉറപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിന് സമാന്തരമായാണ് നിയമ പോരാട്ടത്തിനുള്ള നീക്കമെന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോണള്‍ഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചയില്‍ ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് കാറുകള്‍ക്ക് ഇന്ത്യ ചുമത്തുന്ന തീരുവയെ കുറിച്ച് മസ്‌ക് പരാമര്‍ശിച്ചതും അടുത്തിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക