

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികളിലേയും വിവിധ പാര്‍ട്ടികള്‍ മത്സരിക്കാനായി രംഗത്തിറക്കുന്നത് 35 മുസ്ലീം സ്ഥാനാര്‍ഥികളെ മാത്രം. ജനസംഖ്യാ ആനുപാതികമായി മുസ്ലീം സ്ഥാനാര്‍ഥികള്‍ കുറവാണെന്നു തെരഞ്ഞെടുപ്പ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ ജനസംഖ്യയില്‍ 17.7 ശതമാനമാണ് മുസ്ലീം സമുദായക്കാര്‍. ഇതേച്ചൊല്ലി മുന്നണികള്‍ തമ്മില്‍ വിമര്‍ശനങ്ങളും ഉന്നയിക്കുന്നുണ്ട്.
ഇന്ത്യ മുന്നണിയാണ് ഏറ്റവും കൂടുതല്‍ മുസ്ലീം സ്ഥാനാര്‍ഥികളെ അണിനിരത്തുന്നത്. 30 പേര്‍. എന്‍ഡിഎ സഖ്യം 5 മുസ്ലീം സ്ഥാനാര്‍ഥികള്‍ക്കു മാത്രമാണ് അവസരം നല്‍കുന്നത്.
143 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ ഇന്ത്യാ മുന്നണിയിലെ പ്രധാന കക്ഷിയായ ആര്‍ജെഡിയാണ് ഏറ്റവും കൂടുതല്‍ മുസ്ലീം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്ന പാര്‍ട്ടി. 18 സീറ്റുകളിലാണ് ആര്‍ജെഡിക്ക് മുസ്ലീം സ്ഥാനാര്‍ഥികളുള്ളത്. സഖ്യത്തിലെ രണ്ടാം കക്ഷിയായ കോണ്‍ഗ്രസ് 61 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ 10 സീറ്റുകളാണ് മുസ്ലീം സ്ഥാനാര്‍ഥികള്‍ക്കു നല്‍കിയത്. സഖ്യത്തിലെ മറ്റൊരു കക്ഷിയായ സിപിഐ- എംഎല്‍ (ലിബറേഷന്‍) രണ്ട് സ്ഥാനാര്‍ഥികളേയും നിര്‍ത്തിയിട്ടുണ്ട്. ഇന്ത്യാ ബ്ലോക്കിന്റെ മറ്റൊരു സഖ്യകക്ഷിയായ മുകേഷ് സഹാനിയുടെ നേതൃത്വത്തിലുള്ള വിയാക്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി ആരെയും നിര്‍ത്തിയില്ല.
2020ലെ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി ടിക്കറ്റില്‍ മത്സരിച്ച 144 സ്ഥാനാര്‍ഥികളില്‍ 15 പേരാണ് മുസ്ലീം സമുദായത്തില്‍ നിന്നുണ്ടായിരുന്നത്. കോണ്‍ഗ്രസ് മത്സരിച്ച 70 സീറ്റുകളില്‍ 12 മുസ്ലീം സ്ഥാനാര്‍ഥികള്‍ക്കാണ് അന്ന് ടിക്കറ്റ് നല്‍കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഈ കണക്ക് നോക്കിയാല്‍ ആര്‍ജെഡി ഇത്തവണ പ്രാതിനിധ്യം കൂട്ടിയതായി കാണാം.
എന്‍ഡിഎ സഖ്യം 5 മുസ്ലീം സ്ഥാനാര്‍ഥികളെ മാത്രമാണ് നിര്‍ത്തുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു 101 സീറ്റുകളിലാണ് ജനവിധി തേടുന്നത്. ഇതില്‍ നാലിടത്താണ് പാര്‍ട്ടി മുസ്ലീം സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്. സഖ്യത്തിലെ മറ്റൊരു പാര്‍ട്ടിയായ കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന്‍ നയിക്കുന്ന ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) 29 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ ഒരു സീറ്റാണ് മുസ്ലീം സമുദായത്തിലെ സ്ഥാനാര്‍ഥിക്കായി നല്‍കിയത്.
എന്‍ഡിഎ സഖ്യത്തിലെ ബിജെപി ഒരു മുസ്ലീം സ്ഥാനാര്‍ഥിയേയും നിര്‍ത്തിയിട്ടില്ല. എന്‍ഡിഎ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഒരു മുസ്ലീം സ്ഥാനാര്‍ഥിയുമുണ്ടായിരുന്നില്ല. രണ്ടാം ഘട്ട പട്ടികയിലാണ് 5 സ്ഥാനാര്‍ഥികള്‍ ഇടംപിടിച്ചത്.
1990നും 2020നും ഇടയിലെ നിയമസഭയിലെ മുസ്ലീം പ്രാതിനിധ്യം ശരാശരി 8 ശതമാനം ആണ്. 2020ലെ നിയമസഭയില്‍ 19 മുസ്ലീം എംഎല്‍എമാരുണ്ടായിരുന്നു. 243 അംഗ സഭയില്‍ 7.81 ശതമാനമായിരുന്നു മുസ്ലീം പ്രാതിനിധ്യം. 2015ല്‍ മുസ്ലീം എംഎല്‍എമാരുടെ സംഖ്യ 24 ആയി ഉയര്‍ന്നു. 9.87 ശതമാനത്തിന്റെ വളര്‍ച്ച. 30 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന മുസ്ലീം പ്രാതിനിധ്യവും 2015ലാണ്.
പാര്‍ട്ടി നാമനിര്‍ദ്ദേശങ്ങളിലും സഖ്യങ്ങളിലും വന്ന മാറ്റങ്ങളെത്തുടര്‍ന്ന് മുസ്ലീം പ്രാതിനിധ്യത്തില്‍ ഇടിവ് ഉണ്ടായിട്ടുണ്ട്. 1989ലെ ഭഗല്‍പുര്‍ വര്‍ഗീയ കലാപത്തിന് ശേഷം മുസ്ലീങ്ങള്‍ കോണ്‍ഗ്രസില്‍ നിരാശരാണെന്നു രാഷ്ട്രീയ വിശകലന വിദഗ്ധര്‍ നിരീക്ഷിക്കുന്നു. കോണ്‍ഗ്രസില്‍ നിന്ന് അകന്ന മുസ്ലീംകള്‍ ആര്‍ജെഡിയോടാണ് പിന്നീട് ആഭിമുഖ്യം കാണിച്ചത്.
എല്‍കെ അദ്വാനിയുടെ രഥ യാത്രയ്ക്കിടെയുണ്ടായ വര്‍ഗീയ കലാപങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ആര്‍ജെഡി വഹിച്ച പങ്കും അവര്‍ പരിഗണിച്ചു. ഇതോടെയാണ് മുസ്ലീംകള്‍ കൂട്ടത്തോടെ ആര്‍ജെഡിയിലേക്ക് ചേക്കേറിയത്. ഒബിസി, ദളിതര്‍, മുസ്ലീം വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി വാദിച്ചുകൊണ്ടാണ് ആര്‍ജെഡി ബിഹാറില്‍ വേരുറപ്പിക്കുന്നത്.
മുസ്ലീം സ്ഥാനാര്‍ഥികള്‍ക്കു ടിക്കറ്റ് നല്‍കുന്നതില്‍ മതേതര പാര്‍ട്ടികള്‍ പൂര്‍ണമായി വിട്ടുവീഴ്ച ചെയ്യുന്നില്ലെന്നു വിശകലന വിദഗ്ധര്‍ പറയുന്നു. കൂടുതല്‍ പ്രാതിനിധ്യം നല്‍കിയാല്‍ വോട്ടുകള്‍ ധ്രുവീകരിക്കപ്പെടുമെന്ന ഭയവും ടിക്കറ്റ് നല്‍കുന്നതില്‍ നിന്നു പാര്‍ട്ടികളെ പിന്തിരിപ്പിക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
2005ല്‍ തന്റെ പിതാവായ റാം വിലാസ് പാസ്വാന്‍ മുസ്ലീം മുഖ്യമന്ത്രിക്കു വഴിയൊരുക്കാനായി പാര്‍ട്ടി പോലും ത്യജിച്ചു. എന്നാല്‍ അന്ന് ആര്‍ജെഡി പിതാവിനെ പിന്തുണച്ചില്ലെന്നു ചിരാഗ് പാസ്വാന്‍ എക്‌സിലിട്ട കുറിപ്പില്‍ ആരോപിച്ചിരുന്നു. 2005ല്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ള ആളെ മുഖ്യമന്ത്രിയാക്കാന്‍ ആര്‍ജെഡി ഒരുക്കമായില്ല. 2025ലും ആര്‍ജെഡി ഒരു മുസ്ലീം സമുദായക്കാരനു മുഖ്യമന്ത്രി, ഉപ മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ ഒരുക്കമല്ലെന്നും അദ്ദേഹം ആരോപണമുന്നയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
