പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടത്തിന് പിന്നാലെ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയില്‍ വന്‍ അഴിച്ചുപണി. പാര്‍ട്ടിയുടെ പഞ്ചായത്ത് തലം മുതല്‍ സംസ്ഥാന തലം വരെയുള്ള എല്ലാ സംഘടനാ യൂണിറ്റുകളും പിരിച്ചുവിട്ടു. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. പട്‌നയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
സംസ്ഥാന അധ്യക്ഷന്‍ മനോജ് ഭാരതിയുടെ അധ്യക്ഷതയില്‍ ആയിരുന്നു ദേശീയ കൗണ്‍സില്‍ യോഗം. മുന്‍ കരസേനാ ഉപമേധാവി എസ്.കെ. സിങ്, മുന്‍ കേന്ദ്രമന്ത്രി രാമചന്ദ്ര പ്രസാദ് സിങ്, മുതിര്‍ന്ന അഭിഭാഷകന്‍ വൈ.വി. ഗിരി തുടങ്ങിയ പാര്‍ട്ടി നേതാക്കളും പ്രശാന്ത് കിഷോറും യോഗത്തില്‍ സന്നിഹിതനായിരുന്നു. ഒന്നര മാസത്തിനുള്ളില്‍ പുതിയ യൂണിറ്റുകള്‍ രൂപീകരിക്കാനാണ് നീക്കമെന്ന് പാര്‍ട്ടി വക്താവ് സയ്യിദ് മസിഹ് ഉദ്ദീന്‍ പ്രസ്താവനയില്‍ അറിയിച്ചു.
നടപടിക്ക് പിന്നാലെ സംസ്ഥാനത്തെ 12 ഡിവിഷനുകളുടെയും ഉത്തവാദിത്തം മുതിർന്ന നേതാക്കൾക്ക് വീതിച്ച് നല്‍കി. സംഘടനാ സംവിധാനം പുനര്‍നിര്‍മ്മിക്കുന്നതുള്‍പ്പെടെ ചുമതലയും ഇവര്‍ക്കായിരിക്കും. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട പരാജയം ഉള്‍പ്പെടെ നേതാക്കള്‍ വിശദമായി പരിശോധിക്കും. വീഴ്ചകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പാര്‍ട്ടി നേതൃത്വം പ്രസ്താവനയില്‍ അറിയിച്ചു.
വലിയ പ്രതീക്ഷകളോടെ ബിഹാറില്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയ ജന്‍ സുരാജ് പാര്‍ട്ടി സമ്പൂര്‍ണ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. ജന്‍ സുരാജ് പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, പാര്‍ട്ടിയുടെ ഭൂരിഭാഗം സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച പണം പോലും നഷ്ടപ്പെടുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates