

മുംബൈ: മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിലെ ഭിന്നത പ്രകടമാക്കി ബിജെപിക്കെതിരെ, ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ എക്‌നാഥ് ഷിന്‍ഡെയുടെ പരോക്ഷ വിമര്‍ശനം. അഹങ്കാരമാണ് രാവണന്റെ പതനത്തിന് കാരണം. തന്റെ പാര്‍ട്ടിക്ക് പിന്നാലെ വരുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് രാവണന്റെ അതേ ഗതി നേരിടേണ്ടി വരുമെന്നും ഷിന്‍ഡെ പറഞ്ഞു. ശിവസേന വിഭാഗം നേതാക്കളെ ബിജെപി കൂറുമാറ്റാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പിന്നാലെയാണ് മഹായുതി സഖ്യത്തില്‍ ഭിന്നത ഉടലെടുത്തത്.
രാവണന്റെ അഹങ്കാരത്തിനെതിരെ ജനങ്ങള്‍ വോട്ടു ചെയ്യണം. അഹങ്കാരമാണ് രാവണന്റെ പതനത്തിനു കാരണമായത്. സ്വേച്ഛാധിപത്യത്തിനും ഏകാധിപത്യ പ്രവണതകള്‍ക്കുമെതിരെ ഒന്നിച്ചു നിന്നു പോരാടേണ്ടതുണ്ട്. ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. നഗര പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഭരത് രജ്പുതിന് വേണ്ടി പ്രചാരണത്തിനായി ദഹാനുവില്‍ നടത്തിയ പൊതുയോഗത്തിലാണ് ഉപമുഖ്യമന്ത്രി ഷിന്‍ഡെയുടെ അഭിപ്രായപ്രകടനം. ഷിന്‍ഡെ പക്ഷം ശിവസേനയുടെ പാല്‍ഘര്‍ ജില്ലാ പ്രസിഡന്റാണ് ഭരത് രാജ്പുത്.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതിനാല്‍, ഇവിടെ ശിവസേനയും ബിജെപിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ്. സംസ്ഥാന തെരഞ്ഞെടുപ്പില്‍ നമ്മുടെ സഹോദരിമാര്‍ കൂട്ടത്തോടെ പാര്‍ട്ടിക്ക് വോട്ടു ചെയ്തു. സമാന രീതിയില്‍ നഗര പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സഹോദരിമാര്‍ വോട്ടു ചെയ്താല്‍ ശിവസേനയ്ക്ക് വലിയ വിജയം നേടാനാകും. അതുവഴി ഈ മേഖലയില്‍ വലിയ വികസനം കൊണ്ടു വരാനാകുമെന്നും ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു.
അഴിമതി വേരോടെ പിഴുതു മാറ്റേണ്ടതുണ്ട്. അതിനായി ശിവസേന ( ഷിന്‍ഡെ പക്ഷം ) യെ വിജയിപ്പിക്കണമെന്നും ഷിന്‍ഡെ ആവശ്യപ്പെട്ടു. ശിവസേനയെന്നാല്‍ വികസനമാണ്. പ്രാദേശിക തലത്തില്‍ ഇനിയുമേറെ വികസനങ്ങള്‍ വരേണ്ടതുണ്ട്. മുഴുവന്‍ സമൂഹത്തിന്റെയും വികസനത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് താനെന്നും ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. മഹായുതി സഖ്യത്തിലെ ഭിന്നതകളെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച നടന്ന മന്ത്രിസഭായോഗത്തില്‍ നിന്നും ശിവസേന മന്ത്രിമാര്‍ വിട്ടു നിന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates