

ന്യൂഡല്‍ഹി: ഡല്‍ഹി രാംലീല മൈതാനത്ത് പ്രതിപക്ഷ ഇന്ത്യ മുന്നണി സംഘടിപ്പിച്ച റാലി പൂര്‍ണ പരാജയമെന്ന് ബിജെപി. തെരഞ്ഞെടുപ്പ് ക്രമക്കേടുകളും 'വോട്ട് മോഷണ'വും ആരോപിച്ച് പ്രതിപക്ഷം നടത്തിയ റാലിയെ കടുത്ത ഭാഷയിലാണ് ഭരണപക്ഷം വിമര്‍ശിച്ചത്. റാലി അവസാനിച്ചയുടന്‍ ബിജെപി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി ദേശീയ വക്താവും എംപിയുമായ സംബിത് പത്രയാണ് പ്രതിപക്ഷത്തെയും രാഹുല്‍ ഗാന്ധിയെയും വിമര്‍ശിച്ച് രംഗത്തെത്തിയത്. റാലിയെ 'ഫ്ലോപ് ഷോ' എന്നാണ് ബിജെപി വക്താവ് വിശേഷിപ്പിച്ചത്.
റാലിയില്‍ പത്തുലക്ഷത്തിലധികം ആളുകള്‍ അണിനിരക്കുമെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും പവന്‍ ഖേരയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നതെന്ന് ബിജെപി ചൂണ്ടിക്കാട്ടി. എന്നാല്‍ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ് എത്തിയത്. ഗ്രൗണ്ടിന്റെ വലിയ ഭാഗം ഒഴിഞ്ഞുകിടക്കുകയായിരുന്നു 15 ശതമാനത്തോളം ഭാഗം സ്റ്റേജും മുന്‍നിരയും കൈയടക്കിയപ്പോള്‍ ശേഷിച്ച സ്ഥലത്തിന്റെ 40 ശതമാനത്തോളം പൂര്‍ണമായും ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്ന് ഡ്രോണ്‍ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ആകെ 28,000 കസേരകള്‍ മാത്രമാണ് ഇട്ടത്. ക്യാമറ ആംഗിളുകളും 'ട്രിക് ഫോട്ടോഗ്രാഫിയും' ഉപയോഗിച്ച് കൃത്രിമമായി വലിയ ജനക്കൂട്ടത്തെ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും സംബിത് പത്ര പരിഹസിച്ചു.
റാലിയിലെ ആള്‍ക്കൂട്ടത്തെ 'ശിവന്റെ ഘോഷയാത്ര' (ശിവ് കി ബരാത്ത്) എന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ ബിജെപി തള്ളിക്കളഞ്ഞു. അത് ശിവന്റെ ഘോഷയാത്രയല്ലെന്നും, അച്ചടക്കമില്ലാത്ത അരാജക കാഴ്ച മാത്രമായിരുന്നുവെന്നും സംബിത് പത്ര പറഞ്ഞു. രാഹുല്‍ ഗാന്ധി സംസാരിക്കുന്നത് മുഗള്‍ ചക്രവര്‍ത്തിയുടെ മകനെപ്പോലെയാണെന്ന് പത്ര വിമര്‍ശിച്ചു. 'ഹിന്ദുസ്ഥാന്‍ നിങ്ങളുടെ അബ്ബുജാന്റെ (പിതാവിന്റെ) സ്വത്തല്ല, ഇന്ത്യാക്കാരുടേതാണ്. ഇവിടെ കഠിനാധ്വാനം ചെയ്യുന്ന ഒരു ചായക്കടക്കാരനും പ്രധാനമന്ത്രിയാകാം, അതാണ് നിങ്ങളെ അസ്വസ്ഥനാക്കുന്നത്' -സംബിത് പത്ര തുറന്നടിച്ചു.
തന്ത്രങ്ങളിലൂടെയോ കബളിപ്പിക്കലുകളിലൂടെയോ ആര്‍ക്കും നേതാവോ പ്രധാനമന്ത്രിയോ ആകാന്‍ കഴിയില്ലെന്നും വിയര്‍പ്പും കഠിനാധ്വാനവും ചേരുമ്പോഴാണ് ഒരു പ്രധാനമന്ത്രി രൂപപ്പെടുന്നതെന്നും ബിജെപി ഓര്‍മിപ്പിച്ചു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്ന രാഹുല്‍ ഗാന്ധിയുടെ വാദത്തെയും ബിജെപി രൂക്ഷമായി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്ന് ആവര്‍ത്തിക്കുന്ന രാഹുല്‍ ഗാന്ധി, അതിനെതിരെ ഏതെങ്കിലും കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് ജനങ്ങള്‍ക്ക് മുന്നില്‍ കാണിക്കാന്‍ ധൈര്യപ്പെടണമെന്ന് ബിജെപി വെല്ലുവിളിച്ചു.
രാജ്യത്ത് അരാജകത്വം വളര്‍ത്താന്‍ ഇല്ലാത്ത വിഷയങ്ങള്‍ രാഹുല്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നിടത്തോളം കാലം പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങോട്ടും പോകില്ലെന്നും, മോദിക്കും അമിത് ഷായ്ക്കുമെതിരെ രാഹുല്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ വെറും രാഷ്ട്രീയ ജല്പനങ്ങള്‍ മാത്രമാണെന്നും ബിജെപി വക്താവ് വ്യക്തമാക്കി. രാംലീല മൈതാനത്തെ ശുഷ്‌കമായ ജനപങ്കാളിത്തം ഇന്ത്യ മുന്നണിയുടെ സംഘടനാ ദൗര്‍ബല്യത്തെയും ജനപിന്തുണയില്ലായ്മയെയുമാണ് തുറന്നുകാട്ടുന്നതെന്നും ബിജെപി കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates