

ന്യൂഡൽഹി: രാജ്യത്തു കുട്ടികൾക്കു കോവിഡ് വാക്സീന് അനുമതിയായെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി മൂന്ന് മുതൽ കുട്ടികൾക്കു വാക്സീൻ നൽകാം. 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ ലഭ്യമാവുക. ജനുവരി 10 മുതൽ ആരോഗ്യപ്രവർത്തകർക്കു ബൂസ്റ്റർ ഡോസ് നൽകുമെന്ന്. രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.
60 വയസ്സിനു മുകളിൽ പ്രായമുള്ളവര്‍ക്കും ബൂസ്റ്റർ ഡോസ് നൽകുമെന്നു മോദി പറഞ്ഞു. രാജ്യത്ത് കൊറോണ വൈറസിന്റെ വകഭേദമായ ഒമൈക്രോൺ വ്യാപനം വർധിക്കുകയാണ്. എങ്കിലും ഭയം വേണ്ട, കരുതലും ജാഗ്രതയും വർധിപ്പിച്ചാൽ മതി. രോഗത്തിന്റെ തീവ്രാവസ്ഥ നേരിടാൻ രാജ്യം സുസജ്ജമാണെന്നും മോദി പറഞ്ഞു.
18 ലക്ഷം ഐസലേഷൻ ബെഡുകളുണ്ട്. 90 ലക്ഷം ഐസിയു, നോൺ ഐസിയു ബെഡുകൾ ലഭ്യമാണ്. എല്ലാ സംസ്ഥാനങ്ങളിലും ആവശ്യത്തിനു മരുന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഓക്സിജന്‍ ലഭ്യത പര്യാപ്തമാണ്, 4 ലക്ഷം സിലിണ്ടറുകൾ വിതരണം ചെയ്തു.വാക്സിൻ ലഭ്യതയും വിതരണവും ഉറപ്പുവരുത്താൻ സദാസമയവും പരിശ്രമിക്കുകയാണ്.
വാക്സിനേഷൻ നടപടികൾ അതിവേഗം പൂർത്തീകരിക്കണം. തദ്ദേശീയമായി വികസിപ്പിച്ച നേസൽ വാക്സിനും ഡിഎന്‍എ വാക്സീനും വൈകാതെ ലഭ്യമാകും. ഉത്തരാഖണ്ഡും ഹിമാചൽ പ്രദേശും ഗോവയും ഒന്നാം ഡോസ് വാക്സിനേഷൻ പൂർത്തീകരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
കേരളം സജ്ജം: വീണാ ജോർജ്
കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് അനിവാര്യമാണെന്നും കേന്ദ്രനിര്‍ദേശം നടപ്പാക്കാന്‍ കേരളം സജ്ജമാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates