

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ വിമാനം തകര്‍ന്ന് മരിച്ച വലിയ നടുക്കമാണ് രാജ്യത്താകെ ഉണ്ടാക്കിയത്. ചാര്‍ട്ടര്‍ ചെയ്ത ചെറുവിമാനത്തിലാണ് അജിത് പവാര്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ചിരുന്നത്. ഡല്‍ഹി ആസ്ഥാനമായുള്ള വിഎസ്ആര്‍ വെഞ്ച്വേഴ്‌സ് എന്ന സ്വകാര്യ ഏവിയേഷന്‍ സ്ഥാപനത്തിന്റെ വിമാനമാണ് തകര്‍ന്നുവീണത്. അപകടത്തില്‍പ്പെട്ടത് ലിയര്‍ജെറ്റ് 45 എന്ന മോഡല്‍ വിമാനമാണ്. വിമാനം നിയന്ത്രിച്ചിരുന്നത് ആരാണെന്നായിരുന്നു എല്ലാവരുടേയും ചോദ്യം.
വിമാനത്തിന്റെ ഫസ്റ്റ് ഓഫീസര്‍ അഥവാ പ്രധാന പൈലറ്റായിരുന്നത് ക്യാപ്റ്റന്‍ ശാംഭവി പഥക് ആണ്. അപകടത്തില്‍ തല്‍ക്ഷണം മരിച്ചു. ഒരു സൈനികോദ്യോഗസ്ഥന്റെ മകളാണ് ഡല്‍ഹി സ്വദേശിനിയായ ഈ യുവ പൈലറ്റ്. 1,500 മണിക്കൂറോളം വിമാനം പറത്തി പരിചയമുണ്ട് ശാംഭവിക്ക്.
ന്യൂഡല്‍ഹിയിലെ എയര്‍ ഫോഴ്‌സ് ബല്‍ ഭാരതി സ്‌കൂളില്‍ 2016-2018 വര്‍ഷമാണ് ശാംഭവി പഥക് സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ശേഷം ന്യൂസിലന്‍ഡ് ഇന്റര്‍നാഷണല്‍ കൊമേഴ്‌സ്യല്‍ പൈലറ്റ് അക്കാദമിയില്‍ നിന്ന് കൊമേഴ്‌സ്യല്‍ പൈലറ്റ് ട്രെയിനിങ്ങും ഫ്‌ളൈറ്റ് ക്രൂ ട്രെയിനിങ്ങും പൂര്‍ത്തിയാക്കി. മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എയ്‌റോനോട്ടിക്‌സ്, ഏവിയേഷന്‍ ആന്‍ഡ് എയ്‌റോസ്‌പേസില്‍ ബിഎസ്‌സി ബിരുദം നേടി. മധ്യപ്രദേശ് ഫ്‌ളൈയിങ് ക്ലബ്ബിലെ അസിസ്റ്റന്റ് ഫ്‌ളൈയിങ് ഇന്‍സ്ട്രക്ടര്‍ കൂടിയാണ്. ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടര്‍ റേറ്റിങ്ങും (എ) ഇവര്‍ക്കുണ്ട്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ നിന്ന് ഫ്രോസന്‍ എയര്‍ലൈന്‍ ട്രാന്‍സ്‌പോര്‍ട്ട് ലൈസന്‍സ് അഥവാ എടിപിഎല്‍ സ്വന്തമാക്കിയ ശാംഭവി പതക്കിന് വ്യോമയാന മേഖലയിലെ ഒട്ടേറെ സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചു.
സ്‌പൈസ്‌ജെറ്റ് ലിമിറ്റഡിന്റെ ഏവിയേഷന്‍ സെക്യൂരിറ്റി സര്‍ട്ടിഫിക്കറ്റ് (2022 മാര്‍ച്ച്), ജോര്‍ദാന്‍ എയര്‍ലൈന്‍ ട്രെയിനിങ് ആന്‍ഡ് സിമുലേഷനില്‍ നിന്ന് എ320 വിമാനങ്ങള്‍ക്കായുള്ള ജെറ്റ് ഓറിയന്റേഷന്‍ ട്രെയിനിങ് (2022 ഫെബ്രുവരി), ഡിജിസിഎയില്‍ നിന്ന് കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് (2020 മേയ്), സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ് ന്യൂസിലന്‍ഡില്‍ നിന്ന് സിഎഎ കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് (2019 നവംബര്‍), ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനില്‍ നിന്ന് ഇംഗ്ലീഷ് ലാംഗ്വേജ് പ്രൊഫിഷ്യന്‍സി ലെവല്‍ 6 എന്നിവയാണ് ക്യാപ്റ്റന്‍ ശാംഭവി പതകിന്റെ നേട്ടങ്ങള്‍. ബാരാമതിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെയാണ് വിമാനം തകര്‍ന്ന് വീണ് പൂര്‍ണമായും കത്തിയമര്‍ന്നത്. ബുധനാഴ്ച രാവിലെ 08:10ന് മുംബൈയില്‍ നിന്ന് പുറപ്പെട്ട വിമാനം 08:49 ഓടെയാണ് അപകടത്തില്‍ പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates