

ബംഗളൂരു: തമിഴ്‌നാട് ബിജെപി അധ്യക്ഷനും കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ സഹചുമതലക്കാരനുമായ കെ അണ്ണാമലൈ ഉഡുപ്പിയില്‍ ഇറങ്ങിയ ഹെലികോപ്റ്ററില്‍ വന്‍ തുക അടങ്ങിയ ബാഗ് എത്തിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിനയ് കമാര്‍. ഇക്കാര്യം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതായും കൗപ്പ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിനയ് കുമാര്‍ പറഞ്ഞു.
ഉഡുപ്പി കോണ്‍ഗ്രസ് ഭവനില്‍ പാര്‍ട്ടി പ്രകടന പത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ തീരദേശ ജില്ലകളില്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ബിജെപി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. ഇത്തവണ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും അദ്ദേഹം പറഞ്ഞു.
ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍
മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍. ബംഗലൂരുവില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഹുബ്ലി-ധാര്‍വാഡ് സെന്‍ട്രലില്‍ ഷെട്ടാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.
ജഗദീഷ് ഷെട്ടാറിന്റെ വരവ് കോണ്‍ഗ്രസിന് കൂടുതല്‍ കരുത്തും ഊര്‍ജ്ജവും നല്‍കുന്നുവെന്ന് ഖാര്‍ഗെ പറഞ്ഞു. ഒറ്റയ്ക്ക് ജയിക്കാനുള്ള കഴിവുള്ള നേതാവു മാത്രമല്ല, കൂടുതല്‍ സീറ്റുകളില്‍ പാര്‍ട്ടിക്ക് വിജയം നേടിത്തരാനുള്ള സ്വാധീനശക്തിയും ഷെട്ടാറിനുണ്ട്. ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുമ്പോഴും വിവാദങ്ങളില്ലാത്ത വ്യക്തിയാണ്. 150 സീറ്റുകളാണ് കോണ്‍ഗ്രസ് ലക്ഷ്യമിട്ടത് ഷെട്ടാറിന്റെ വരവോടെ അതിലുമേറെ സീറ്റ് ലഭിക്കുമെന്ന് ഉറപ്പായിയെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
പ്രത്യേക ഉപാധികളൊന്നുമില്ലാതെയാണ് ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ നയങ്ങളുമായി യോജിച്ചുപോകാനാകുമെന്ന് അദ്ദേഹം അറിയിച്ചു. ഷെട്ടാറിന്റെ വരവോടെ ലിംഗായത്ത് വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമാകുമെന്നും ശിവകുമാര്‍ പറഞ്ഞു.
ജഗദീഷ് ഷെട്ടാറിന് കോണ്‍ഗ്രസില്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുമെന്ന് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടകയിലെ സംശുദ്ധരായ രാഷ്ട്രീയക്കാരിലൊരാളാണ് അദ്ദേഹം. ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചപ്പോഴും തികഞ്ഞ സെക്കുലര്‍ ആയിരുന്നു. ഷെട്ടാറിനെ മോശമായാണ് ബിജെപി പരിഗണിച്ചത്. ഷെട്ടാറിനെ മാത്രമല്ല, അദ്ദേഹത്തിന്റെ സമുദായത്തെയും ബിജെപി അപമാനിച്ചു. ഷെട്ടാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ 150 ലേറെ സീറ്റ് കോണ്‍ഗ്രസിന് ഉറപ്പായെന്നും സിദ്ധരാമയ്യ പറഞ്ഞു.
ബിജെപിയില്‍ നിന്നും നേരിട്ട കടുത്ത അവഗണനയാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് കരുതിയത്. പിന്നീട് സീറ്റില്ല എന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ആരും ഇക്കാര്യം അറിയിക്കുകയോ, ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്തില്ല. മറ്റെന്തെങ്കിലും സ്ഥാനമാനങ്ങളോ വാഗ്ദാനം ചെയ്തിട്ടുമില്ല.
ബിജെപി മുഖ്യമന്ത്രി പദം അടക്കം നിരവധി പദവികള്‍ നല്‍കിയപ്പോള്‍, ബിജെപി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി കഠിനമായി പ്രവര്‍ത്തിച്ചു. അവഗണനയില്‍ മനം മടുത്താണ് ബിജെപി വിടുന്നത്. കോണ്‍ഗ്രസില്‍ ചേരുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോള്‍, ഡികെ ശിവകുമാര്‍, സിദ്ധരാമയ്യ, രണ്‍ദീപ് സുര്‍ജേവാല, എംബി പാട്ടീല്‍ തുടങ്ങിയവരെല്ലാം കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചു. പിന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നുവെന്നും ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates