

കൊല്‍ക്കത്ത: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സംഭവ നടന്ന ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിയമവിരുദ്ധ മെഡിക്കല്‍ സിന്‍ഡിക്കേറ്റും സ്ഥലംമാറ്റത്തിന് കൈക്കൂലി വാങ്ങുന്ന വന്‍ റാക്കറ്റും പ്രവര്‍ത്തിച്ചതായി സിബിഐ കണ്ടെത്തല്‍. ഈ റാക്കറ്റ് വര്‍ഷങ്ങളായി സജീവമാണെന്നും ഇത് മറ്റ് സംസ്ഥാന മെഡിക്കല്‍ കോളജുകളിലേക്കും വ്യാപിക്കുന്നതായും സിബിഐ അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ കോടിക്കണക്കിന് രൂപയുടെ മരുന്നുകള്‍ ഈ അവിഹിത ശൃംഖലയിലൂടെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളിലേക്ക് വഴിതിരിച്ചുവിട്ടതായും സിബിഐ കണ്ടെത്തി. ഈ ദുഷ്പ്രവണതകള്‍ക്കെതിരെ വിവിധ വേദികളില്‍ പ്രതിഷേധിച്ച ഇരയോടുള്ള പകയാവാം ബലാത്സംഗത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നും സിബിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
അഴിമതിയില്‍ സംസ്ഥാന സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് സൂചന. പണത്തിനുപകരം സ്ഥലംമാറ്റം നടത്തി കൊടുക്കുന്ന ഡോക്ടര്‍മാരും ഭരണകൂടവും ഉള്‍പ്പെടുന്ന റാക്കറ്റിന്റെ പങ്ക് സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തങ്ങള്‍ ആഗ്രഹിക്കുന്ന മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റിങ് കിട്ടാന്‍ ഡോക്ടര്‍മാര്‍ 20 മുതല്‍ 30 ലക്ഷം രൂപ വരെയാണ് റാക്കറ്റിന് നല്‍കിയിരുന്നത്. റാക്കറ്റ് ആവശ്യപ്പെടുന്ന പണം ഇവര്‍ കൈമാറുന്നതാണ് രീതി. ഇതെല്ലാം കൊല ചെയ്യപ്പെട്ട ഡോക്ടറെ ചൊടിപ്പിച്ച് കാണാം.ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഡോക്ടര്‍ ശക്തമായി പ്രതിഷേധിച്ചതായും സിബിഐ വൃത്തങ്ങള്‍ പറയുന്നു.
സന്ദീപ് ഘോഷ് കൂടുതല്‍ കുരുക്കിലേക്ക്
ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സംഭവം നടന്ന ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് കൂടുതല്‍ കുരുക്കിലേക്ക്. 2021 ജനുവരി മുതല്‍ ആശുപത്രിയില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി.
വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ തിങ്കളാഴ്ച സന്ദീപ് ഘോഷിനെ സിബിഐ ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി നാലാം ദിവസവും ചോദ്യം ചെയ്ത സാഹചര്യത്തിലാണ് നീക്കം.ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ എസ്ഐടി രൂപീകരിച്ചിട്ടുണ്ടെന്നും ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഐജി പ്രണവ് കുമാറിന്റെ നേതൃത്വത്തിലുള്ള എസ്ഐടിക്ക് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ഏത് പ്രസക്തമായ രേഖയും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും സ്വകാര്യ ഏജന്‍സികളില്‍ നിന്നും ആക്‌സസ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. സിബിഐ കസ്റ്റഡിയില്‍ എടുക്കുന്നത് തടയാന്‍ സന്ദീപ് ഘോഷിനെ പശ്ചിമ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് സംശയിക്കുന്നതായി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു. 'സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ എങ്ങനെയാണ് സജ്ജരായിരിക്കുന്നത്? ഇത് ഘോഷിനെ രക്ഷിക്കാനുള്ള മമത ബാനര്‍ജിയുടെ നീക്കമല്ലാതെ മറ്റൊന്നുമല്ല. സിബിഐ കസ്റ്റഡിയില്‍ എടുക്കുന്നത് തടയാന്‍ സന്ദീപ് ഘോഷിനെ കൃത്യസമയത്ത് ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്യും,'- അമിത് മാളവ്യ എക്‌സില്‍ കുറിച്ചു.
ഓഗസ്റ്റ് 11 ന് ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രി പ്രിന്‍സിപ്പല്‍ സ്ഥാനമൊഴിഞ്ഞ സന്ദീപ് ഘോഷിനെ കഴിഞ്ഞനാലുദിവസമായി മണിക്കൂറുകളോളമാണ് സിബിഐ ചോദ്യം ചെയ്തത്. ഇയാളുടെ ചില മൊഴികള്‍ കേസില്‍ ചോദ്യം ചെയ്യപ്പെടുന്ന മറ്റുള്ളവരുടേതുമായി പൊരുത്തപ്പെടുന്നില്ലെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ ആരോപിച്ചു. കോള്‍ റെക്കോര്‍ഡുകളും ഇയാളുടെ ചാറ്റ് വിവരങ്ങളും അന്വേഷിക്കുന്നുണ്ടെന്നും സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates