ദേശീയ സെൻസസ് 2027 മാർച്ച് 1 മുതൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രം ഇത്തവണ കണക്കെടുപ്പിൽ ജാതി, ഉപജാതി എന്നിവയും ഉൾപ്പെടുത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയുടെ യോഗത്തിന് ശേഷമാണ് ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് അടുത്ത സെൻസസിന്റെ ഭാഗമാക്കുമെന്ന് ഏപ്രിലിൽ കേന്ദ്രം തീരുമാനിച്ചിരുന്നു.
national census,caste census, caste enumeration
national censusപ്രതീകാത്മകചിത്രം
Updated on
2 min read

ന്യൂഡൽഹി: ജാതി സെൻസസിനൊപ്പം ദേശീയ സെൻസസ് (national census)നടത്തുന്നതിനുള്ള ഷെഡ്യൂൾ സർക്കാർ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഇത്തവണ സെൻസസ് നടത്തുക. 2027 മാർച്ച് 1 മുതൽ സെൻസസ് ആരംഭിക്കും. എന്നാൽ, ഹിമാചൽ പ്രദേശ്,ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും ലഡാക്ക്, ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശങ്ങളിലും 2026 ഒക്ടോബർ 1 നാകും സെൻസസ് പ്രവർത്തനങ്ങൾ ആരംഭിക്കുക.മഞ്ഞുകാലം പരി​ഗണിച്ചാണ് ഈ പ്രദേശങ്ങളിൽ ഒക്ടോബറിൽ സെൻസസ് നടത്തുന്നത്.

രാജ്യത്തെ ജനസംഖ്യയുടെ സമഗ്രമായ എണ്ണവും സാമൂഹിക-സാമ്പത്തിക വിശദാംശങ്ങളും ഉൾപ്പെടുത്തുന്ന സെന്‍സസിൽ ഇത്തവണ ജാതി, ഉപജാതി എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉണ്ടാകും.സെൻസസ് വേളയിൽ പൗരരോട് ചോദിക്കുന്നതിനായി രജിസ്ട്രാർ ജനറലിന്റെയും സെൻസസ് കമ്മീഷണറുടെയും ഓഫീസ് 31 ചോദ്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയുടെ യോഗത്തിന് ശേഷമാണ് ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് അടുത്ത സെൻസസിന്റെ ഭാഗമാക്കുമെന്ന് ഏപ്രിലിൽ കേന്ദ്രം തീരുമാനിച്ചിരുന്നു.

ഇന്ത്യയിൽ ആദ്യമായി സെൻസസ് ആരംഭിച്ചത് 1872 ലാണ്.സ്വാതന്ത്ര്യലബ്ധിക്കുശേഷം, 1951 മുതൽ 2011 വരെ രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് ഓരോ 10 വർഷത്തിലും നടത്തിയിരുന്നു. എന്നാൽ ഇത്തവണ ഏഴ് വർഷം വൈകിയാണ് സെൻസസ് നടത്തുന്നത്. 2011ലാണ് അവസാന സെൻസസ് നടത്തിയത്. കോവിഡ് മഹാമാരി കാരണമാണ് 2021 ലെ സെൻസസ് മാറ്റിവച്ചതെന്നായിരുന്നു ഔദ്യോ​ഗിക വിശദീകരണം. എന്നാൽ, പിന്നീടും ഇത് നടപ്പാക്കുന്നത് അനന്തമായി നീണ്ടുപോകുകയായിരുന്നു. . 1951 മുതലുള്ള എല്ലാ കാനേഷുമാരി കണക്ക് അഥവാ സെൻസസ് ഇന്ത്യൻ ഭരണഘടനയ്ക്ക് മുമ്പുള്ള 1948 ലെ സെൻസസ് ഓഫ് ഇന്ത്യ ആക്ടിന് കീഴിലാണ് നടത്തിയത്. 1948 ലെ സെൻസസ് ആക്ടിലെയും 1990 ലെ സെൻസസ് നിയമങ്ങളിലെയും വ്യവസ്ഥകൾ പ്രകാരമാണ് ഇന്ത്യയിലെ സെൻസസ് നടത്തുന്നത്.1948 ലെ സെൻസസ് ഓഫ് ഇന്ത്യ ആക്ട് ഒരു പ്രത്യേക തീയതിയിൽ സെൻസസ് നടത്താനോ അതിന്റെ ഡാറ്റ ഒരു പ്രത്യേക കാലയളവിൽ പുറത്തുവിടാനോ കേന്ദ്ര സർക്കാരിനെ ബാധ്യസ്ഥരാക്കുന്നില്ല.

"2021 ൽ നടത്താനിരിക്കുന്ന സെൻസസിന്റെ ആദ്യ ഘട്ടത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി, 2020 ഏപ്രിൽ 1 മുതൽ ചില സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും ഫീൽഡ് വർക്ക് ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, രാജ്യത്തുടനീളം COVID-19 പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനാൽ, സെൻസസ് ജോലികൾ മാറ്റിവച്ചു" എന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയകാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയുടെ യോഗത്തിന് ശേഷമാണ് ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് അടുത്ത സെൻസസിന്റെ ഭാഗമാക്കുമെന്ന് ഏപ്രിലിൽ കേന്ദ്രം തീരുമാനിച്ചത്. “സാമൂഹിക നീതിയിൽ പ്രതിജ്ഞാബദ്ധമായ മോദി സർക്കാർ ഇന്ന് ചരിത്രപരമായ ഒരു തീരുമാനം എടുത്തിരിക്കുന്നു,” ആഭ്യന്തര മന്ത്രി അമിത് ഷാ ഹിന്ദിയിലുള്ള എക്സ് പോസ്റ്റിൽ പറഞ്ഞു.

അതേസമയം ഒരു രാജ്യത്തി​ന്റെ പുരോ​ഗതിയുടെയും ഭാവിയും തീരുമാനിക്കുന്നതിന് അടിസ്ഥാനായ ഡാറ്റയാണ് സെൻസസിലൂടെ ലഭിക്കുന്നത്. അതുകൊണ്ടാണ് പത്ത് വ‍ർഷം കൂടുമ്പോൾ ഈ പ്രക്രിയ കൃത്യമായി നടത്തി വന്നിരുന്നത്. രണ്ട് പഞ്ചവത്സര പദ്ധതികളുടെ കാലമായിരുന്നു നേരത്തെ ഇതിൽ വരുന്നത്.വൈകിയാണെങ്കിലും സെൻസസ് എടുക്കുന്നതും അതിൽ ജാതി സെൻസസ് ഉൾപ്പെടുത്താൻ തീരുമാനിച്ചതും രാജ്യത്തെ ഭാവി വികസന കാഴ്ചപ്പാടുകളെ രൂപീകരിക്കാൻ സഹായകമാകുമെന്ന് സാമൂഹിക വികസന രം​ഗങ്ങളിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.

അവസാനത്തെ സെൻസസ് നടന്ന 2011 ലെ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ ആകെ ജനസംഖ്യ 121 കോടിയായിരുന്നു, ലിംഗാനുപാതം 1,000 പുരുഷന്മാർക്ക് 940 സ്ത്രീകൾ, സാക്ഷരതാ നിരക്ക് 74.04 ശതമാനം, 2001 മുതൽ 2011 വരെ ജനസംഖ്യാ വളർച്ച 17.64 ശതമാനവുമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com