മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ വൻ പ്രതിഷേധം; എംഎ ബേബിയും വൃന്ദ കാരാട്ടും അറസ്റ്റിൽ

ഡൽഹിയിൽ 11 മെട്രോ സ്റ്റേഷനുകൾ അടപ്പിച്ചു; ഇന്റർനെറ്റ് വിച്ഛേദിച്ചു
Delhi AAP President Saurabh Bhardwaj being detained by police
Delhi AAP President Saurabh Bhardwaj being detained by police PTI
Edited By:
Updated on: 
2 min read

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദേശീയ തലസ്ഥാനമായ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിപക്ഷ പാർട്ടികളുടെയും യുവജന-വിദ്യാർത്ഥി സംഘടനകളുടെയും നേതൃത്വത്തിൽ വൻ പ്രതിഷേധം. പൊലീസ് വിലക്ക് മറികടന്ന് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ വൻ സംഘർഷാവസ്ഥയാണുണ്ടായത്. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, മുതിർന്ന നേതാവ് വൃന്ദ കാരാട്ട്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എംപി, ജെയ്ക് സി. തോമസ് എന്നിവരടക്കമുള്ള പ്രമുഖ നേതാക്കളെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തുനീക്കി.

ഡൽഹി പ്രതിപക്ഷ നേതാവ് അതിഷി മർലീനയുടെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിയുടെ വിദ്യാർത്ഥി സംഘടനകളും പ്രവർത്തകരും ജന്തർ മന്തറിലേക്ക് മുദ്രാവാക്യം വിളികളുമായി ഇരച്ചെത്തി. പ്രതിഷേധത്തിൽ പങ്കെടുത്ത എഎപി നേതാക്കളായ സൗരവ് ഭരദ്വാജ്, സഞ്ജീവ് ത്സാ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അനുമതിയില്ലാതെ നടത്തിയ സമരത്തിൽ പങ്കെടുത്ത നേതാക്കളെയും പ്രവർത്തകരെയും ജന്തർ മന്തറിന് സമീപമുള്ള അശോക് റോഡിൽ വെച്ചാണ് പൊലീസ് തടഞ്ഞത്. അറസ്റ്റ് ചെയ്ത നേതാക്കളെ ഹരിയാന അതിർത്തിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റിയെന്നാണ് വിവരം. ഒരു സംഘത്തെ പൊലീസ് വാനുകളിൽ കയറ്റി മാറ്റുമ്പോഴും പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് പ്രവർത്തകർ ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധവുമായി മുന്നോട്ടുവരുന്ന കാഴ്ചയാണ് തലസ്ഥാനത്ത് കണ്ടത്.

 People stage a protest against the CEC near the Jantar Mantar,
People stage a protest against the CEC near the Jantar Mantar,KARMA

പ്രതിഷേധം വൻ തോതിൽ അക്രമാസക്തമാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്ന് ഡൽഹിയിൽ പൊലീസ് അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. മുൻകരുതലിന്റെ ഭാഗമായി ഡൽഹിയിലെ 11 മെട്രോ സ്റ്റേഷനുകൾ ഡിഎംആർസി പൂർണ്ണമായി അടപ്പിച്ചു. ജന്തർ മന്തറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലെ പ്രധാന റോഡുകൾ ഗതാഗതത്തിനായി ബാരിക്കേഡുകൾ വെച്ച് പൊലീസ് പൂർണ്ണമായി തടഞ്ഞു. കൂടാതെ മേഖലയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും ഏകോപനം തടയാനുമായി ഇന്റർനെറ്റ് കണക്ഷനും വിച്ഛേദിച്ചു. വൻ അർദ്ധസൈനിക സന്നാഹത്തെയാണ് കേന്ദ്ര സർക്കാർ തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്.

ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കുക, അദ്ദേഹത്തിനെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തുക, വിവാദമായ എസ്ഐആർ (SIR) നടപടികൾ അടിയന്തരമായി നിർത്തിവെക്കുക, തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിലുള്ള സമരങ്ങൾക്ക് പുറമെ കോക്രോച്ച് ജനത പാർട്ടിയും (സിജെപി) രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര സർക്കാർ അനുമതി നിഷേധിച്ചെങ്കിലും മുംബൈയിലെ ചരിത്രപ്രസിദ്ധമായ ശിവാജി പാർക്കിൽ തന്നെ പ്രക്ഷോഭം ആരംഭിക്കുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ പ്രഖ്യാപിച്ചു. മുംബൈയിൽ തുടങ്ങി വിവിധ നഗരങ്ങളിലൂടെ ഒക്ടോബർ അവസാനത്തോടെ ഡൽഹി ജന്തർ മന്തറിൽ സമാപിക്കുന്ന രീതിയിലാണ് അവരുടെ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. തലസ്ഥാനത്ത് ഇപ്പോഴും ആയിരക്കണക്കിന് പ്രവർത്തകർ തടിച്ചുകൂടി നിൽക്കുന്നതിനാൽ കനത്ത സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്.

Summary

High drama unfolded in central Delhi as mass protests erupted at Jantar Mantar demanding the immediate resignation of Chief Election Commissioner Gyanesh Kumar,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com