ബംഗളൂരു; കർണാടകയിൽ ക്രിസ്ത്യൻ പള്ളിക്കു നേരെ ആക്രമണം. ചിക്കബെല്ലാപുരയിലുള്ള സെൻറ് ജോസഫ് പള്ളിക്കു നേരെയാണ് ആക്രമണമുണ്ടായത്. 160 വർഷത്തിലേറെ പഴക്കമുള്ള സെൻറ് ജോസഫ് പള്ളിയിലെ സെൻറ് ആൻറണീസ് കൂടാരത്തിന്റെ ചില്ലുകൾ തകർക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധയിടങ്ങളിൽ ക്രൈസ്തവ സംഘടനകൾ പ്രതിഷേധ റാലി നടത്തി.
കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചരയോടെയാണ് ആക്രമണം ഉണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. ശബ്ദം കേട്ട് പള്ളിവികാരി പുറത്തിറങ്ങി നോക്കിയപ്പോൾ കൂടാരത്തിൻറെ ചില്ലുകൾ തകർന്ന നിലയിലാണ് കണ്ടത്. ഉടനെ പൊലീസിനെ വിവരം അറിയിച്ചു. ആരാണ് അക്രമിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. മതപരിവർത്തന നിരോധന ബില്ലിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് സംഭവം.
മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് കര്‍ണ്ണാടകയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ പലയിടത്തും ആക്രമണം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ബിജെപി സർക്കാർ മതപരിവർത്തന നിരോധന ബിൽ അവതരിപ്പിച്ചത്. മത പരിവർത്തനം നടത്തുന്നവർക്ക് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കടുത്ത വ്യവസ്ഥകളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സിദ്ധരാമയ്യ സർക്കാരാണ് മതപരിവർത്തന നിരോധന ബില്ലിന് തുടക്കം കുറിച്ചതെന്നും ഇത് നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും സഭയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ഇത്തരം കര്‍ശനമായ വ്യവസ്ഥകള്‍ അന്ന് ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും ഇപ്പോള്‍ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുകയാണെന്നും കോണ്‍ഗ്രസ് മറുപടി നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates