

ബംഗളൂരു: കോവിഡ് വ്യാപനം ചെറുക്കുന്നതിനായി മാസ്‌ക് ധരിക്കുന്നതും കൈ വൃത്തിയാക്കുന്നതും മാത്രമല്ല പ്രതിരോധം. പൊതു സ്ഥലങ്ങളില്‍ അലക്ഷ്യമായി തുപ്പുന്നതും വൈറസ് വ്യാപനത്തിന് വലിയ തോതില്‍ കാരണമാകുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുകളുണ്ടായിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമായി പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുമ്പോള്‍ പോലും പൊതുജനം ഇപ്പോഴും പൊതു സ്ഥലങ്ങളില്‍ പരസ്യമായി തന്നെ തുപ്പുന്നതാണ് കണ്ടുവരുന്നത്.
ഇപ്പോഴിതാ ഇതിനെതിരെ ശക്തമായ പ്രചാരണവുമായി എത്തുകയാണ് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) മാര്‍ഷലുകള്‍. പൊതു സ്ഥലങ്ങളില്‍ അലക്ഷ്യമായി തുപ്പുന്നത് അവസാനിപ്പിക്കൂ എന്നാണ് ഇവര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത്.
അലക്ഷ്യമായി പൊതു സ്ഥലത്ത് തുപ്പുന്നത് സാമൂഹിക വിരുദ്ധത മാത്രമല്ല, ആരോഗ്യത്തിന് വലിയ തോതില്‍ വെല്ലുവിളിയാകുന്നത് കൂടിയാണെന്ന മുന്നറിയിപ്പുമായാണ് സംഘത്തിന്റെ പ്രചാരണം. പൊതുസ്ഥലത്ത് തുപ്പുന്നത് കൊറോണ വൈറസിന്റെ വ്യാപനം മാത്രമല്ല സൃഷ്ടിക്കുന്നത്. ക്ഷയം അടക്കമുള്ള രോഗങ്ങളും നിരവധി അണുബാധകളും ഇതുമൂലം സൃഷ്ടിക്കപ്പെടുന്നതായി ബിബിഎംപി ആരോഗ്യ വിഭാഗം സ്‌പെഷ്യല്‍ കമ്മീഷണര്‍ ഡി രണ്‍ദീപ് പറയുന്നു.
നാല് ദിവസം നീണ്ടു നില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ ഇന്നലെ ആരംഭിച്ചു. ബിബിഎംപിയുടെ ഈ ശ്രമത്തിന് കെഎസ്ആര്‍ടിസി, പൊലീസ്, മറ്റ് നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും പിന്തുണയുമായി രംഗത്തുണ്ട്. പൊതുസ്ഥലത്ത് തുപ്പുന്നതിലൂടെ വലിയ തോതില്‍ രോഗം പടര്‍ത്തുന്നുണ്ടെന്ന് ജനം ഉള്‍ക്കൊള്ളമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates