ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു ചരിത്രം കുറിച്ച് മുഖ്യമന്ത്രിയായി അധികാരമേറ്റ ജോസഫ് വിജയ്, ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഭരണമാരംഭിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകുന്ന രണ്ട് സുപ്രധാന ഫയലുകളിലാണ് അദ്ദേഹം ആദ്യമായി ഒപ്പുവെച്ചത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളം പ്രത്യേക സേനയെ രൂപീകരിക്കാൻ ഉത്തരവിട്ട മുഖ്യമന്ത്രി, ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചു
അധികാര കേന്ദ്രം ഞാൻ മാത്രം
ഭരണത്തിൽ പലതരം അധികാര കേന്ദ്രങ്ങൾ ഉണ്ടാകില്ലെന്ന് വിജയ് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. "ഈ സർക്കാരിൽ ഒരേയൊരു കേന്ദ്രം മാത്രമേ ഉണ്ടാകൂ, അത് എന്റെ നേതൃത്വത്തിലുള്ള കേന്ദ്രമായിരിക്കും. ഇവിടെയും അവിടെയുമായി മറ്റ് അധികാര കേന്ദ്രങ്ങൾ ഉണ്ടാകില്ലെന്ന് ഞാൻ ഇപ്പോൾത്തന്നെ വ്യക്തമാക്കുന്നു," അദ്ദേഹം പറഞ്ഞു. കുടുംബ രാഷ്ട്രീയത്തിന്റെയോ മറ്റ് സ്വാധീനശക്തികളുടെയോ ഇടപെടൽ ഭരണത്തിലുണ്ടാകില്ലെന്ന കൃത്യമായ സൂചനയാണ് അദ്ദേഹം ഇതിലൂടെ നൽകിയത്.
രാജവംശത്തിലല്ല, ജനങ്ങൾക്കിടയിൽ ജനിച്ചവൻ
താൻ ഏതെങ്കിലും രാജകുടുംബത്തിൽ നിന്നോ വലിയ രാഷ്ട്രീയ പാരമ്പര്യത്തിൽ നിന്നോ വരുന്നവനല്ലെന്ന് വിജയ് ഓർമ്മിപ്പിച്ചു. കഠിനാധ്വാനത്തിലൂടെ സിനിമയിൽ വിജയിക്കാൻ ആഗ്രഹിച്ച ഒരു സാധാരണ അസിസ്റ്റന്റ് സിനിമാ സംവിധായകന്റെ മകനായാണ് താൻ ജനിച്ചത്. ദാരിദ്ര്യവും വിശപ്പും എന്താണെന്ന് തനിക്ക് നന്നായി അറിയാം. "ഞാൻ നിങ്ങളിൽ ഒരാളാണ്, നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമാണ്. നിങ്ങളുടെ മകനായോ സഹോദരനായോ ആണ് എനിക്ക് തോന്നുന്നത്,"
സംസ്ഥാനം കടക്കെണിയിൽ; ധവളപത്രം പുറത്തിറക്കും
മുൻ സർക്കാരിന്റെ കാലത്ത് തമിഴ്നാട് 10 ലക്ഷം കോടി രൂപയിലധികം കടബാധ്യതയിലായെന്നും ഖജനാവ് കാലിയായ അവസ്ഥയിലാണെന്നും വിജയ് കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ ഭരണത്തിൽ സുതാര്യത ഉറപ്പാക്കാൻ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് 'ധവളപത്രം' പുറത്തിറക്കും. കാര്യങ്ങൾ പഠിച്ച ശേഷം പടിപടിയായി മാത്രമേ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ കഴിയൂ എന്നും അതിനായി ജനങ്ങൾ തനിക്ക് സമയം നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
അഴിമതിക്കും ലഹരിക്കുമെതിരെ കർശന നടപടി
ജനങ്ങളുടെ പണത്തിൽ നിന്ന് ഒരു പൈസ പോലും താൻ തൊടില്ലെന്നും അഴിമതിക്ക് തന്റെ ഭരണത്തിൽ സ്ഥാനമുണ്ടാകില്ലെന്നും വിജയ് ഉറപ്പിച്ചു പറഞ്ഞു. തനിക്കൊപ്പമുള്ളവരായാൽ പോലും തെറ്റ് ചെയ്താൽ വിട്ടു വീഴ്ചയുണ്ടാകില്ല. സ്ത്രീ സുരക്ഷയ്ക്കും ലഹരി നിർമ്മാർജ്ജനത്തിനും മുൻഗണന നൽകും. ലഹരി മാഫിയയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്നത് സർക്കാരിന്റെ വലിയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസം, റേഷൻ, കുടിവെള്ളം, റോഡ് സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കുന്നതിലായിരിക്കും തന്റെ പ്രാധാന്യമെന്ന് വ്യക്തമാക്കിയ വിജയ്, തന്നെ എതിർത്തവരും പരിഹസിച്ചവരും ഉൾപ്പെടെയുള്ള 8 കോടി ജനങ്ങളും തന്റെ സ്വന്തമാണെന്ന് പ്രഖ്യാപിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.
English Summary: TVK founder Vijay, immediately after taking over as the Chief Minister on Sunday, signed papers allowing 200 units of free electricity for domestic consumers, for setting up a special force for women's safety and also for anti-drug trafficking units across the state.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates