

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പ്രസ്ഥാനമായ കോക്രോച്ച് ജനത പാര്‍ട്ടിയുടെ (സിജെപി) സ്ഥാപകന്‍ അഭിജിത് ദീപ്‌കെ ഡല്‍ഹിയിലെത്തി. ജന്തര്‍ മന്തറില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക് മുന്നോടിയായാണ് ദീപ്‌കെയുടെ വരവ്. പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ അച്ചടക്കവും സമാധാനവും പാലിക്കണമെന്ന് ദീപ്‌കെ അഭ്യര്‍ഥിച്ചു. ജന്തര്‍ മന്തറില്‍ എല്ലാവരേയും കാണാന്‍ ആകാംക്ഷയുണ്ടെന്ന് എക്‌സില്‍ കുറിച്ച ദീപ്‌കെ, പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ ഒരു പുസ്തകവും ത്രിവര്‍ണ പതാകയും കൊണ്ടുവരണമെന്നും നിര്‍ദേശിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് സിജെപി ഇന്ന് പ്രതിഷേധം നടത്തുന്നത്. നീറ്റ്, സിബിഎസ്ഇ, സിയുഇടി, എസ്എസ്‌സി ഉള്‍പ്പെടെയുള്ള പരീക്ഷകളില്‍ നടന്ന ക്രമക്കേടുകള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുത്ത് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന പ്രസ്ഥാനം ആദ്യമായാണ് പരസ്യ പ്രതിഷേധം നടത്തുന്നത്. ജന്തര്‍ മന്തറില്‍ പ്രതിഷേധം നടത്താന്‍ പൊലീസ് അനുമതി നല്‍കിയതായി സിജെപി വക്താവ് സൗരവ് ദാസ് എക്‌സ് പോസ്റ്റില്‍ അറിയിച്ചിരുന്നു.
പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച സാമൂഹ്യ പ്രവര്‍ത്തകനായ സോനം വാങ്ചുക്, ദീപ്‌കെയെ അറസ്റ്റ് ചെയ്താല്‍ താന്‍ ആറാഴ്ചത്തെ നിരാഹാര സമരം നടത്തുമെന്ന് അറിയിച്ചു. പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ സമാധാനം പാലിക്കാനും അധികൃതരുമായി സഹകരിക്കാനും വാങ്ചുക് ആഹ്വാനം ചെയ്തു. വെള്ളക്കുപ്പിയും മൊബൈല്‍ ഫോണും പോലുള്ള അത്യാവശ്യ വസ്തുക്കള്‍ മാത്രം കൈവശം വയ്ക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ആയുധങ്ങളോ സംശയാസ്പദമായ വസ്തുക്കളോ കൈവശം വച്ചിരിക്കുന്നവരെ കണ്ടാല്‍ ഉടന്‍ പൊലീസിനെ അറിയിക്കണമെന്നും വാങ്ചുക് പറഞ്ഞു.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം, സംസ്ഥാന അതിര്‍ത്തി, സുരക്ഷാ പ്രാധാന്യമുള്ള മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ അധിക പൊലീസിനെ വിന്യസിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി 1,000ലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് രാജ്യ തലസ്ഥാനത്ത് വിന്യസിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates