

ജയ്പൂര്‍: കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയ്ക്ക് നേരെ ആക്രമണം. ജയ്പൂരില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് ചിലര്‍ അഭിജീതിനെ മര്‍ദിച്ചു. അക്രമികള്‍ തുടര്‍ച്ചയായി മുഖത്തടിക്കുകയായിരുന്നു. ആക്രമിച്ചത് ഭീരുക്കളെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും അഭിജീത് വ്യക്തമാക്കി. എക്‌സിലൂടെയായിരുന്നു അഭിജീതിന്റെ പ്രതികരണം.
നീറ്റ് പരീക്ഷ ഉള്‍പ്പെടെയുള്ള ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും വിദ്യാഭ്യാസ രംഗത്തെ മറ്റ് അപാകതകളിലും പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഒരാഴ്ചയ്ക്കകം രാജി വെച്ചില്ലെങ്കില്‍ രാജ്യവ്യാപകമായി സമാനമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജൂണ്‍ 6ന് ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെ കോക്രോച്ച് ജനതാ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച ചോദ്യപേപ്പര്‍ ചോര്‍ച്ച, വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെ ജയ്പൂരിലെ ഷഹീദ് സ്മാരകത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ദീപ്‌കെയെ അനുയായികള്‍ തോളിലേറ്റി നടക്കുമ്പോള്‍ ഒരാള്‍ അദ്ദേഹത്തിന്റെ കഴുത്തില്‍ കിടന്ന തുണിയില്‍ പിടിച്ച് താഴേക്ക് വലിക്കുന്നത് വീഡിയോയില്‍ കാണാം.
തുടര്‍ന്ന് അയാളും മറ്റൊരാളും ചേര്‍ന്ന് സിജെപി സ്ഥാപകനെ തുടര്‍ച്ചയായി മുഖത്തടിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പിന്നീട് ദീപ്‌കെയുടെ അനുയായികള്‍ ഇവരെ മാറ്റിനിര്‍ത്തി മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ആറ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അവരെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
'സിജെപി ഇതിലൊന്നും ഭയപ്പെടില്ല, സമാധാനപരമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകും. ശാരീരിക ആക്രമണങ്ങള്‍ ഭയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമാണ്. ഞങ്ങള്‍ സമാധാനപരമായി ശബ്ദം ഉയര്‍ത്തുന്നത് തുടരും. ഞാന്‍ ഗാന്ധിയുടെയും അംബേദ്കറുടെയും അനുയായിയാണ്, സമാധാനത്തോടെയും സ്‌നേഹത്തോടെയും ഞാന്‍ ഈ പോരാട്ടം തുടരും. ' - അഭിജീത് ദീപ്‌കെ എക്‌സില്‍ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates