

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിരാട് കോഹ്‌ലിക്ക് (Virat Kohli ) എതിരെ പരാതി. ബംഗളൂരു കബണ്‍പാര്‍ക്ക് പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തകനായ എച്ച് എം വെങ്കിടേഷ് ആണ് പരാതിക്കാരന്‍.
'ഐപിഎല്ലിലൂടെ ചൂതാട്ടം' പ്രോത്സാഹിപ്പിക്കുന്നു, ദുരന്തത്തിന് കാരണമാകും വിധം ജനക്കൂട്ടം സൃഷ്ടിച്ചെന്നുമുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഒരു കായിക ഇനമല്ല, മറിച്ച് ക്രിക്കറ്റ് കളിയെ മലിനമാക്കിയ ഒരു ചൂതാട്ടമാണ്. ഇത്തരം ചൂതാട്ടത്തില്‍ പങ്കെടുക്കുകയും ആളുകളെ ഒരു പ്രത്യേക സ്ഥലത്ത് ഒത്തുകൂടാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ബംഗളൂരുവിലെ ദുരന്തത്തിന് കാരണമായവരില്‍ ഏറ്റവും പ്രമുഖനാണ് വിരാട് കോഹ്ലി. അതിനാല്‍, വിരാട് കോഹ്ലിയെയും അദ്ദേഹത്തിന്റെ ടീം അംഗങ്ങളെയും ഈ ദുരന്തത്തിന്റെ എഫ്ഐആറില്‍ പ്രതികളാക്കി നടപടിയെടുക്കണം എന്നാണ് പരാതിയുടെ ഉള്ളടക്കം. ബംഗളൂരു ദുരന്തവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായ കേസിന്റെ കീഴില്‍ ഈ പരാതിയും പരിഗണിക്കുമെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു.
അതേസമയം, ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തെ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ച സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ആഭ്യന്തരമന്ത്രി ജി. പരമേശ്വര എന്നിവര്‍ക്കെതിരെ ബിജെപി പരാതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കര്‍ണാടക ബിജെപി ജനറല്‍ സെക്രട്ടറി പി രാജീവാണ് പരാതിക്കാരന്‍. ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ട ദുരന്തത്തിലേക്ക് നയിച്ച സംഭവത്തില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി സിദ്ധരാമയ്യയും രണ്ടാം പ്രതി ഡി.കെ. ശിവകുമാറുമാണ്. ആര്‍സിബി വിജയത്തില്‍ നിന്ന് ഇരുവരും രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ശ്രമം നടത്തി. അധികാരം ദുരുപയോഗം ചെയ്തു. ഇതാണ് മരണങ്ങള്‍ സംഭവിക്കും വിധത്തലുള്ള ദുരന്തത്തിലേക്ക് നയിച്ചത്. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ ആണ് ജി പരമേശ്വരയ്ക്ക് എതിരെ പരാതി നല്‍കിയത്. അദ്ദേഹത്തിന്റെ അശ്രദ്ധ സംഭവിച്ചു. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ പരാജയപ്പെട്ടെന്നും പി രാജീവ് ആരോപിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
