

ന്യൂഡല്‍ഹി: വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക പരിപാടികളിലും വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ചു. 1937ല്‍ പാസാക്കിയ പാര്‍ട്ടി പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ആഘോഷങ്ങള്‍ക്കിടെ വന്ദേമാതരം പാടുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിച്ചുവെന്നാരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ, വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിക്കാത്തതിനെതിരെയും ബിജെപി കടുത്ത വിമര്‍ശനങ്ങളുയര്‍ത്തി.
ബിജെപിയുടെ ആരോപണങ്ങളെ രാഷ്ട്രീയ പ്രേരിതമെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മഹാത്മഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും സര്‍ദാര്‍ പട്ടേലുമടക്കമുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ പിന്തുടര്‍ന്ന കീഴ്വഴക്കമാണ് തങ്ങളും പിന്തുടരുന്നതെന്ന് വ്യക്തമാക്കി. രവീന്ദ്രനാഥ ടാഗോര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് അന്ന് രണ്ട് ഖണ്ഡികകള്‍ മാത്രം പാടാന്‍ തീരുമാനിച്ചതെന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.
കോണ്‍ഗ്രസിന്റെ തീരുമാനത്തെ അങ്ങേയറ്റം അപലപനീയമെന്ന് വിശേഷിപ്പിച്ച ബിജെപി, കോണ്‍ഗ്രസ് പുതിയ 'മുസ്ലിം ലീഗ്' ആയി മാറിയെന്ന് പരിഹസിച്ചു. വന്ദേമാതരം ദേശീയ ഗാനത്തിന് തുല്യമായ നിയമപരിരക്ഷയുള്ള ഗാനമാണെന്നും, പാര്‍ട്ടി സ്വന്തം പ്രമേയത്തിന് രാജ്യത്തെ നിയമത്തേക്കാള്‍ മുന്‍ഗണന നല്‍കുന്നത് ദേശസ്‌നേഹത്തെ ചോദ്യം ചെയ്യുന്നതാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates