

പറ്റ്‌ന : കോണ്‍ഗ്രസ് രക്തം കുടിക്കുന്ന കുളയട്ടയാണെന്നും, ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തിന് പിന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും ബിജെപി നേതാവ്. ബിഹാര്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് സഞ്ജയ് ജയ്‌സ്വാളാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നത്. രക്തം ലഭിച്ചില്ലെങ്കില്‍ അസ്വസ്ഥനാകുന്ന കുളയട്ടയെപ്പോലെയാണ് കോണ്‍ഗ്രസ്. കര്‍ഷകരെ സമരത്തിന് ഇളക്കി വിട്ടതിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും ജയ്‌സ്വാള്‍ ആരോപിച്ചു.
താങ്ങുവിലയുടെ പേരില്‍ കര്‍ഷകരെ സമരത്തിന് പ്രേരിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ഇതേ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍, തങ്ങള്‍ അധികാരത്തിലെത്തിയാല്‍ താങ്ങുവില എടുത്തുകളയുമെന്ന് പ്രഖ്യാപിച്ചത്. പ്രകടനപത്രികയിലെ 17-ാം പേജില്‍ ഇക്കാര്യം പറയുന്നുണ്ട്. അതേ കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ കര്‍ഷക സമരത്തെ പിന്തുണച്ച് കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തു വന്നിരിക്കുന്നു.
ഡല്‍ഹി അതിര്‍ത്തിയില്‍ നിരവധി കര്‍ഷകരാണ് സമരത്തിലിരിക്കുന്നത്. അവരെല്ലാം സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തിലുള്ളവരാണ്. ഇവര്‍ക്കു പിന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. താങ്ങുവില നിലനിര്‍ത്തുമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആവര്‍ത്തിച്ചു പറയുന്നു. സര്‍ക്കാരിന്റെ ലക്ഷ്യം കാര്‍ഷികരംഗത്തെ ഇടത്തട്ടുകാരെ ഒഴിവാക്കലാണ്.
രാജ്യത്തിന് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. എന്നാല്‍ വ്യാജ ഗാന്ധി കുടുംബവും ലാലു പ്രസാദിന്റെ കുടുംബവും എന്‍ഡിഎ അധികാരത്തില്‍ ഇരിക്കുന്നത് ദഹിക്കുന്നില്ല. അവര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണെന്നും സഞ്ജയ് ജയ്‌സ്വാള്‍ പറഞ്ഞു.
കര്‍ഷകസമരത്തിന് പിന്നിലിരുന്ന് ചരടു വലിക്കുന്ന പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും മുന്നറിയിപ്പ് നല്‍കുകയാണ്. രാജ്യത്തിനെതിരെ യാതൊരുവിധ ഗൂഢാലോചനയും അനുവദിക്കില്ല. രാജ്യത്തെ രക്ഷിക്കാന്‍ ചാണക്യ തന്ത്രം അനുസരിച്ച് സാമ, ദാമ, ദണ്ഡ, ഭേദ മുറകള്‍ പ്രയോഗിക്കേണ്ടി വരുമെന്ന് ബിജെപി നേതാവ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates