'ബിജെപിയുടെ സൂപ്പര്‍ വക്താവാകുന്നു'; തരൂരിനെതിരെ കോണ്‍ഗ്രസ് നേതാവ്

ബിജെപി നേതാക്കള്‍ പുകഴ്ത്തുന്നതിനേക്കാള്‍ ശക്തമായിട്ടാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ മോദിയേയും കേന്ദ്ര സര്‍ക്കാരിയേയും വാഴ്ത്തുന്നതെന്നും ഉദിത് രാജ്
 Shashi Tharoor
ഉദിത് രാജ് - ശശി തരൂര്‍ ( Shashi Tharoor)Social Media
Updated on
1 min read

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂർ വിശദീകരണവുമായി വിദേശ സന്ദര്‍ശനം നടത്തുന്ന പാര്‍ലമെന്റ് അംഗങ്ങളുടെ പ്രതിനിധി സംഘത്തലവനായ ശശി തരൂരിനെതിരെ (Shashi Tharoor) കോണ്‍ഗ്രസില്‍ അതൃപ്തി മറനീക്കി പുറത്തുവരുന്നു. വിദേശ സന്ദര്‍ശനം നടത്തുന്ന ശശി തരൂരിന്റെ പരാമര്‍ശങ്ങളില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് രംഗത്തെത്തി. ശശി തരൂര്‍ ബിജെപിയുടെ സൂപ്പര്‍ വക്താവായി മാറി എന്ന നിലയിലാണ് ഉദിത് രാജിന്റെ പ്രതികരണം. ബിജെപി നേതാക്കള്‍ മോദിയേയും കേന്ദ്ര സര്‍ക്കാരിയേയും പുകഴ്ത്തുന്നതിനേക്കാള്‍ ശക്തമായിട്ടാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വാഴ്ത്തുന്നതെന്നും ഉദിത് രാജ് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

ഭീകരാക്രമണങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്ന തിരിച്ചടികള്‍ ചൂണ്ടിക്കാട്ടിയായുള്ള തരൂരിന്റെ പരാമര്‍ശമാണ് ഉദിത് രാജിന്റെ വിമര്‍ശനത്തിന് അധാരം. ഇന്ത്യയ്ക്ക് എതിരെ ആക്രമണം നടത്തിയാല്‍ അതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് സമീപ വര്‍ഷങ്ങളിലെ സംഭവങ്ങള്‍ തെളിയിക്കുന്നു എന്നായിരുന്നു തരൂരിന്റെ നിലപാട്. 'സമീപ വര്‍ഷങ്ങളില്‍ വന്ന മാറ്റം എന്തെന്നാല്‍, ഭീകരര്‍ക്കും വലിയ വിലനല്‍കേണ്ടിവരുമെന്ന് മനസ്സിലായി എന്നതാണ്, അതില്‍ സംശയമില്ല', എന്നായിരുന്നു പാനമയിലെ ഇന്ത്യന്‍ എംബസിയില്‍ തരൂര്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍.

എന്നാല്‍, ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്റെ ക്രെഡിറ്റ് കേന്ദ്ര സര്‍ക്കാര്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ് എന്നും ഉദിത് രാജ് ആരോപിച്ചു. ഭീകരാക്രമണങ്ങളെ നേരിടുന്നതില്‍ മുന്‍ സര്‍ക്കാരുകള്‍ എന്തായിരുന്നു ചെയ്തിരുന്നതെന്ന് തരൂരിന് ബോധ്യമുണ്ടോ? കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത് ഇന്ത്യന്‍ സായുധ സേന നടത്തിയ നീക്കങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കുകയാണ്. ബിജെപിയുടെ പബ്ലിസിറ്റി സ്റ്റണ്ടുകളുടെ വക്താവായി ശശി തരൂര്‍ മാറിയിരിക്കുന്നു. ബിജെപി നേതാക്കള്‍ പറയാത്തതുപോലും പ്രധാനമന്ത്രി മോദിക്കും സര്‍ക്കാരിനും വേണ്ടി ശശി തരൂര്‍ സംസാരിക്കുകയാണ്' എന്നും ഉദിത് രാജ് ആരോപിച്ചു.

ഉറി മുതല്‍ ഓപ്പറേഷൻ സിന്ദൂ‍‍‍‌ർ വരെ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ നടപടികളെ തരൂ‍ർ പുകഴ്ത്തിയത്. 'ഉറി ഭീകരാക്രമണത്തിന് പിന്നാലെ ഭീകര താവളത്തില്‍ ഇന്ത്യ നടത്തിയ ആക്രമണം നിയന്ത്രണരേഖ മറികടന്നായിരുന്നു. കാര്‍ഗില്‍ യുദ്ധസമയത്തുപോലും രാജ്യം നിയന്ത്രണ രേഖ കടന്നിട്ടില്ല, 2019 ജനുവരിയില്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തിന് നിയന്ത്രണരേഖ മാത്രമല്ല അന്താരാഷ്ട്ര അതിര്‍ത്തിയും ഭേദിച്ച് ബാലാകോട്ടില്‍ ഇന്ത്യ ആക്രമണം നടത്തി. ഓപ്പറേഷന്‍ സിന്ദൂരിലൂടെ നിയന്ത്രണരേഖയും അന്താരാഷ്ട്ര അതിര്‍ത്തിയും മറികടന്ന് പാകിസ്ഥാനിലെ പഞ്ചാബി ഹൃദയഭൂമിയില്‍ ഒമ്പത് സ്ഥലങ്ങളിലെ ഭീകര താവളങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍, ഭീകര ആസ്ഥാനങ്ങള്‍ എന്നിവയ്ക്കുനേരെ ആക്രമണം നടത്തി' എന്നായിരുന്നു പാനമയില്‍ തരൂര്‍ നടത്തിയ പരാമര്‍ശം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com