

ബംഗളൂരു: നഗരത്തിരക്കിലൂടെ അമിത വേഗതയില്‍ പാഞ്ഞ ആംബുലന്‍സ് ഇടിച്ച് തെറിപ്പിച്ച് ബംഗളൂരുവില്‍ ദമ്പതികള്‍കള്‍ക്ക് ദാരുണാന്ത്യം. വില്‍സണ്‍ ഗാര്‍ഡനിലെ തിരക്കേറിയ കെഎച്ച് ജംഗ്ഷനില്‍ ശനിയാഴ്ച രാത്രിയാണ് ആംബുലന്‍ അപകടം ഉണ്ടാക്കിയത്. രണ്ട് സ്‌കൂട്ടറുകള്‍ ഇടിച്ച് തെറിപ്പിക്കുയും നിരവധി വാഹനങ്ങളില്‍ ഉരസുകയും ചെയ്ത ആംബുലന്‍സ് ഒടുവില്‍ ഫുട്പാത്തിലെ ട്രാഫിക് സിഗ്‌നല്‍ ഓപ്പറേറ്റര്‍ ബോക്‌സ് ഇടിച്ച് തകര്‍ത്ത ശേഷമാണ് നിന്നത്.
സംഭവത്തില്‍ സ്‌കൂട്ടര്‍ യാത്രികരായ ഇസ്മായില്‍ നാഥന്‍ ദബാപു (40), ഭാര്യ സമീന ബാനു (33) എന്നിവരാണ് മരിച്ചത്. രണ്ടാമത്തെ സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന മുഹമ്മദ് റയാന്‍ (29) മുഹമ്മദ് സിദ്ദിഖ് (32) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശാന്തിനഗര്‍ ഭാഗത്തുനിന്ന് ലാല്‍ബാഗിലേക്ക് അതിവേഗത്തില്‍ പോകുകയായിരുന്ന ഫോഴ്സ് ടെമ്പോ ട്രാവലര്‍ ആംബുലന്‍സ് ആണ് അപകടങ്ങള്‍ക്ക് കാരണമായത്.
അമിത വേഗതയില്‍ എത്തിയ ആംബുലന്‍സ് ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറിലായിരുന്നു ആദ്യം ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആദ്യം ദബാപുവും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സമീന ബാനു ഞായറാഴ്ച പുലര്‍ച്ചെയും മരിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട ആംബുലന്‍സിന്റെ ഡ്രൈവറെ പൊലീസ് പിന്നീട് പിടികൂടി. ഇയാള്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം വില്‍സണ്‍ ഗാര്‍ഡന്‍ ട്രാഫിക് പോലീസ് കേസെടുത്തു.
'ആംബുലന്‍സ് ഡ്രൈവറുടെ അമിതവേഗതയും അശ്രദ്ധയുമാണ്' അപകടത്തിന്റെ കാരണം എന്നാണ് പൊലീസ് നിലപാട്. അപകടത്തിന് പിന്നാലെ ജനക്കൂട്ടം ആംബുലന്‍സ് തള്ളിമറിച്ചിടുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates