ന്യൂഡല്‍ഹി: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ വിജയം കൃത്രിമങ്ങള്‍ നടത്തി സ്വന്തമാക്കിയതെന്ന് സിപിഎം. സംസ്ഥാനത്തെ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തിയും വന്‍തോതില്‍ പണം വിനിയോഗിച്ചും ആണ് എന്‍ഡിഎ തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ധ്രുവീകരണ വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തിയെന്നും സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആരോപിച്ചു.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ വിജയം മഹാസഖ്യത്തിന് തിരിച്ചടിയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നയിച്ച വിഷയങ്ങള്‍ പ്രതിരോധിക്കാന്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങളെ ഉപയോഗിച്ചെന്നും സിപിഎം ആരോപിച്ചു. ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ ഐക്യത്തോടെ ശ്രമിക്കണം എന്നും സിപിഎം ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി വിശദമായി പരിശോധിക്കുമെന്നും സിപിഎം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.
തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്കും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വോട്ട് ചെയ്ത ബിഹാറിലെ ജനങ്ങള്‍ക്ക് സിപിഎം പൊളിറ്റ് ബ്യൂറോ നന്ദി അറിയിച്ചു. അടിച്ചമര്‍ത്തപ്പെട്ടവരുടെയും ചൂഷിതരുടെയും അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് തുടരുമെന്നും പോളിറ്റ് ബ്യൂറോ അറിയിച്ചു.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികളും വലിയ തിരിച്ചടിയാണ് നേരിട്ടത്. സംസ്ഥാനരാഷ്ട്രീയത്തിലെ പാര്‍ട്ടികളുടെ നിലനില്‍പ്പ് തന്നെ ചോദ്യംചെയ്യുന്നതാണ് ജനവിധിയെന്നാണ് വിലയിരുത്തല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates