

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ അണ്ണാ ഡിഎംകെ ( AIADMK ) പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം. പാര്‍ട്ടി അധ്യക്ഷന്‍ എടപ്പാടി കെ പളനിസ്വാമി, എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് മുതിര്‍ന്ന നേതാവ് സി വി ഷണ്‍മുഖത്തിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം എം എല്‍ എമാരും മുന്‍ മന്ത്രിമാരും ആവശ്യപ്പെട്ടു.
എടപ്പാടി ജനറല്‍ സെക്രട്ടറി പദം ഒഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടി പിളരാനുള്ള സാധ്യത നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പളനിസ്വാമിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി നേരിടുന്ന നാലാമത്തെ തെരഞ്ഞെടുപ്പ് പരാജയമാണിത്. 234 സീറ്റുകളില്‍ വെറും 47 സീറ്റുകള്‍ മാത്രമാണ് ഇത്തവണ പാര്‍ട്ടിക്ക് നേടാനായത്. ഇനിയും എടപ്പാടിയുടെ നേതൃത്വം അംഗീകരിക്കാനാവില്ലെന്ന് ഷണ്‍മുഖത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗം പറയുന്നു.
തുടര്‍ച്ചയായ പരാജയം മൂലം പ്രവര്‍ത്തകരുടെ മനോവീര്യം നഷ്ടപ്പെട്ടതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ വിജയ്യുടെ ടിവികെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനാണ് ഷണ്‍മുഖം വിഭാഗം താല്‍പ്പര്യപ്പെടുന്നത്. ഷണ്‍മുഖത്തിന്റെ നേതൃത്വത്തില്‍ 30 എംഎല്‍എമാര്‍ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് എടപ്പാടി പളനിസ്വാമി നടത്തിയ നീക്കങ്ങളാണ് പിളര്‍പ്പ് ഒഴിവാക്കിയത്.
ഇതിനിടെ, ചിരവൈരികളായ ഡിഎംകെയും അണ്ണാ ഡിഎംകെയും സഹകരിച്ച് സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യതകളും ചര്‍ച്ചയായിരുന്നു. ഡിഎംകെയുടെ പുറത്തു നിന്നുള്ള പിന്തുണ സ്വീകരിച്ച് എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുക എന്ന നിര്‍ദേശമാണ് ഉയര്‍ന്നത്. എന്നാല്‍ പിന്നീട് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. വീണ്ടും അധികാരമൊന്നുമില്ലാതെ പ്രതിപക്ഷത്തായതോടെയാണ്, എഐഎഡിഎംകെയില്‍ നേതൃത്വത്തിനെതിരെ കലഹം ശക്തമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates