മുന്‍ ബോക്‌സര്‍, ചരിത്രം തിരുത്തിക്കുറിച്ച എംഎല്‍എ; അറിയാം ബംഗാള്‍ പ്രതിപക്ഷ നേതാവ് ശോഭന്‍ദേബിനെക്കുറിച്ച്

ബലിഗഞ്ച് നിയമസഭ മണ്ഡലത്തില്‍ നിന്നും 61, 476 വോട്ടുകള്‍ക്കാണ് ശോഭന്‍ ദേബിന്റെ വിജയം
Sobhandeb Chattopadhyay
Sobhandeb Chattopadhyayx
Updated on
2 min read

കൊല്‍ക്കത്ത: ബോക്‌സിങ് റിങ്ങിലെ മെയ് വഴക്കത്തോടെ ബംഗാള്‍ നിയമസഭയില്‍ പ്രതിപക്ഷത്തെ നയിക്കുക എന്ന ചുമതലയാണ് അപ്രതീക്ഷിതമായി ശോഭന്‍ദേബ് ചതോപാധ്യായ എന്ന സീനിയര്‍ നേതാവിനെ തേടിയെത്തിയിരിക്കുന്നത്. ബംഗാളിലെ മുഖ്യപ്രതിപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിനേതാവാണ് 82 കാരനായ ശോഭന്‍ ദേബ്. മമതയുടെ അപ്രതീക്ഷിത തോല്‍വിയാണ് പുതിയ നേതാവിനെ കണ്ടെത്തേണ്ട അവസ്ഥയിലെത്തിച്ചത്.

Sobhandeb Chattopadhyay
'നോര്‍ത്ത് ഈസ്റ്റ് അമിത് ഷാ', കോണ്‍ഗ്രസ് മുക്തമാക്കിയ 'രാഷ്ട്രീയ ചാണക്യന്‍'; ചരിത്ര നേട്ടമായി രണ്ടാംതവണയും അസം മുഖ്യമന്ത്രി

ചരിത്രം കുറിച്ചാണ് ഇത്തവണ ശോഭന്‍ദേബ് ബംഗാള്‍ നിയമസഭയിലേക്കെത്തുന്നത്. തുടര്‍ച്ചയായി പത്താം തവണ നിയമസഭാംഗം എന്ന പശ്ചിമബംഗാളിലെ റെക്കോര്‍ഡാണ് ശോഭന്‍ സ്വന്തം പേരില്‍ കുറിച്ചത്. ബലിഗഞ്ച് നിയമസഭ മണ്ഡലത്തില്‍ നിന്നും 61, 476 വോട്ടുകള്‍ക്കാണ് ശോഭന്‍ ദേബിന്റെ വിജയം.

Sobhandeb Chattopadhyay
Sobhandeb Chattopadhyayx

ആരാണ് ശോഭന്‍ ദേബ് ചതോപാധ്യായ

മമതാ ബാനര്‍ജിയുടെ വിശ്വസ്തനായ ശോഭന്‍ ദേബ് ചതോപാധ്യായ, 1998 ല്‍ രൂപീകരിച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളാണ്. 1944 ലാണ് ശോഭന്‍ദേബിന്റെ ജനനം. യൗവനകാലത്ത് ബോക്‌സറായി പരിശീലനം നേടിയിട്ടുണ്ട്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ്, കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ജീവനക്കാരനായിരുന്നു. അക്കാലത്ത് കൊല്‍ക്കത്ത മേയറായിരുന്ന സുബ്രത മുഖര്‍ജിയുമായുള്ള ഏറ്റുമുട്ടലുകളിലൂടെ ശ്രദ്ധേയനായിരുന്നു.

തൊഴിലാളി സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ശോഭന്‍ദേബ്, നിലവില്‍ കൊല്‍ക്കത്ത ഓട്ടോറിക്ഷ ഓപ്പറേറ്റേഴ്സ് യൂണിയന്‍ പ്രസിഡന്റാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ (TMC) തൊഴിലാളി വിഭാഗമായ INTTUC സ്ഥാപിച്ചത് ശോഭന്‍ദേബാണ്. കോണ്‍ഗ്രസിലൂടെയാണ് ശോഭന്‍ദേബ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1991-ലും 1996-ലും ബരുയിപൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസില്‍ (TMC) ചേര്‍ന്നതിനുശേഷം റാഷ്ബിഹാരി, ഭബാനിപൂര്‍, ഖര്‍ദഹ, ബലിഗഞ്ച് തുടങ്ങിയ മണ്ഡലങ്ങളില്‍ നിന്ന് അദ്ദേഹം വിജയം തുടര്‍ന്നു.

പാര്‍ട്ടി രൂപീകരണത്തിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ എംഎല്‍എ കൂടിയാണ് ശോഭന്‍ദേബ്. മമത ബാനര്‍ജിയുമായി അടുത്ത ബന്ധമുണ്ടായിരുന്നിട്ടും പലവട്ടം ശോഭന്‍ദേബ് പാര്‍ട്ടിയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു. 2011-ല്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ ശോഭന്‍ദേബിനെ നിയമസഭ ചീഫ് വിപ്പായിട്ടാണ് നിയമിച്ചത്. തൃണമൂല്‍ നേതാവായ അരൂപ് ബിശ്വാസിന് ലഭിച്ചതിനേക്കാള്‍ പ്രാധാന്യം കുറഞ്ഞ പദവിയാണ് തനിക്ക് ലഭിച്ചതെന്നത് ശോഭന്‍ദേബിനെ ചൊടിപ്പിച്ചു. പിന്നീട് മന്ത്രിസഭയില്‍ ഊര്‍ജം, കൃഷി, പാര്‍ലമെന്ററി കാര്യങ്ങള്‍ തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ നല്‍കിയാണ് മമത അനുനയിപ്പിച്ചത്.

Sobhandeb Chattopadhyay
Sobhandeb Chattopadhyay
Sobhandeb Chattopadhyay
മമതയില്ല, ബംഗാള്‍ നിയമസഭയില്‍ തൃണമൂലിനെ ശോഭന്‍ദേബ് നയിക്കും

പിന്നീടും അരൂപ് ബിശ്വാസുമായി ശോഭന്‍ദേബ് പലതവണ ഇടഞ്ഞിരുന്നു. അരൂപ് ബിശ്വാസിന്റെയും സഹോദരന്റെയും പ്രവര്‍ത്തനങ്ങളെ 'ഗുണ്ടാരാജ്' എന്നാണ് അദ്ദേഹം വിമര്‍ശിച്ചത്. 2021-ല്‍ മമത ബാനര്‍ജിക്ക് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഭബാനിപൂര്‍ സീറ്റ് രാജിവെച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവുകളിലൊന്ന്. പിന്നീട് ഖര്‍ദഹയില്‍ നിന്ന് മത്സരിച്ച ശോഭന്‍ദേബ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ആയിരക്കണക്കിന് യുവാക്കളില്‍ നിന്ന് പണം തട്ടിയെന്നാരോപിച്ച് ചില തൃണമൂല്‍ നേതാക്കള്‍ക്കെതിരെയുള്ള വ്യാജ തൊഴില്‍ തട്ടിപ്പ് വെളിപ്പെടുത്തിയതും ശോഭന്‍ദേബാണ്.

Summary

Ex-Boxer, Sobhandeb Chattopadhyay Now Bengal's Opposition Leader

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com