

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ വീണ്ടും മാറ്റി കേന്ദ്രസര്‍ക്കാര്‍. കമ്പനികാര്യ മന്ത്രാലയ സെക്രട്ടറിയായിരുന്ന ദീപ്തി ഗൗര്‍ മുഖര്‍ജിയെ ആണ് പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. കഴിഞ്ഞ മാസം 23 ന് നിയമിച്ച നരേഷ് പാല്‍ ഗാംഗ് വാറിനെയാണ് മാറ്റിയത്.
പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ രാജ്യവ്യാപകപ്രക്ഷോഭം ശക്തമായതോടെയാണ്, ജൂലൈ 23 ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായ വിനീത് ജോഷിയെ മാറ്റി, നരേഷ് പാല്‍ ഗാംഗ് വാറിനെ നിയമിച്ചത്. നരേഷിനെ നിയമിച്ച് 17 ദിവസത്തിനുശേഷമാണ് വീണ്ടും മാറ്റം വരുത്താന്‍ കാബിനറ്റ് നിയമന സമിതി തീരുമാനിച്ചത്. 1993 ബാച്ച് മധ്യപ്രദേശ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയാണ് പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായ ദീപ്തി ഗൗര്‍ മുഖര്‍ജി.
യുവജനകാര്യ വകുപ്പ് സെക്രട്ടറി പല്ലവി ജെയിന്‍ ഗോവില്‍ ആണ് പുതിയ കമ്പനികാര്യ സെക്രട്ടറി. 1994 ബാച്ച് രാജസ്ഥാന്‍ കേഡര്‍ ഐഎഎസ് ഓഫീസറായ നരേഷ് പാല്‍ ഗാംഗ് വാറിന് പകരം നിയമനം നല്‍കിയിട്ടില്ല. നേരത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും മാറ്റിയ വിനീത് ജോഷിയെ പഞ്ചായത്തീരാജ് വകുപ്പ് സെക്രട്ടറിയായി നിയമിച്ചിരുന്നു.
നേരത്തെ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയത്തിലെ മൃഗസംരക്ഷണം-ക്ഷീരവികസന വകുപ്പ് സെക്രട്ടറിയായിരുന്നു നരേഷ് പാൽ ഗാംഗ് വാർ. എന്നാൽ, ഗംഗ്വാറിന്റെ കുടുംബാംഗങ്ങൾക്ക് ദേശീയ ഹോർട്ടികൾച്ചർ ബോർഡ് പദ്ധതി വഴി 1.16 കോടിയോളം രൂപയുടെ സർക്കാർ സബ്സിഡി ലഭിച്ചെന്ന മാധ്യമറിപ്പോർട്ടുകൾ പുറത്തുവന്നതോടെ നിയമനത്തിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates