

ന്യൂഡല്‍ഹി: ദീപാവലിക്ക് മുമ്പുതന്നെ രൂക്ഷമായ വായുമലിനീകരണത്തിന്റെ പിടിയിലായി ഡല്‍ഹിയും ദേശീയ തലസ്ഥാന മേഖലയായ എന്‍സിആറും. വായുഗുണനിലവാരം അപകടകരമായ നിലയിലേക്ക് താഴ്ന്നതോടെ ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പങ്കുവച്ച് എയിംസ് മുന്‍ ഡയറക്ടറും പ്രമുഖ ശ്വാസകോശ രോഗ വിദഗ്ധനുമായ ഡോ. രണ്‍ദീപ് ഗുലേറിയ രംഗത്തെത്തി. ഡല്‍ഹിയിലെ നിലവിലെ വായുമലിനീകരണത്തെ 'നിശ്ശബ്ദ പകര്‍ച്ചവ്യാധി' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
വായുമലിനീകരണത്തെ തുടര്‍ന്ന് ആശുപത്രികളിലെ ഒപി വിഭാഗങ്ങളിലും അത്യാഹിത വിഭാഗങ്ങളിലും ശ്വാസതടസ്സവുമായി എത്തുന്ന രോഗികളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനയുണ്ടായതായി ഡോ. ഗുലേറിയ പറഞ്ഞു. ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ, ഹൃദ്രോഗം തുടങ്ങിയവയുള്ളവരില്‍ ശ്വാസതടസ്സവും നെഞ്ചിലെ അസ്വസ്ഥതയും കൂടുകയാണ്. എന്നാല്‍ നേരത്തെ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്തവരിലും തൊണ്ടയിലെ അസ്വസ്ഥത, ചുമ, ശ്വാസംമുട്ടല്‍, ശ്വാസം പുറത്തുവിടുമ്പോഴുള്ള വിസില്‍ ശബ്ദം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.
വായുമലിനീകരണം ശ്വാസനാളങ്ങളെ ബാധിക്കുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു. കുട്ടികളും പ്രായമായവരുമാണ് കൂടുതല്‍ അപകടസാധ്യത നേരിടുന്നത്. ദീര്‍ഘകാലം മലിനവായു ശ്വസിക്കുന്നത് ശ്വാസകോശ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഇന്ത്യയിലും വിദേശത്തും നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പുകവലിക്കാത്തവരിലും ഈ അപകടസാധ്യത നിലനില്‍ക്കുന്നുണ്ട്. സൂക്ഷ്മകണങ്ങള്‍ ശ്വാസകോശത്തിലെ കോശങ്ങളില്‍ മാറ്റങ്ങള്‍ക്കും ജനിതകതലത്തിലുള്ള തകരാറുകള്‍ക്കും കാരണമാകാമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
വായുമലിനീകരണം ഹൃദയാഘാതത്തിനും കാരണമാകാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വായുവിലെ പിഎം 2.5 സൂക്ഷ്മകണങ്ങള്‍ ശ്വാസകോശത്തില്‍നിന്ന് രക്തത്തിലേക്ക് കടക്കുകയും രക്തക്കുഴലുകളില്‍ വീക്കം സൃഷ്ടിക്കുകയും ചെയ്യാം. ഇത് ഹൃദയസംബന്ധമായ ഗുരുതര പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
നേരത്തെ എയിംസും ഡല്‍ഹിയിലെ മറ്റ് ആശുപത്രികളും നടത്തിയ പഠനങ്ങള്‍ പ്രകാരം വായുഗുണനിലവാരം മോശമാകുമ്പോള്‍ നാല് മുതല്‍ ആറ് ദിവസത്തിനുള്ളില്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായി അത്യാഹിത വിഭാഗത്തിലെത്തുന്നവരുടെ എണ്ണം പെട്ടെന്ന് വര്‍ധിക്കുന്നുണ്ട്. ഇവരില്‍ പലര്‍ക്കും ആശുപത്രിയില്‍ പ്രവേശനം ആവശ്യമായി വരികയും ചിലര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടേണ്ടിവരികയും ചെയ്യുന്നുണ്ട്.
ഡല്‍ഹിയില്‍ ഗ്രാപ് 3 നിയന്ത്രണങ്ങള്‍
വായുമലിനീകരണം രൂക്ഷമായതോടെ ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (GRAP) മൂന്നാം ഘട്ട നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സാധാരണയായി വായു ഗുണനിലവാര സൂചിക 400 കടന്ന് ഗുരുതര വിഭാഗത്തിലെത്തുമ്പോഴാണ് ഗ്രാപ് 3 നടപ്പാക്കാറുള്ളത്. എന്നാല്‍ നവംബര്‍ ആറിന് എക്യുഐ 382 ആയിരിക്കെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് മുന്‍കരുതലായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു. ദീപാവലിക്ക് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് നടപടി.
പ്രധാന നിയന്ത്രണങ്ങള്‍
അത്യാവശ്യമല്ലാത്ത നിര്‍മാണ, പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ വിലക്ക്.
ഡല്‍ഹിയിലും സമീപ ജില്ലകളിലും ബിഎസ് 3 പെട്രോള്‍, ബിഎസ് 4 ഡീസല്‍ കാറുകള്‍ക്ക് നിയന്ത്രണം.
മണല്‍, സിമന്റ് തുടങ്ങിയ നിര്‍മാണ സാമഗ്രികളുടെ ഗതാഗതത്തിന് വിലക്ക്.
ശുദ്ധ ഇന്ധനം ഉപയോഗിക്കാത്ത കല്ല് ക്രഷറുകള്‍, ഖനന പ്രവര്‍ത്തനങ്ങള്‍, ഹോട്ട് മിക്‌സ് പ്ലാന്റുകള്‍ എന്നിവ അടച്ചിടും.
അടിയന്തര, അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള ഡീസല്‍ ജനറേറ്ററുകളുടെ ഉപയോഗത്തിന് വിലക്ക്.
ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്ന അന്തര്‍സംസ്ഥാന ഡീസല്‍ ബസുകള്‍ക്ക് നിയന്ത്രണം.
സ്വകാര്യ സ്ഥാപനങ്ങളോട് വര്‍ക്ക് ഫ്രം ഹോം അല്ലെങ്കില്‍ ഹൈബ്രിഡ് ജോലി രീതി നടപ്പാക്കാന്‍ നിര്‍ദേശം.
അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates