

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ഉഗ്ര സ്ഫോടനത്തിനു പിന്നിൽ പാകിസ്ഥാൻ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദാണെന്നു സൂചനകൾ. സ്ഫോടനം പുൽവാമ ഭീകരാക്രമണവുമായി സാമ്യമുള്ളതാണെന്നു പ്രഥാമിക തെളിവുകൾ നൽകുന്ന സൂചന. ഏതാണ്ട് മൂന്ന് മാസത്തെ ഇടവേളകളിൽ നടത്തിയ പഹൽഗാം ആക്രമണത്തിനു സമാനമായി മറ്റൊരു ആക്രമണം നടത്താൻ ജെയ്ഷെ മുഹമ്മദ് വീണ്ടും ശ്രമിച്ചിരിക്കാമെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
സ്ഫോടനത്തിൽ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. ചാന്ദ്നിചൗക് പൊലീസാണ് കേസെടുത്തത്.
സ്ഫോടനത്തിനു മണിക്കൂറുകൾക്കു മുൻപാണ് ജമ്മു കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നായി തീവ്രവാദ ശൃംഖലയിലെ മൂന്ന് ഡോക്ടർമാരടക്കം എട്ട് പേർ അറസ്റ്റിലായത്. ഇതും ഭീകരാക്രമണമെന്ന സംശയം ശക്തമാക്കുന്നു. അറസ്റ്റിലായവരിൽ നിന്നു 2900 കിലോ സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതിൽ 360 ഗ്രാം ആർഡിഎക്സുമുണ്ട്. ജെയ്ഷെ മുഹമ്മദ്, അൻസാർഘസ് വാത് ഉൽഹിന്ദ് എന്നീ തീവ്രവാദ സംഘടനകളിലെ പ്രവർത്തകരാണ് പിടിയിലായത്.
ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിൽ വച്ചാണ് യോഗം ചേരുന്നത്.
വൈകീട്ട് ഏറെ തിരക്കുള്ള സമയമാണ് സ്ഫോടനത്തിനായി തിരഞ്ഞെടുത്തത്. അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ചെങ്കോട്ടയും ഡൽഹി ജുമാമസ്ജിദും സന്ദർശിക്കാനെത്തുന്നവരുടെ തിരക്കനുഭവപ്പെടുന്നത് വൈകീട്ടായതിനാൽ ഈ സമയം നോക്കി ആസൂത്രിതമായി നടത്തിയ സ്ഫോടനമെന്നാണ് പൊലീസ് നിഗമനം. ചാന്ദ്നി ചൗക് മാർക്കറ്റും ഇവർ ലക്ഷ്യമിട്ടിരുന്നതായും ട്രാഫിക്ക് സിഗ്നലിൽ കാർ പെട്ടതോടെ മാർക്കറ്റിനു സമീപത്തേക്ക് കാർ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടെന്നും പൊലീസ് പറയുന്നു.
30 സെക്കൻഡുകളോളം നീണ്ട ഉഗ്ര സ്ഫോടനമാണുണ്ടായത്. പൊട്ടിത്തെറിയുടെ പ്രകമ്പനം രണ്ടര കിലോമീറ്റർ ദൂരെ വരെ കേട്ടതായി ദൃക്സാക്ഷികൾ വ്യക്തമാക്കിയിരുന്നു. തീയണയ്ക്കാൻ അര മണിക്കൂറിലേറെ സമയം വേണ്ടിവന്നതായി അഗ്നിശമന സേന വ്യക്തമാക്കി.
പൊട്ടിത്തെറിയ്ക്കിരയാക്കിയ കാർ ഹരിയാന രജിസ്ട്രേഷൻ ഹ്യുണ്ടായ് ഐ20യാണ്. കാർ ഡൽഹിയിൽ പലയിടങ്ങളിലായി ചുറ്റിക്കറങ്ങിയെന്നു കണ്ടെത്തിയിട്ടുണ്ട്. നടന്നത് ചാവേർ ബോംബാക്രമണമാണെന്ന നിഗമനത്തിലാണ്. ഭീകരാക്രമണമെന്ന സാധ്യത തള്ളിക്കളയാതെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
സ്ഫോടനം നടന്ന കാറിൽ മൂന്ന് പേരുണ്ടായിരുന്നുവെന്നാണ് നിഗമനം. കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിങ് ഗ്രൗണ്ടിൽ നിന്നു കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മാസ്ക് ധരിച്ചയാൾ കാർ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വാഹനത്തിന്റെ മുൻ സീറ്റിൽ ആരുമുണ്ടായിരുന്നില്ല. കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്ന് മണിക്കൂറോളം നിർത്തിയിട്ടു.
സ്ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. നൂറോളം സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates