

കൊല്‍ക്കത്ത: വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച 11 സ്ത്രീരത്‌നങ്ങള്‍ക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിക്കുന്ന ദേവി അവാര്‍ഡിന്റെ 39-ാം പതിപ്പിലാണ് സ്ത്രീരത്‌നങ്ങള്‍ക്ക് അവാര്‍ഡ് സമ്മാനിച്ചത്. 2019, 2022, 2023, 2024 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തങ്ങളുടെ തൊഴിലിലും സമൂഹത്തിലും ക്രിയാത്മകമായി സ്വാധീനം ചെലുത്തിയതിനും നല്‍കിയ സംഭാവനകളെയും മാനിച്ചാണ് ഇവരെ ആദരിച്ചത്.
സ്വന്തം മേഖലകളില്‍ വിജയം നേടിയ സ്ത്രീകള്‍ സമൂഹത്തിന് നല്‍കിയ സംഭാവനകളെ അംഗീകരിക്കുന്നതിനായി 2014ലാണ് ദേവി അവാര്‍ഡ് ആരംഭിച്ചത്. മുംബൈ, ഡല്‍ഹി, കൊച്ചി, ലഖ്നൗ, ബംഗളൂരു, ഭുവനേശ്വര്‍, ചെന്നൈ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച ശേഷമാണ് കൊല്‍ക്കത്തയില്‍ നിന്നും കിഴക്കന്‍ ഇന്ത്യയില്‍ നിന്നും നേട്ടം കൈവരിച്ച വനിതകളെ ആദരിക്കുന്നതിനായി ദേവി അവാര്‍ഡ് ഈ വര്‍ഷം കൊല്‍ക്കത്തയിലേക്ക് തിരിച്ചുവന്നത്.
ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന അലോക ഗുഹ, നാടകപ്രവര്‍ത്തക സോഹിനി സെന്‍ഗുപ്ത, നടി കോയല്‍ മല്ലിക്, തുണിത്തര പുനരുജ്ജീവന പ്രവര്‍ത്തക ദര്‍ശന്‍ ഷാ, റഗ്ബി കളിക്കാരി സന്ധ്യ റായ്, സംരംഭക ബൈശാഖി ഘോഷ്, എഴുത്തുകാരി ദിപന്‍വിത റോയ്, ശവസംസ്‌കാര ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ച് വാര്‍ത്തയില്‍ ഇടംനേടിയ തുമ്പ ദാസ്, കലാകാരി പൗള സെന്‍ഗുപ്ത, നര്‍ത്തകി ഡോ. തങ്കമണി കുട്ടി, ചണം പുനരുജ്ജീവന പ്രവര്‍ത്തക ഡോ. ചൈതാലി ദാസ് എന്നിവര്‍ക്കാണ് ഈ വര്‍ഷം അവാര്‍ഡ് ലഭിച്ചത്.
'സ്ത്രീകളിലെ നേട്ടങ്ങള്‍ നമ്മുടെ സമൂഹത്തില്‍ മാറ്റത്തിന് പ്രചോദനമായിട്ടുണ്ട്. ഇത് ആഘോഷിക്കാന്‍ കൊല്‍ക്കത്തയേക്കാള്‍ മികച്ച മറ്റൊരു സ്ഥലം മറ്റെവിടെയാണ്? കലയ്ക്കും ആശയങ്ങള്‍ക്കും പുരോഗമന ചിന്തയ്ക്കും വേണ്ടി എപ്പോഴും നിലകൊണ്ട ഒരു നഗരം അസാധാരണ സ്ത്രീകള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഒരു സായാഹ്നത്തിന് അനുയോജ്യമായ പശ്ചാത്തലമാണ്.'- ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് സിഇഒ ലക്ഷ്മി മേനോന്‍ പറഞ്ഞു.
'ദേവി അവാര്‍ഡുകള്‍ എല്ലായ്‌പ്പോഴും പോരാടുന്ന സ്ത്രീകളെ ആഘോഷിക്കുന്നതിനാണ് നിലകൊള്ളുന്നത്. എന്നാല്‍ നമ്മുടെ ചുറ്റുമുള്ള ലോകത്തെ ശക്തമായി രൂപപ്പെടുത്തുന്നു. നയിക്കുന്ന, നവീകരിക്കുന്ന, വളര്‍ത്തുന്ന, ഏറ്റവും പ്രധാനമായി, മറ്റുള്ളവരെ ഉയര്‍ത്തുന്ന സ്ത്രീകള്‍. ഓരോ അവാര്‍ഡ് ജേതാവും നിശ്ചയദാര്‍ഢ്യത്തിന്റെയും ലക്ഷ്യത്തിന്റെയും ഒരു കഥ രൂപകല്‍പ്പന ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്,'- ലക്ഷ്മി മേനോന്‍ ചൂണ്ടിക്കാട്ടി.
ഈ വര്‍ഷത്തെ പരിപാടിയില്‍ മുഖ്യാതിഥിയായി മുതിര്‍ന്ന നടനും പത്മശ്രീ അവാര്‍ഡ് ജേതാവുമായ പ്രൊസെന്‍ജിത് ചാറ്റര്‍ജി പങ്കെടുത്തു. 'ഇന്ന് ഇവിടെ എത്തിയതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി ദേവി അവാര്‍ഡ് ഇവിടെ നടക്കുന്നുണ്ട്, ഇത് രാജ്യമെമ്പാടും നടക്കുന്ന 39-ാമത് എഡിഷനാണ്. സ്വന്തം രീതിയില്‍ സമൂഹത്തിന് ധാരാളം സംഭാവനകള്‍ നല്‍കിയ ദേവിമാര്‍ക്ക് അവാര്‍ഡ് കൈമാറാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ അഭിമാനമുണ്ട്. വളരെ നന്ദി,'- അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ കാവേരി ബംസായി ഷോ മോഡറേറ്ററായിരുന്നു.
അദാനി ഗ്രൂപ്പ് ആണ് ദേവി അവാര്‍ഡ് കൊല്‍ക്കത്ത 2026 ന്റെ അവതരണ പങ്കാളി. വോള്‍വോയാണ് ലക്ഷ്വറി മൊബിലിറ്റി പാര്‍ട്ണര്‍. നാഷണല്‍ ജൂട്ട് ബോര്‍ഡ് ആണ് സില്‍വര്‍ പാര്‍ട്ണര്‍. പിയര്‍ലെസ് ഹോട്ടലുകളും റിസോര്‍ട്ടുകളും ജെഎം ഫിനാന്‍ഷ്യലും ആയിരുന്നു ദേവി അവാര്‍ഡിന്റെ അസോസിയേറ്റ് പാര്‍ട്‌ണേഴ്‌സ്. റാഡിക്കോ ഖൈതാന്‍ ആയിരുന്നു സെലിബ്രേഷന്‍ പാര്‍ട്ണര്‍. രാജ്കുതിര്‍ കൊല്‍ക്കത്ത-ഐഎച്ച്‌സിഎല്‍ സെലക്റ്റിഷന്‍സ് ആണ് ഹോസ്പിറ്റാലിറ്റി പാര്‍ട്ണര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates