

ബംഗളൂരു: കര്‍ണാടക പിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചന നല്‍കി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. എന്നാല്‍ താന്‍ പാര്‍ട്ടി നേതൃനിരയില്‍ തുടരുമെന്നും അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി. അഞ്ചര വര്‍ഷത്തിലേറെയായി താന്‍ സംസ്ഥാന അധ്യക്ഷനാണെന്നും മറ്റുള്ളവര്‍ക്ക് അവസരം നല്‍കണമെന്നും ശിവകുമാര്‍ പറഞ്ഞു. 'എല്ലാകാലത്തേക്കും ഈ പദവിയില്‍ തുടരാന്‍ എനിക്ക് കഴിയില്ല. ഈ പദവിയില്‍ എത്തിയിട്ട് മാര്‍ച്ചില്‍ ആറുവര്‍ഷമാകും. എല്ലാവര്‍ക്കും അവസരം നല്‍കണം. ഞാന്‍ മുന്‍നിരയില്‍ തന്നെയുണ്ടാകും ' ശിവകുമാര്‍ പറഞ്ഞു.
2020 മെയ് മാസത്തില്‍ കര്‍ണാടക പിസിസി അധ്യക്ഷനായി ഡികെ ശിവകുമാര്‍ നിയമിതനായത്. 2023 മെയ് മാസത്തില്‍ ഉപമുഖ്യമന്ത്രിയായപ്പോള്‍ സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു, എന്നാല്‍ എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും രാഹുല്‍ ഗാന്ധിയുടെയും അഭ്യര്‍ഥന മാനിക്കുകയായിരുന്നെന്നും ശിവകുമാര്‍ പറഞ്ഞു.
അതേസമയം പ്രത്യാശയോടെ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരണമെന്നും ശിവകുമാര്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. 'ഞാന്‍ എവിടെയാണെന്നത് പ്രധാനമല്ല. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. പ്രതീക്ഷ കൈവിടരുത്. നമ്മളെല്ലാവരും പ്രതീക്ഷയോടെ പ്രവര്‍ത്തിക്കണം. എന്നാല്‍ അത് നേടാന്‍ നമ്മള്‍ കഠിനാധ്വാനം ചെയ്യണം'- ശിവകുമാര്‍ പറഞ്ഞു.
താന്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുകയില്ല. പ്രസിഡന്റ് പദവിയില്‍ ആര്‍ക്കും സ്ഥിരമായി തുടരാന്‍ കഴിയില്ല. ഓരോരുത്തരും അവരുടെ ഭരണകാലത്ത് സാധ്യമായത് ചെയ്യണം. പാര്‍ട്ടി തുടരാന്‍ ആവശ്യപ്പെടുന്നതുവരെ പാര്‍ട്ടി അധ്യക്ഷനായി തുടരും. ഗാന്ധി കുടുംബത്തിനും കോണ്‍ഗ്രസ് അധ്യക്ഷനും എന്നെ ആവശ്യമുള്ളിടത്തോളം കാലം ഞാന്‍ പ്രവര്‍ത്തിക്കും,' ശിവകുമാര്‍ പറഞ്ഞു.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ശിവകുമാറും തമ്മില്‍ അധികാരം പങ്കുവെക്കലിനെക്കുറിച്ചുള്ള കിംവദന്തികള്‍ തുടരുന്നതിനിടെയാണ് ഡികെയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. സിദ്ധരാമയ്യ അധികാരക്കസരേയില്‍ രണ്ടരവര്‍ഷം പിന്നിടുമ്പോള്‍ നേതൃനിരയിലെ മാറ്റം ചില സൂചനകള്‍ നല്‍കുന്നുവെന്നാണ് ചിലര്‍ പറയുന്നത്. പിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കുന്നത് ഗുണകരമാകില്ലെന്നും ഒരുവിഭാഗം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates