ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്ക് എതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ സൈനിക പദ്ധതിക്ക് എതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തുവന്നിരിക്കുന്നത്.
'പ്രധാനമന്ത്രി, രാജ്യത്തെ തൊഴില്‍ രഹിതരായ യുവാക്കളുടെ ശബ്ദം കേള്‍ക്കൂ. അവരുടെ ക്ഷമയില്‍ അഗ്നിപരീക്ഷ നടത്തുരത്.'- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
കേന്ദ്ര നീക്കത്തിന് എതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തുവന്നിട്ടുണ്ട്. 'റാങ്കും പെന്‍ഷനുമില്ല. രണ്ടുവര്‍ഷത്തേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റില്ല. നാലു വര്‍ഷത്തിന് ശേഷം സുസ്ഥിരമായ ഭാവിയില്ല. സൈന്യത്തോട് സര്‍ക്കാരിന് ബഹുമാനമില്ല.'-പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
പുതിയ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതി എന്താണ് യുവാക്കള്‍ക്ക് നല്‍കുന്നത്? നാലു വര്‍ഷത്തിന് ശേഷം തൊഴില്‍ സുരക്ഷയില്ല. പന്‍ഷനില്ല. നരേന്ദ്ര മോദി യുവാക്കളുടെ സ്വപ്‌നങ്ങള്‍ ഇല്ലാതാക്കരുത്'- പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
അതേസമയം, പുതിയ സൈനിക റിക്രൂട്ട്‌മെന്റ് നയത്തിന് എതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാവുകയാണ്. നിര്‍ദ്ദിഷ്ട പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിഹാറില്‍ സമര രംഗത്തുള്ള ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെടുത്തി. സമരക്കാര്‍ ട്രെയിന് തീയിട്ടു.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസിന് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടി വന്നു. നവാഡയില്‍ പ്രതിഷേധക്കാര്‍ റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് തീവെച്ചു. ജഹാനാബാദിലും വിദ്യാര്‍ത്ഥികള്‍ അടക്കം നൂറുകണക്കിന് പേരാണ് പദ്ധതിക്കെതിരെ പ്രതിഷേധവുമായി തെരുവികളിലിറങ്ങിയത്. റെയില്‍ റോഡ് ഗതാഗതം തടഞ്ഞ സമരക്കാര്‍ റോഡില്‍ ടയറുകള്‍ക്ക് തീയിടുകയും ചെയ്തു.
ചപ്രയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയ സമരക്കാര്‍ ബസ് തല്ലിത്തകര്‍ത്തു. ബുക്‌സര്‍ റെയില്‍വേ സ്‌റ്റേഷനിലേക്കെത്തിയ പ്രതിഷേധക്കാര്‍ റെയില്‍വേ സ്‌റ്റേഷന്‍ ഓഫീസ് കല്ലെറിഞ്ഞ് തകര്‍ത്തു. റെയില്‍വേ ട്രാക്കുകള്‍ക്കും കേടുപാട് വരുത്തി. ആരാ റെയില്‍വേ സ്‌റ്റേഷനു നേര്‍ക്കും കല്ലേറും ആക്രമണവും ഉണ്ടായി. ബിഹാറിന് പുറമേ, രാജസ്ഥാനിലും യുപിയിലും അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം രൂക്ഷമാണ്.
ജോലി സുരക്ഷ, പെന്‍ഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ ആശങ്ക ഉന്നയിച്ചാണ് ബിഹാറില്‍ ഉദ്യോഗാര്‍ത്ഥികള്‍ സമരരംഗത്തുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ ബിജെപി എംപി വരുണ്‍ ഗാന്ധി വിമര്‍ശനവുമായി രംഗത്തുവന്നു.
ഒരു സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്കാണ് തെരഞ്ഞെടുക്കപ്പെടുന്നത്, പിന്നെ എന്തിനാണ് യുവാക്കള്‍ക്ക് രാജ്യത്തെ സേവിക്കാന്‍ നാല് വര്‍ഷം നല്‍കുന്നത്. പുതിയ പദ്ധതിയെപ്പറ്റി യുവാക്കളുടെ മനസ്സില്‍ നിരവധി സംശയങ്ങളും ചോദ്യങ്ങളുമുണ്ട്. അത് ദുരീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും വരുണ്‍ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates