

ഹൈദരാബാദ്:പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റം നിലനില്‍ക്കുമോ എന്നതില്‍ സംശയമുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചത്.
പുഷ്പയുടെ പ്രിമിയർ ദിവസം അപ്രതീക്ഷിതമായി അല്ലുവും സംഘവും തിയറ്ററിലെത്തിയത് വലിയ ക്രമസമാധാന പ്രശ്നമുണ്ടാക്കിയെന്നും അതാണ് അപകടകാരണമെന്നുമായിരുന്നു സർക്കാർ അഭിഭാഷകൻ വാദിച്ചത്. അതേസമയം, ബോധപൂർവം ആരെയും ഉപദ്രവിക്കാൻ അല്ലു ഉദ്ദേശിച്ചില്ലെന്നും തിക്കും തിരക്കും നിയന്ത്രിക്കേണ്ടിയിരുന്നത് പൊലീസാസാണെന്നും അല്ലു ഇതിനൊന്നും ഉത്തരവാദിയല്ലെന്നും അല്ലു അര്‍ജുന്‍റെ അഭിഭാഷകര്‍ വാദിച്ചു. യുവതിയുടെ മരണത്തില്‍ തനിക്ക് നേരിട്ട് ബന്ധമില്ലെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് അല്ലു അര്‍ജുന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഡിസംബര്‍ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തെത്തുടര്‍ന്നാണ് അറസ്റ്റ്.
പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ടാണ് യുവതി മരിക്കുന്നത്. നടന്റെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി ചിക്കട്പള്ളി പൊലീസ് ആണ് നടനെ അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിത 105 (കുറ്റകരമായ നരഹത്യ), 118 -1 മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അല്ലു അര്‍ജുന്‍, സുരക്ഷാ ജീവനക്കാര്‍, തീയറ്റര്‍ മാനേജ്‌മെന്റ് എന്നിവര്‍ക്കെതിരെ തെലങ്കാന പൊലീസ് കേസെടുത്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവ. മജിസ്‌ട്രേറ്റ് ജാമ്യം നിഷേധിക്കുന്ന പക്ഷം അല്ലു അര്‍ജുനെ റിമാന്‍ഡ് ചെയ്യും. ഇതു കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്.
ഹൈദരാബാദ് സ്വദേശിയായ രേവതി (39) എന്ന സ്ത്രീയാണ് മരിച്ചത്. ഇവരുടെ 9 വയസുകാരനായ മകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ രേവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ നടന് പുറമേ സന്ധ്യ തിയറ്റര്‍ മാനേജ്മെന്റ്, നടന്റെ സുരക്ഷാ സംഘം എന്നിവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചത്.
ഷോ കാണാന്‍ നായകനായ അല്ലു അര്‍ജുന്‍ എത്തുമെന്നു വിവരം ലഭിച്ചതോടെ തിയേറ്റര്‍ പരിസരത്തേക്ക് ജനക്കൂട്ടം ഒഴുകിയെത്തി. തിരക്കേറിയതോടെ ആളുകള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. അതിനിടയില്‍പ്പെട്ടാണ് സ്ത്രീ മരിച്ചത്. ഒരു കുട്ടിയടക്കം രണ്ട് പേര്‍ ബോധംകെട്ടു വീണു. ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.
അല്ലു അര്‍ജുന്റെ സെക്യൂരിറ്റി ടീം വരുത്തിയ വീഴ്ചയാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത് എന്നാണ് ഹൈദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡിസിപി അന്ന് പറഞ്ഞത്. അല്ലു അര്‍ജുന്‍ സിനിമയുടെ പ്രീമിയറിന് എത്തുമെന്ന് തിയറ്റര്‍ മാനേജ്‌മെന്റിന് അറിയാമായിരുന്നെങ്കിലും ഈ വിവരം പൊലീസിനെ അറിയിച്ചത് അവസാന നിമിഷം മാത്രമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
രാത്രി 9.30 ഓടെയാണ് താരവും കുടുംബവും തിയറ്ററില്‍ എത്തിയത്. തുറന്ന ജീപ്പില്‍ താരത്തെ കണ്ടതോടെ ആളുകള്‍ തിക്കിത്തിരക്കി എത്തുകയായിരുന്നു. ഇങ്ങനെ എത്തിയ ആളുകളെ താരത്തിന്റെ സെക്യൂരിറ്റി ടീം മര്‍ദിക്കുകയും ഇത് തിക്കിനും തിരക്കിനും കാരണമാവുകയുമായിരുന്നു. തുടര്‍ന്നാണ് പൊലീസിന് ലാത്തിച്ചാര്‍ജ് പ്രയോഗിക്കേണ്ടിവന്നത് എന്നാണ് പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates