ടാറ്റയും അദാനിയും ഇനി മിസൈലും ബോംബും നിര്‍മ്മിക്കും? ആയുധ ഉത്പാദനത്തിന് സ്വകാര്യ കമ്പനികള്‍ക്ക് അവസരം നല്‍കാന്‍ ഡിആര്‍ഡിഒ

പ്രതിരോധ ഇറക്കുമതി കുറയ്ക്കാനും തദ്ദേശീയമായി ആയുധങ്ങള്‍ വന്‍തോതില്‍ നിര്‍മ്മിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
defense project
DRDO invites Indian defence firms to be its partner for development, production of strategic weaponAI Generated Image
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി, ആണവായുധ ശേഷിയുള്ളവ ഉള്‍പ്പെടെ തന്ത്രപ്രധാന മിസൈലുകളുടെയും ബോംബുകളുടെയും നിര്‍മ്മാണത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് അവസരം നല്‍കാന്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡിആര്‍ഡിഒയുടെ 'മിസൈല്‍സ് ആന്‍ഡ് സ്ട്രാറ്റജിക് സിസ്റ്റംസ്' (എംഎസ്എം) വിഭാഗം താത്പര്യപത്രം ക്ഷണിച്ചു.

ഡെവലപ്മെന്റ്-കം-പ്രൊഡക്ഷന്‍ പാര്‍ട്ണര്‍ എന്ന മാതൃകയിലായിരിക്കും പ്രവര്‍ത്തനം. ഇതിലൂടെ ഡിആര്‍ഡിഒ സാങ്കേതികവിദ്യയും രൂപകല്‍പ്പനയും നല്‍കും. സ്വകാര്യ പങ്കാളികള്‍ പ്രോട്ടോടൈപ്പ് നിര്‍മ്മാണം, പരീക്ഷണം, കൂട്ടിച്ചേര്‍ക്കല്‍, തുടര്‍ന്ന് വന്‍തോതിലുള്ള ഉത്പാദനം എന്നിവ നിര്‍വ്വഹിക്കും. അഗ്‌നി, പൃഥ്വി, ആകാശ് മിസൈലുകള്‍, പിനാക മള്‍ട്ടി-ബാരല്‍ റോക്കറ്റ് ലോഞ്ചര്‍ എന്നിവയ്ക്ക് പുറമെ, ഭാവിയിലെ ആണവായുധ സംവിധാനങ്ങള്‍, അന്തര്‍വാഹിനിയില്‍ നിന്ന് തൊടുക്കാവുന്ന മിസൈലുകള്‍, ഹൈപ്പര്‍സോണിക് മിസൈലുകള്‍ എന്നിവയുടെ നിര്‍മ്മാണവും സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കും. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി, പ്രതിരോധ ഇറക്കുമതി കുറയ്ക്കാനും തദ്ദേശീയമായി ആയുധങ്ങള്‍ വന്‍തോതില്‍ നിര്‍മ്മിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ സ്വകാര്യ കമ്പനികള്‍ കര്‍ശന സാങ്കേതിക-സാമ്പത്തിക മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്: പ്രതിരോധ ഉത്പാദനത്തിനുള്ള വ്യവസായ ലൈസന്‍സും, സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള പെസോ ലൈസന്‍സും ഉണ്ടായിരിക്കണം. കുറഞ്ഞത് 100 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവ് ഉണ്ടായിരിക്കണം. കൂടാതെ 34 കോടി രൂപയില്‍ അധികം ആസ്തിയും കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ലാഭത്തില്‍ പ്രവര്‍ത്തിച്ചതിന്റെ രേഖകളും വേണം. വന്‍തോതിലുള്ള ഉത്പാദനത്തിനുള്ള (50 മുതല്‍ 100 വരെ യൂണിറ്റുകള്‍) അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക മികവും, കേന്ദ്ര സര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള ശേഷിയും കമ്പനികള്‍ക്കുണ്ടായിരിക്കണം.

ഓരോ പദ്ധതിക്കും കുറഞ്ഞത് രണ്ട് കമ്പനികളെ വീതം തെരഞ്ഞെടുക്കാനാണ് ഡിആര്‍ഡിഒ ലക്ഷ്യമിടുന്നത്. അപേക്ഷകരുടെ പ്രവൃത്തി പരിചയവും പ്രോജക്റ്റ് മാനേജ്മെന്റ് ശേഷിയും വിലയിരുത്തിയ ശേഷം, ഡിആര്‍ഡിഒയിലെ വിദഗ്ധ സമിതി കമ്പനികളുടെ സൗകര്യങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങളും സാങ്കേതിക മികവും പരിശോധിക്കും.

നിലവില്‍ ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (ബിഡിഎല്‍), ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളാണ് ഇത്തരം ആയുധങ്ങള്‍ നിര്‍മ്മിക്കുന്നത്. ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ്, സോളാര്‍ ഇന്‍ഡസ്ട്രീസ് (സോളാര്‍ ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേസ്), അദാനി ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേസ് തുടങ്ങിയ പ്രമുഖ സ്വകാര്യ കമ്പനികള്‍ ഈ മേഖലയില്‍ സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന കമ്പനികള്‍ക്ക് ആയുധങ്ങളുടെ ആയുഷ്‌കാലയളവില്‍ അപ്ഗ്രേഡുകളും ലോജിസ്റ്റിക് പിന്തുണയും നല്‍കാനും അവസരം ലഭിക്കും.

defense project
യുദ്ധവിമാന എന്‍ജിന്‍ നിര്‍മ്മിക്കാന്‍ റിലയന്‍സ്; റോള്‍സ് റോയ്‌സുമായി കൈകോര്‍ക്കും
defense project
പ്രതിരോധ രഹസ്യങ്ങൾ ചോർന്നു?; ഡിആർഡിഒ ഡാറ്റ ഡാർക്ക് വെബിൽ വിൽപ്പനയ്ക്കെന്ന് കണ്ടെത്തൽ
defense project
ജന്തര്‍മന്തറിലെ പൊലീസ് അതിക്രമം; ഉന്നതാധികാര സമിതി രൂപികരിച്ച് സുപ്രീം കോടതി; ജസ്റ്റിസ് സുഭാഷ് റെഡ്ഡി അധ്യക്ഷന്‍
Summary

DRDO invites Indian defence firms to be its partner for development, production of strategic weapon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com